ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി: യാത്രക്കാരെ തിരിച്ചിറക്കി

Wednesday 29 May 2024 12:39 AM IST

ന്യൂഡൽഹി: ബോംബ് ഭീഷണിയെ തുടർന്ന് ഡൽഹിയിൽ നിന്ന് വാരാണസിയിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ നിന്നുള്ള യാത്രക്കാരെ ഒഴിപ്പിച്ചു. പരിശോധനയിൽ സംശയാസ്‌പദമായി ഒന്നും കണ്ടെത്തിയില്ലെങ്കിലും അന്വേഷണം തുടരുകയാണ്.

കൂടുതൽ പരിശോധനയ്ക്കായി വിമാനം വിമാനത്താവളത്തിലെ ഐസൊലേഷൻ ബേയിലേക്ക് മാറ്റി.

ഡൽഹി ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന്

ഇന്നലെ പുല‌ർച്ചെ 5.35ന് പുറപ്പെടാനിരുന്ന വിമാനത്തിനാണ് ബോംബ് ഭീഷണിയുണ്ടായത്. ഇൻഡിഗോ വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശമെത്തിയതോടെ പൈലറ്റ് നടത്തിയ തെരച്ചിലിൽ വിമാനത്തിന്റെ ടോയ്‌ലെറ്റിൽ നിന്ന് ബോംബ് സ്‌ഫോടനം അറ്റ് 30 മിനിട്ട് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തി. തുടർന്ന് പുറപ്പെടാൻ മിനിട്ടുകൾ മാത്രം ശേഷിക്കെ വിവരം അധികൃതരെ അറിയിക്കുകയും അടിയന്തരമായി യാത്രക്കാരെയും ജീവനക്കാരെയും എമർജൻസി എക്‌സിറ്റ് വഴി ഒഴിപ്പിക്കുകയുമായിരുന്നു. 176 യാത്രക്കാരാണ് ഉണ്ടായിരുന്നത്.
വ്യോമയാന സുരക്ഷാ ഉദ്യോഗസ്ഥരും ബോംബ് നിർവീര്യമാക്കുന്ന സംഘവും പരിശോധന നടത്തി. ഡൽഹിയിൽ നിന്ന് വാരാണസിയിലേക്ക് മറ്റൊരു വിമാനം ക്രമീകരിച്ചതായി ഇൻഡിഗോ പ്രസ്താവന പുറത്തിറക്കി. യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ദുഃഖം രേഖപ്പെടുത്തുന്നതായും അറിയിച്ചു.

ഈ മാസം ആദ്യം, ഡൽഹി വിമാനത്താവളത്തിലെ എയർ ഇന്ത്യ വിമാനത്തിന്റെ ടോയ്‌ലെറ്റിൽ നിന്ന് ബോംബ് എന്നെഴുതിയ ടിഷ്യൂ പേപ്പർ കണ്ടെത്തിയിരുന്നു, എന്നാൽ അത് വ്യാജമാണെന്ന് തെളിഞ്ഞു. മേയ് 15 ന് വഡോദരയിലേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ വിമാനത്തിലും സമാന സംഭവം നടന്നു.

Advertisement
Advertisement