ആകാശത്തിലൂടെ മനുഷ്യ വിസർജ്യം നിറച്ച ബലൂണുകൾ; ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി സൈന്യം

Wednesday 29 May 2024 2:52 PM IST

സിയോൾ: മാലിന്യങ്ങൾ നിറച്ച ബലൂണുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കണ്ടെത്തിയതായി ദക്ഷിണ കൊറിയ. മനുഷ്യവിസർജ്യം ഉൾപ്പെടെയുള്ള മാലിന്യങ്ങൾ വഹിച്ച 260 ബലൂണുകളാണ് കണ്ടെത്തിയത്. ഉത്തര കൊറിയയിൽ നിന്നുള്ളതാണ് ഈ ബലൂണുകൾ എന്നാണ് അതിർത്തി പ്രദേശങ്ങളിൽ താമസിക്കുന്ന ദക്ഷിണ കൊറിയൻ ജനങ്ങൾക്ക് അധികൃതർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

വെള്ള നിറത്തിലുള്ള പ്ലാസ്റ്റിക് ബലൂണുകളും അതിൽ ഘടിപ്പിച്ച പ്ലാസ്റ്റിക് ബാഗുകളും തൊടരുതെന്നും സൈന്യം ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ദക്ഷിണ കൊറിയയിലെ ഒമ്പത് പ്രവിശ്യകളിൽ എട്ടെണ്ണത്തിലും ഇത്തരത്തിലുള്ള ബലൂണുകൾ കണ്ടെത്തിയിട്ടുണ്ട്. ബലൂണുകളിൽ ഉത്തര കൊറിയൻ പ്രചരണ ലഘുലേഖകൾ ഉണ്ടോയെന്ന് പരിശോധിക്കുന്നതായി ദക്ഷിണ കൊറിയൻ സൈന്യം നേരത്തേ വ്യക്തമാക്കിയിരുന്നു.

ദക്ഷിണ കൊറിയൻ ആക്‌ടിവിസ്റ്റുകൾ പ്രദേശങ്ങളിൽ ലഘുലേഖയും മറ്റ് മാലിന്യങ്ങളും ഇടയ്‌ക്കിടെ വിതറുന്നുണ്ടെന്നും ഇതിന് പ്രതികാരം ചെയ്യുമെന്നും ഉത്തര കൊറിയ നേരത്തേ അറിയിച്ചിരുന്നു. ഇങ്ങനെ പറഞ്ഞ് ദിവസങ്ങൾക്ക് ശേഷമാണ് ഈ സംഭവം. വീടിന് പുറത്തിറങ്ങരുതെന്ന് സിയോളിന്റെ വടക്ക് ഭാഗത്തും അതിർത്തി പ്രദേശത്തും താമസിക്കുന്നവർക്ക് അധികാരികൾ മുന്നറിയിപ്പ് നൽകി. അജ്ഞാത വസ്‌തുക്കൾ ശ്രദ്ധയിൽപ്പെട്ടാൽ അടുത്തുള്ള സൈനിക കേന്ദ്രത്തിൽ അറിയിക്കാനും അവർ നിർദേശിച്ചു.

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചിത്രങ്ങളിൽ ചില ബലൂണുകൾക്കുള്ളിൽ ടോയ്‌ലറ്റ് പേപ്പറുകളും കറുത്ത മണ്ണും ബാറ്ററികളും ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കാണാം. ചില ബലൂണുകളുടെ നിറവും ദുർഗന്ധവും കാരണം അവയിൽ മനുഷ്യ വിസർജ്യമുള്ളതായി തോന്നുന്നുവെന്ന് ദക്ഷിണ കൊറിയയിലെ യോൻഹാപ്പ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്‌തു.

'ഇത് നമ്മുടെ പ്രദേശത്തെ ജനങ്ങളുടെ സുരക്ഷയ്‌ക്ക് ഗുരുതരമായ ഭീഷണി ഉയർത്തിക്കൊണ്ടിരിക്കുകയാണ്. മാലിന്യം നിറച്ച ബലൂണുകൾ ശ്രദ്ധയിൽപ്പെട്ടൽ ഉടൻ സൈന്യത്തെ അറിയിക്കുക. ഉത്തര കൊറിയയാണ് ഈ ബലൂണുകൾക്ക് പിന്നിലെ ഉത്തരവാദി. മനുഷ്യത്വരഹിതവും ക്രൂരവുമായ ഈ നടപടി ഉടനടി നിർത്താൻ ഞങ്ങൾ ഉത്തര കൊറിയയ്‌ക്ക് കർശന മുന്നറിയിപ്പ് നൽകുകയാണ്' - ദക്ഷിണ കൊറിയൻ സൈന്യം വ്യക്തമാക്കി.

ഈ മാസം ആദ്യം ദക്ഷിണ കൊറിയ ആസ്ഥാനമായുള്ള ഒരു ആക്ടിവിസ്റ്റ് ഗ്രൂപ്പ്, പ്യോംഗ്‌യാംഗ് വിരുദ്ധ ലഘുലേഖകളും കൊറിയൻ പോപ്പ് സംഗീതവും മ്യൂസിക് വീഡിയോകളും അടങ്ങിയ യുഎസ്ബി സ്റ്റിക്കുകളും വഹിച്ചുകൊണ്ടുള്ള 20 ബലൂണുകൾ അതിർത്തിക്കപ്പുറത്തേക്ക് അയച്ചിരുന്നു. ഇതാണ് ഉത്തര കൊറിയയുടെ പ്രവർത്തിക്ക് കാരണമെന്നാണ് റിപ്പോർട്ട്.

Advertisement
Advertisement