'ഇന്ത്യയുമായുണ്ടാക്കിയ കരാർ പാകിസ്ഥാൻ തെറ്റിച്ചു, അത് ഞങ്ങളുടെ തെറ്റായിരുന്നു'; കുറ്റം സമ്മതിച്ച് നവാസ് ഷെരീഫ്

Wednesday 29 May 2024 1:07 PM IST

ന്യൂഡൽഹി: ആദ്യ എൻഡിഎ സർക്കാരിന്റെ കാലത്ത് പ്രധാനമന്ത്രി വാജ്‌പേയിയുമായി പാകിസ്ഥാനുണ്ടാക്കിയ കരാർ തെറ്റിച്ചതായി തുറന്ന് സമ്മതിച്ച് അന്നത്തെ പാക് പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫ്. 1999ൽ ഇന്ത്യയുമായുണ്ടാക്കിയ ലാഹോർ കരാർ പാകിസ്ഥാൻ ലംഘിച്ചെന്നാണ് നവാസ് ഷെരീഫ് തുറന്ന് സമ്മതിച്ചത്. പാകിസ്ഥാൻ മുസ്ളീം ലീഗ് നവാസ് (പി.എം.എൽ.എൻ) ജനറൽ കൗൺസിൽ യോഗത്തിലാണ് ഷെരീഫ് തെറ്റ് സമ്മതിച്ച് പ്രസംഗിച്ചത്. 1999 മേയ് മുതൽ ജൂലായ് വരെ നടന്ന കാർഗിൽ യുദ്ധത്തിലേക്കുള്ള ജനറൽ പർവേസ് മുഷാറഫിന്റെ നീക്കങ്ങൾക്ക് കാരണമായ വസ്‌തുതകളാണ് നവാസ് ഷെരീഫ് പ്രസംഗിച്ചത്.

'1998 മേയ് 28ന് പാകിസ്ഥാൻ അഞ്ച് ആണവപരീക്ഷണങ്ങൾ നടത്തി. അതിനുശേഷം ഇന്ത്യൻ പ്രധാനമന്ത്രി വാജ്‌പേയി ഇവിടെവന്നു. നമ്മളുമായി കരാറൊപ്പിട്ടു. ഈ കരാർ നമ്മൾ ലംഘിക്കുകയാണുണ്ടായത്. അത് നമ്മുടെ തെറ്റാണ്.' ഷെരീഫ് പറഞ്ഞു. ലാഹോർ ഉച്ചകോടിയ്‌ക്ക് ശേഷം 1999 ഫെബ്രുവരി 21ന് ഇന്ത്യൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയും പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫും ലാഹോർ കരാറിൽ ഒപ്പിട്ടു. പക്ഷെ മാസങ്ങൾക്കകം ഇന്ത്യൻ അതിർ‌ത്തിയിൽ കാശ്‌മീരിലെ കാർഗിലിൽ പാക് സൈന്യവും കാശ്‌മീർ തീവ്രവാദികളും നുഴഞ്ഞുകയറി. ഇത് കാർഗിൽ യുദ്ധമായി മാറി. 4000 പാക് ഭടന്മാരെ ഇന്ത്യ വധിച്ചു. 527 ഇന്ത്യൻ സൈനികരാണ് അന്ന് വീരചരമമടഞ്ഞത്.

കുറ്റം ഏറ്റുപറഞ്ഞതിനൊപ്പം മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെയും നവാസ് ഷെരീഫ് വിമർശിച്ചു. ആണവപരീക്ഷണം നടത്തുന്നതിന് മുൻപ് അന്ന് യുഎസ് പ്രസിഡന്റായിരുന്ന ബിൽ ക്ളിന്റൺ പാകിസ്ഥാന് അഞ്ച് ബില്യൺ ഡോളർ വാഗ്ദാനം ചെയ്‌തിരുന്നതായും എന്നാൽ താൻ അത് നിരസിച്ചതായും ഷെരീഫ് പറഞ്ഞു. ഇമ്രാൻ ഖാനായിരുന്നെങ്കിൽ ആ തുക കൈനീട്ടി വാങ്ങുമെന്നും അദ്ദേഹം ആരോപിച്ചു.

Advertisement
Advertisement