ആ 200 കോടികൊണ്ട് ചെയ്യാവുന്നത്...

Wednesday 29 May 2024 2:43 AM IST

ഹാരപ്പയും മോഹൻജദാരോയും ഒക്കെ നമുക്ക് സാമൂഹ്യശാസ്ത്രം പാഠപുസ്തകത്തിലേ പരിചയമുള്ളൂ. ക്രിസ്തുവിനും 2500 വർഷക്കാലം മുമ്പ്,​ സിന്ധു നദീതട സംസ്കാര കാലത്തെ രണ്ടു നഗരങ്ങളാണ് ഇവ. ഖനനങ്ങളിൽ വെളിപ്പെട്ട ഈ നഗരങ്ങളുടെ നിർമ്മിതി ശേഷിപ്പുകൾ ലോകത്തെ ഇപ്പോഴും അമ്പരപ്പിക്കുന്നത്,​ ജലനിർഗമന മാർഗങ്ങൾക്കായി രൂപകല്പന ചെയ്തിരുന്ന ഭൂഗർഭ പാത്തികളുടെയും മറ്റും ഡിസൈൻ കൊണ്ടാണ്. അത്രമേൽ ആധുനികമായിരുന്നു അന്നത്തെ നഗരാവിഷ്കാരം! തലസ്ഥാന നഗരത്തിൽ മഴക്കാലത്ത് വെള്ളക്കെട്ടു കാരണം വർഷാവർഷം സംഭവിക്കുന്ന മനുഷ്യദുരിതങ്ങൾക്കു പരിഹാരമായി 200 കോടി രൂപയുടെ കേന്ദ്രപദ്ധതി വരുന്നുവെന്ന് അറിഞ്ഞപ്പോഴാണ് 'ഇൻഡസ് വാലി കാല"ത്തെ ടൗൺപ്ളാനിംഗിനെക്കുറിച്ച് ചിന്തിച്ചത്. ഈ ഇരുപത്തൊന്നും നൂറ്റാണ്ടിലും വെള്ളക്കെട്ടു പരിഹരിക്കാൻ നമ്മൾ പഠിച്ചില്ലെന്നതിലും വലിയ നാണക്കേടുണ്ടോ!

പതിനഞ്ചാം ധനകാര്യ കമ്മിഷന്റെ ശുപാർശ പ്രകാരം ദേശീയ ദുരന്ത നിവാരണ ഫണ്ടിനു കീഴിൽ,​ രാജ്യത്തെ ഏഴു നഗരങ്ങളിലെ ദുരിത നിവാരണ പ്രവർത്തനങ്ങൾക്ക് 2500 കോടി രൂപയാണ് കേന്ദ്രം വകയിരുത്തിയിരിക്കുന്നത്. അതേ മാതൃകയിൽ മറ്റു നഗരങ്ങൾക്കായി ആവിഷ്കരിച്ച വെള്ളപ്പൊക്ക നിവാരണ പദ്ധതിയനുസരിച്ചാണ് തിരുവനന്തപുരത്തിനും 200 കോടിയുടെ പദ്ധതി. ഇതിൽ 150 കോടി രൂപ കേന്ദ്രം നല്കും. അതായത്,​ 75 ശതമാനം. ബാക്കി 50 കോടി രൂപ സംസ്ഥാനം ചെലവിടണം. പദ്ധതിത്തുക വിനിയോഗിക്കുന്നത് എങ്ങനെയെല്ലാമായിരിക്കുമെന്ന് വ്യക്തമാക്കുന്ന വിശദമായ രൂപരേഖ സംസ്ഥാന സർക്കാർ കേന്ദ്രത്തിനു സമർപ്പിക്കണം. ആണ്ടോടാണ്ട് മഴക്കാലത്ത് തലസ്ഥാനത്തെ ചെളിക്കുണ്ടാക്കി ജനങ്ങളെ ദുരിതക്കയത്തിൽ നീന്തിക്കുന്ന വെള്ളക്കെട്ട് പ്രശ്നത്തിന് സ്ഥിരപരിഹാരത്തിനുള്ള ഒന്നാന്തരം അവസരമാണ് ഇപ്പോൾ കൈവന്നിരിക്കുന്നത്. ഈ അവസരം സംസ്ഥാന സർക്കാരും നഗരസഭയും ഏറ്രവും സമർത്ഥമായി പ്രയോജനപ്പെടുത്തണമെന്നാണ് തലസ്ഥാനവാസികളുടെ പ്രാർത്ഥന.

നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി പാർവതീപുത്തനാറിലെ ഒഴുക്ക് സുഗമമാക്കുമെന്ന് കഴിഞ്ഞ ദിവസം ആന്റണി രാജു എം.എൽ.എ പറഞ്ഞു. മാലിന്യങ്ങൾ കോരിമാറ്റുന്നതാണ് പ്രധാന പ്രവൃത്തി. നിലവിൽത്തന്നെ 44 ലക്ഷം രൂപയുടെ നവീകരണം ഇവിടെ നടക്കുകയാണ്. ഇതിനു പുറമേ ചില തോടുകളുടെ വീതി കൂട്ടുന്ന കാര്യവും കുളത്തിന്റെ സംഭരണശേഷി കൂട്ടുന്ന കാര്യവും എം.എൽ.എ പറഞ്ഞു. മാലിന്യം നീക്കുന്നതും ജലവാഹിനികളുടെ വീതി കൂട്ടുന്നതുമൊക്കെ നല്ല കാര്യം. പക്ഷേ,​ ആറ്റിലെ മാലിന്യനിക്ഷേപവും തോടുകളും കുളങ്ങളും മണ്ണുനിറഞ്ഞ് നികന്നുപോകുന്നതുമൊക്കെ ആവർത്തിക്കുന്ന പ്രതിഭാസങ്ങളാണ്. നഗരത്തിനു വേണ്ടത്,​ ഭൂർഗഭ ഓടകളും വീതിയേറിയ ജലനിർഗമന പാത്തികളുമൊക്കെ ഉൾപ്പെട്ട ശാസ്ത്രീയമായ ഡ്രെയിനേജ് സംവിധാനമാണ്. കേന്ദ്രപദ്ധതി അനുസരിച്ചുള്ള 200 കോടി രൂപ കൊണ്ട് സാദ്ധ്യമാക്കേണ്ടത് ഇത്തരം ആധുനിക നഗരാസൂത്രണ മാതൃകകളാണ്. അതിനു പകരം മാലിന്യം കോരി നീക്കുന്നതു പോലുള്ള ചില്ലറ പരിപാടികൾക്ക് ആലോചനയോ ആസൂത്രണമോ ഒന്നും അത്യാവശ്യമില്ലല്ലോ!

നാളികേര വികസന പദ്ധതികൾക്ക് കേന്ദ്രം എല്ലാ വർഷവും അനുവദിക്കുന്ന തുക,​ കൃത്യസമയത്ത് പദ്ധതിനിർദ്ദേശം സമർപ്പിക്കാത്തതുകൊണ്ട് ഒരുവർഷം മുമ്പുവരെ നമുക്ക് നഷ്ടമായിക്കൊണ്ടിരുന്നതു സംബന്ധിച്ച് വാർത്ത വന്നിരുന്നു. അത്തരം ഉദാസീനത വെള്ളക്കെട്ട് പരിഹാര പദ്ധതിയുടെ കാര്യത്തിൽ സംഭവിക്കരുത്. യഥാസമയം പദ്ധതിയുടെ രൂപരേഖ സമർപ്പിക്കണം. കേന്ദ്രം ഭരിക്കുന്നവരുടെ രാഷ്ട്രീയം ഇക്കാര്യത്തിൽ നോക്കേണ്ടതില്ല. 200 കോടിയുടെ മുക്കാൽ പങ്കും മുടക്കുന്ന കേന്ദ്ര സർക്കാർ മുന്നോട്ടുവയ്ക്കുന്ന നിർദ്ദേശങ്ങൾ പാലിക്കാനും മടികാണിക്കരുത്. കാരണം,​ എല്ലാറ്റിനും മീതെയാണ് തലസ്ഥാന നഗരം എത്രയോ കാലമായി അനുഭവിക്കുന്ന വെള്ളക്കെട്ട് പ്രശ്നത്തിന് ഇനിയെങ്കിലും സ്ഥിര പരിഹാരം വേണമെന്ന ജനങ്ങളുടെ ആഗ്രഹവും ആവശ്യവും. അതിനു മുന്നിൽ രാഷ്ട്രീയമോ ഉദ്യോഗസ്ഥ കടുംപിടിത്തമോ ദുർവാശിയോ ഒന്നും വിഷയമാകരുത്.

Advertisement
Advertisement