കനത്ത മഴ: മിസോറാമിൽ ക്വാറി തകർന്ന് 17 മരണം

Wednesday 29 May 2024 1:05 AM IST

ഐസ്വാൾ: മിസോറമിൽ ശക്തമായ മഴ തുടരുന്നതിനിടെ കരിങ്കൽ ക്വാറി തകർന്നുണ്ടായ അപകടത്തിൽ 17 പേർക്ക് ദാരുണാന്ത്യം. നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. രക്ഷാപ്രവർത്തനം തുടരുന്നു. തലസ്ഥാനമായ ഐസ്വാളിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ശക്തമായ മഴയും ഉരുൾപൊട്ടലും രക്ഷാപ്രവർത്തനത്തിന് തടസം സൃഷ്‌ടിക്കുന്നു. സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രി ലാൽദുഹോമയുടെ അദ്ധ്യക്ഷതയിൽ അടിയന്തര യോഗം ചേർന്നു. മഴയെ തുടർന്ന് സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു. സർക്കാർ ഉദ്യോഗസ്ഥരോട് വർക്ക് ഫ്രം ഹോമിൽ പ്രവേശിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. ദേശീയപാത ആറിൽ ഉണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് വിവിധ പ്രദേശങ്ങൾ ഒറ്റപ്പെട്ടിരിക്കുകയാണ്. ദേശീയപാതകളിലൂടെയും റോഡുകളിലൂടെയുമുള്ള ഗതാഗതം തടസപ്പെട്ടു. കഴിഞ്ഞ ദിവസം വീശിയടിച്ച

റിമാൽ ചുഴലിക്കാറ്റിൽ ബംഗാളിലും ബംഗ്ലദേശിലും വ്യാപക നാശനഷ്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ബംഗാളിൽനിന്ന് ഒരുലക്ഷത്തിലേറെ പേറെ മാറ്റിപ്പാർപ്പിച്ചു. ബംഗ്ലദേശിൽ പത്തുപേർ മരിച്ചു. ഒരു ലക്ഷത്തിലധികം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. എട്ടുലക്ഷത്തിലധികം ആളുകൾ ക്യാമ്പുകളിലാണ്. അടുത്ത രണ്ട് ദിവസങ്ങളിൽ അസാമിലും മറ്റ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും അതിശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.