കുഴിമന്തിയിൽ നിന്ന് വിഷബാധ: വീട്ടമ്മയുടെ മരണത്തിൽ കേസെടുത്ത് പൊലീസ്, നടത്തിപ്പുകാർ ഒളിവിൽ

Wednesday 29 May 2024 9:26 AM IST

പെരിഞ്ഞനം: ഹോട്ടലിലെ കുഴിമന്തിയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ച സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതിനുശേഷം ഹോട്ടലിനെതിരെ മനഃപ്പൂർവ്വമായ നരഹത്യ ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർക്കുമെന്നും കയ്‌പ്പമംഗലം പൊലീസ് വ്യക്തമാക്കി. ഹോട്ടലിന്റെ നിലവിലെ നടത്തിപ്പുകാർ ഒളിവിലാണെന്നും പൊലീസ് അറിയിച്ചു.

ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും പഞ്ചായത്തിന്റെയും റിപ്പോർട്ടുകളാണ് ലഭിക്കാനുള്ളത്. റഫീഖ്, അസ്‌ഫർ എന്നിവരാണ് ഹോട്ടലിന്റെ നിലവിലെ നടത്തിപ്പുകാർ. ഇരുവരെയും പിടികൂടാൻ അന്വേഷണം വ്യാപിപ്പിച്ചതായി പൊലീസ് പറഞ്ഞു.

പെരിഞ്ഞനം കുറ്റിലക്കടവ് രായംമരയ്ക്കാർ വീട്ടിൽ ഹസ്ബുവിന്റെ ഭാര്യ ഉസൈബ (56) ആണ് ഭക്ഷ്യവിഷ ബാധയേറ്റ് മരിച്ചത്. മരണകാരണം മുട്ടചേർത്ത മയോണൈസ് ആണെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ വർഷം ജനുവരിയിൽ ഭക്ഷ്യവിഷബാധയേറ്റുള്ള മരണത്തെത്തുടർന്ന് മുട്ട ചേർത്ത മയോണൈസ് നിരോധിച്ചിരുന്നു.

പെരിഞ്ഞനത്തെ സെയിൻ ഹോട്ടലിലെ കുഴിമന്തി കഴിച്ച 200 പേരാണ് ശനിയാഴ്ച ഛർദ്ദിയും വയറിളക്കവുമായി വിവിധ ആശുപത്രികളിലെത്തിയത്. പെരിഞ്ഞനം, കയ്പമംഗലം സ്വദേശികളാണ് ഭൂരിഭാഗവും. നിരവധിപേർ ഇപ്പോഴും ചികിത്സയിലുണ്ട്. സംഭവത്തിന് പിന്നാലെ ആരോഗ്യവകുപ്പും പഞ്ചായത്തും ചേർന്ന് ഹോട്ടൽ അടപ്പിച്ചിരുന്നു.

ഉസൈബയുടെ വീട്ടിലേക്ക് പാഴ്‌സൽ വാങ്ങിയതാണ്. തിങ്കളാഴ്ച നില ഗുരുതരമായപ്പോൾ ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെയായിരുന്നു മരണം. ഉസൈബയും സഹോദരിയും അവരുടെ 12, ഏഴ് വയസുള്ള മക്കളുമാണ് കുഴിമന്തി കഴിച്ചത്. സഹോദരിയും മക്കളും ചികിത്സ തേടിയിരുന്നു. ഉസൈബയുടെ ഭർത്താവ് ഹസ്ബു ഡ്രൈവറാണ്. മകൾ ഷെറിൻ വിദ്യാർത്ഥിനിയാണ്.