കുടിവെളളമുപയോഗിച്ച് കാർ കഴുകുന്നത് നിർത്തിക്കോ, പിഴ 2000 രൂപ;കടുത്ത നടപടിയുമായി ഡൽഹി സർക്കാർ

Wednesday 29 May 2024 3:56 PM IST

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ ജലക്ഷാമവുമായി ബന്ധപ്പെട്ട് കർശന നിയന്ത്രണങ്ങൾ പുറത്തിറക്കി ഡൽഹി സർക്കാർ. ജലം പാഴാക്കുന്നവരിൽ നിന്നും 2000 രൂപ പിഴയായി ഈടാക്കുമെന്ന് മന്ത്രി അതീഷി മർലീന അറിയിച്ചു. ഡൽഹിയിലെ കുടിവെളള ക്ഷാമം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട നീക്കത്തെ തുടർന്നാണിത്. ജലം പാഴാക്കുന്നത് നിരീക്ഷിക്കാനും ജലവിനിയോഗം കുറയ്ക്കുന്നതിനും ഉദ്യോഗസ്ഥരെ 200 സംഘങ്ങളായി വിന്ന്യസിക്കണമെന്ന് ജലവിതരണ ബോർഡ് സിഇഒ എ അൻബരസുവിന് നിർദ്ദേശം നൽകിയതായും മന്ത്രി അറിയിച്ചു.

ഹോസുപയോഗിച്ച് കാർ കഴുകരുതെന്നും ഗാർഹികാവശ്യങ്ങൾക്കായി വിതരണം ചെയ്യുന്ന വെളളം വാണിജ്യാവശ്യങ്ങൾക്കായി ഉപയോഗിക്കരുതെന്നും മന്ത്രി വ്യക്തമാക്കി. അത്തരത്തിൽ ചെയ്യുന്നവരിൽ നിന്നും 2000 രൂപ പിഴ ഈടാക്കുമെന്നാണ് അതീഷി അറിയിച്ചത്. 'ഈ മാസം ഹരിയാന സർക്കാർ ഡൽഹിയ്ക്കാവശ്യമായ ജലം വിതരണം ചെയ്തിട്ടില്ല. മേയ് ഒന്നിന് പുറത്തുവന്ന റിപ്പോർട്ട് അനുസരിച്ച് വസീറാബാദ് പ്ലാന്റിലെ ജലനിരപ്പ് 674.5 ആയിരുന്നു. എന്നാൽ ഇപ്പോൾ അത് 669.8 ആയികുറഞ്ഞു. ഇതാണ് ഡൽഹിയിലെ പല മേഖലകളിലെയും ജലക്ഷാമത്തിന് കാരണമായത്.

ഡൽഹിയിൽ സ്ഥിതി ചെയ്യുന്ന ആറ് ജലശുദ്ധീകരണ പ്ലാന്റുകളിൽ ഒന്ന് വസീറാബാദിലേതാണ്. ജലക്ഷാമത്തെ തുടർന്ന് ഡൽഹിയിൽ ചില മാ​റ്റങ്ങൾ വരുത്തും. ചില പ്രദേശങ്ങളിൽ വെളളം കിട്ടാത്ത അവസ്ഥയാണ്. അതിനാൽ പ്രതിദിനം രണ്ട് തവണ വെളളം ലഭിച്ചുകൊണ്ടിരിക്കുന്ന സ്ഥലങ്ങളിൽ ഒന്നായി കുറയ്ക്കും. എല്ലാവരും സഹകരിക്കണം. വെളളം പാഴാക്കരുത്'- അതീഷി പറഞ്ഞു.

ഡൽഹിയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. കനത്ത ചൂടിൽ ഡൽഹിയിലെ മലയാളി പൊലീസ് ഉദ്യോഗസ്ഥൻ സൂര്യാഘാതമേറ്റ് മരിച്ചിരുന്നു. ഉത്തംനഗർ ഹസ്‌ത്സാലിൽ താമസിക്കുന്ന കോഴിക്കോട് വടകര സ്വദേശി കെ ബിനേഷാണ് (50) മരിച്ചത്. ഡൽഹി പൊലീസിൽ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടറായിയാണ് ജോലി ചെയ്തിരുന്നത്. വസീറാബാദ് പൊലീസ് ട്രെയിനിംഗ് സെന്ററിൽ നടക്കുന്ന പ്രത്യേക പരിശീലനത്തിനിടെയാണ് ബിനേഷിന് സൂര്യാഘാതമേറ്റത്.

Advertisement
Advertisement