കോൺഗ്രസിന്റെ ന്യൂനപക്ഷ പ്രീണനം മറ്റുള്ളവരുടെ അവകാശങ്ങൾ കവരും: പ്രധാനമന്ത്രി

Wednesday 29 May 2024 12:56 AM IST

ന്യൂഡൽഹി: ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കുന്ന കോൺഗ്രസിന്റെ വോട്ട് ബാങ്ക് രാഷ്‌ട്രീയം പട്ടികജാതി, പട്ടിക വർഗ, ഒ.ബി.സി വിഭാഗങ്ങളുടെ അവകാശങ്ങൾ അട്ടിമറിക്കുമെന്ന് മുന്നറിയിപ്പ് നൽകാനാണ് പാർശ്വവത്കരിക്കപ്പെട്ടവരുടെ ഭരണഘടനാപരമായ അവകാശങ്ങളെ പ്രചാരണ വിഷയമാക്കിയതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്.

വലിയ പ്രതിസന്ധിയെക്കുറിച്ച് പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളെ ബോധവത്‌ക്കരിക്കേണ്ട സമയമാണിത്. ദളിതരുടെയും ആദിവാസികളുടെയും അഭ്യുദയകാംക്ഷികളെന്ന് പറയുന്നവർ യാഥാർത്ഥത്തിൽ അവരുടെ ബദ്ധശത്രുക്കളാണ്- മോദി പറഞ്ഞു.

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ന്യൂനപക്ഷ പദവി നൽകിയതിലൂടെ എസ്‌.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങൾക്കുള്ള സംവരണം നഷ്ടപ്പെടുകയും പ്രവേശനത്തെയും ജോലിയെയും ബാധിക്കുകയും ചെയ്തു. 10,000ത്തോളം സ്ഥാപനങ്ങൾ എസ്‌.സി, എസ്‌.ടി, ഒ.ബി.സി സംവരണ പരിധിയിൽ നിന്നൊഴിവാക്കി. രാജ്യത്തിനായി ഈ വിഷയം ഉയർത്തിക്കാട്ടണമെന്ന് തോന്നി. കോൺഗ്രസ് പ്രകടന പത്രിക പ്രകാരം ന്യൂനപക്ഷങ്ങൾക്ക് കായിക മേഖലയിൽ ക്വാട്ട നിശ്ചയിച്ചാൽ പഞ്ചാബിലെയും ബംഗാളിലെയും അത്‌ലറ്റുകൾക്ക് അവസരം നഷ്‌ടമാകും. പാലം പണിയാനുള്ള കരാർ നൽകുന്നത് പോലും മതത്തിന്റെ അടിസ്ഥാനത്തിലാകും. മുൻപ് കോൺഗ്രസ് നടത്തിയ ഇത്തരത്തിലെ നീക്കങ്ങൾക്ക് കോടതിയിൽ തിരിച്ചടി നേരിട്ടെന്നും മോദി ചൂണ്ടിക്കാട്ടി.


കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിക്കുന്നവർ അഴിമതിക്കാരാണ്. സർക്കാരിന് അഴിമതിയോട് ഒട്ടും വിട്ടുവീഴ്ചയില്ല.ആരാണ് ജയിലിൽ പോകേണ്ടതെന്ന് തീരുമാനിക്കുന്നത് പ്രധാനമന്ത്രി മോദിയാണെന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ ആരോപണത്തോട് പ്രതികരിക്കവെ,​ ഇത്തരം ആളുകൾ ഭരണഘടനയും രാജ്യത്തെ നിയമങ്ങളും അറിഞ്ഞിരിക്കുന്നത് നല്ലതാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി മികച്ച പ്രകടന നടത്തുക ബംഗാളിലായിരിക്കുമെന്നും പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഒഡീഷയിൽ ബി.ജെ.ഡി നേതാവും മുഖ്യമന്ത്രിയുമായ നവീൻ പട്നായിക്കുമായി നല്ല ബന്ധമാണെങ്കിലും സംസ്ഥാനത്തെ ജനങ്ങൾക്കു വേണ്ടി അതു മറന്നുവെന്നും മോദി പറഞ്ഞു.

Advertisement
Advertisement