കരമനയാറ്റിൻ തീരത്ത് മാലിന്യ കൂമ്പാരം; മൂക്കുപൊത്തി ജനം

Wednesday 29 May 2024 1:59 AM IST

തിരുവനന്തപുരം: പേയാട് കുണ്ടമൺകടവ് ആറിന് (കരമനയാർ) സമീപം സ്വകാര്യ ഭൂമിയിലെ മാലിന്യ നിക്ഷേപത്തിൽ പൊറുതിമുട്ടി പ്രദേശവാസികൾ. വട്ടിയൂർക്കാവ് പ്ളാവോട് നിർമ്മിതി വില്ലയുടെ മറുകരയിലുള്ള കുരിശുമുട്ടം സി.എസ്.ഐ പള്ളിക്ക് സമീപത്താണ് ഈ മാലിന്യക്കൂമ്പാരം. വിളപ്പിൽ ഗ്രാമപഞ്ചായത്തിലെ ഓഫീസ് വാർഡിൽ ഉൾപ്പെട്ട പിറയിൽ ചെമ്പാൻ കട്ടയ്ക്കാൽ ഭാഗത്താണ് ലോറികളിൽ മാലിന്യമെത്തിച്ച് നിക്ഷേപിക്കുന്നത്.

മഴ കനത്തതോടെ മാലിന്യം ആറ്റിലേക്ക് ഒഴുകിയിറങ്ങുകയാണ്. പകർച്ചവ്യാധി ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് ഇത് കാരണമാകുമെന്നാണ് പ്രദേശവാസികളുടെ ആശങ്ക. ഇറച്ചി മാലിന്യം,​ ഭക്ഷണപദാർത്ഥങ്ങൾ അടക്കമുള്ളവയാണ് രാത്രിയും പകലും എന്നില്ലാതെ ഇവിടെ തള്ളുന്നതെന്ന് നാട്ടുകാർ പറയുന്നു. മാലിന്യം അഴുകിയുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ വേറെ. ദുർഗന്ധത്താൽ ഇതുവഴി നടക്കാൻ പോലും കഴിയാത്ത അവസ്ഥ.

നിരവധിപ്പേർ ആശ്രയിക്കുന്ന കാവടിക്കടവ്, അരുവിപ്പുറം കുളിക്കടവുകളും ഈ മാലിന്യ നിക്ഷേപ കേന്ദ്രത്തിന് സമീപത്താണ് സ്ഥിതിചെയ്യുന്നത്. തെരുവുനായ ശല്യവും ഇവിടെ രൂക്ഷമാണ്. സമീപത്തെ വഴിയിലും വീടുകളിലും നായ്ക്കൾ മാലിന്യം കൊണ്ടിടുന്നതും നിത്യസംഭവം. പക്ഷികൾ മാംസാവശിഷ്ടങ്ങൾ കൊത്തിയെടുത്ത് പോകുന്നതിനിടെ കിണറുകളിൽ വീഴുന്നത് കുടിവെള്ളത്തേയും മലിനമാക്കുന്നു.

ഇതിനു സമീപത്തുള്ള കുണ്ടമൺകടവ് മുത്തശ്ശി പാലത്തിനടുത്തും മാലിന്യങ്ങൾ കുന്നുകൂടിയിട്ടുണ്ട്. ഇതിനടുത്തായാണ് വഴിയോര വായനശാല സ്ഥിതി ചെയ്യുന്നത്. ഇവിടേയും ദുർഗന്ധം കാരണം വഴിനടക്കാനാകില്ല. പൊതുവഴികളിലും പ്രധാന റോഡുകളിലും അറുതിയില്ലാതെയാണ് മാലിന്യം നിക്ഷേപിക്കുന്നത്. ഗ്രാമീണ റോഡുകളിലും യാതൊരു നിയന്ത്രമവുമില്ലാതെ മാലിന്യം നിറയുകയാണ്. മാലിന്യ നിക്ഷേപത്തിനെതിരെ നടപടി ആവശ്യപ്പെട്ട് ഗ്രാമ പഞ്ചായത്തുകളിലും പൊലീസിലും പരാതി നൽകിയെങ്കിലും യാതൊരു നടപടിയുമെടുത്തിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.

Advertisement
Advertisement