വീണാ വിജയന്റെ അബുദാബിയിലെ ബാങ്ക് അക്കൗണ്ടിലേക്ക് കോടികൾ കമ്മിഷനായി ഒഴുകി, ആണി വാങ്ങിയതിന് പോലും കമ്മിഷൻ വാങ്ങിയിട്ടുണ്ടെന്ന് ഷോൺ ജോർജ്

Wednesday 29 May 2024 12:36 PM IST

കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ അബുദാബിയിലെ ബാങ്ക് അക്കൗണ്ടിലേക്ക് കോടികൾ കമ്മിഷനായി ഒഴുകിയെന്ന ആരോപണവുമായി ഷോൺ ജോർജ്. എക്‌സാലോജിക്ക് കമ്പനിയുടെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണം. അബുദാബി ആസ്ഥാനാമായിട്ടുള്ള കൊമേർഷ്യൽ ബാങ്കിൽ എക്‌സാലോജിക്ക് കൾസൾട്ടിംഗ്, മീഡിയാ സിറ്റി യുഎഇ എന്ന അക്കൗണ്ടിലേക്ക് പണം വന്നിട്ടുണ്ട്. ഇതിന്റ ഉടമകൾ മുഖ്യമന്ത്രിയുടെ മകൾ വീണ.ടി. യും സുനീഷ് എം. എന്നയാളുമാണെന്നും ഷോൺ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

കോടാനുകോടി രൂപയുടെ ട്രാൻസാക്ഷൻ നടന്നിട്ടുണ്ട്. കരിമണൽ ഖനന കമ്പനിയുടെയും, മാസപ്പടി ഇടപാടിന്റെയുമെല്ലാം കാശ് ഈ അക്കൗണ്ടിൽ വന്നതായി സംശയിക്കുന്നു. മുഖ്യമന്ത്രിക്കെതിരെ സുപ്രീം കോടതിയിൽ കേസ് നടക്കുന്ന എസ്.എൻ.സി ലാവ്‌ലിൻ കമ്പനിയിൽ നിന്നും അക്കൗണ്ടിലേക്ക് പണം വന്നിട്ടുണ്ട്. പ്രൈസ് വാട്ടർ കൂപ്പേഴ്‌സിൽ നിന്ന് വളരെ വലിയ തുകയാണ് വീണയുടെ അക്കൗണ്ടിലേക്ക് വന്നിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ഇ.ഡിക്കും, എസ്.എഫ്.ഐ.എയ്‌ക്കും പരാതി നൽകിയിട്ടുണ്ടെന്ന് ഷോൺ ജോർജ് അറിയിച്ചു.

പ്രൈസ് വാട്ടർ കൂപ്പേഴ്‌സിലേക്ക് വന്ന പണത്തിൽ നിന്ന് കൃത്യമായ മാസപ്പടി വീണ വിജയന്റെ അക്കൗണ്ടിലേക്ക് വന്നിട്ടുണ്ട്. വളരെ വലിയ കൊള്ളയാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്നിട്ടുള്ളത്. ഇത്തരത്തിലൊരു കൊള്ളക്കാരനെ തുടരാൻ സമ്മതിക്കണമോയെന്ന് കേരളസമൂഹം തീരുമാനിക്കണം. മുഖ്യമന്ത്രിയുടെ ഓഫീസിൽ ആണി വാങ്ങിയതിന് പോലും കമ്മിഷൻ വാങ്ങിയിട്ടുണ്ടെന്നും ഷോൺ ജോർജ് പരിഹസിച്ചു.

ബാങ്ക് ഇടപാടുകൾ സംബന്ധിച്ചു കൂടുതൽ രേഖകൾ ഷോൺ ജോർജ് ഹൈക്കോടതിയിൽ സമര്‍പ്പിച്ചു. രാജ്യാന്തര കൺസൾട്ടൻസി സ്ഥാപനമായ പ്രൈസ് വാട്ടർഹൗസ് കൂപ്പർ, എസ്‍‌എൻസി ലാവ്‍ലിൻ കമ്പനികളിൽനിന്ന് അബുദാബിയിലെ ബാങ്ക് അക്കൗണ്ടിലേക്ക് 3 കോടിയിലേറെ രൂപ വീതം വന്നു എന്നാണ് എസ്എഫ്ഐഒ വൃത്തങ്ങൾ പറയുന്നത്. ഇതിനു പുറമെയാണ് അധികം കേട്ടിട്ടില്ലാത്ത മറ്റു കമ്പനികളിൽനിന്ന് ഈ അക്കൗണ്ടിലേക്കു പണമെത്തിയതും അതു മറ്റു വിദേശ അക്കൗണ്ടുകളിലേക്കു പോയതും.

കിഫ്ബി മസാല ബോണ്ടുമായി ബന്ധപ്പെട്ടു നിലവിൽ ഹൈക്കോടതിയിലുള്ള കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നിലപാട് കർക്കശമാക്കുന്നതിനു പിന്നിലും ഈ ബാങ്ക് അക്കൗണ്ടിനു പങ്കുണ്ടെന്നും സൂചനകളുണ്ട്. മസാല ബോണ്ടിനത്തിൽ ലഭിച്ച തുക ചെലവഴിച്ചതുമായി ബന്ധപ്പെട്ട് മുൻധനമന്ത്രി തോമസ് ഐസക്കിനെ ഈ കേസിൽ ചോദ്യം ചെയ്യണമെന്ന ഹ‌ർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.

Advertisement
Advertisement