ഇടവപ്പാതിക്ക് ജില്ലയിൽ കനത്ത മഴ

Thursday 30 May 2024 12:00 AM IST

തൃശൂർ: ഏറെക്കാലങ്ങൾക്ക് ശേഷം ജില്ലയിൽ ലഭിച്ചത് ശക്തമായ ഇടവപ്പാതി മഴ. ജൂൺ ഒന്ന് മുതൽക്കാണ് കാലവർഷക്കണക്ക് ആരംഭിക്കുക. മേയ് അവസാനം ലഭിച്ച കനത്ത മഴ ഇടവപ്പാതി കണിക്കിലാണ് ഉൾപ്പെടുക. ഇന്ന് കാലവർഷം എത്തുമെന്നാണ് കാലവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.

കാലവർഷത്തിന് മുൻപേ പെയ്ത മഴയിൽ കോടികളുടെ നഷ്ടമാണ് ഉണ്ടായത്. ഏറ്റവും കൂടുതൽ നഷ്ടം തൃശൂർ നഗരത്തിലായിരുന്നു. മഴക്കാലപൂർവ ശുചീകരണം പാളിയത് പ്രളയസമാന സാഹചര്യം സൃഷ്ടിച്ചിരുന്നു. വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. കനത്ത ചൂടിൽ ഉരുകുന്നതിനിടെയാണ് വേനൽ മഴ ശക്തമായത്.

മഴ കൂടുതൽ ഏനാമാക്കലിൽ
ചൊവ്വാഴ്ച രാവിലെ മുതൽ ബുധൻ രാവിലെ വരെയുള്ള കണക്കുപ്രകാരം ജില്ലയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ഏനാമാക്കലാണ്. 24 മണിക്കൂറിനുള്ളിൽ 115 മില്ലി മീറ്റർ മഴ ലഭിച്ചു. കുറവ് കൊടുങ്ങല്ലൂരാണ്, 18 മില്ലിമീറ്റർ. മഴമാപിനിയിൽ രേഖപ്പെടുത്തിയ മറ്റിടങ്ങളിലെ കണക്ക് ഇപ്രകാരമാണ്. കുന്നംകുളം (72.6), ഇരിങ്ങാലക്കുട (22.5), ചാലക്കുടി (38.8), വടക്കാഞ്ചേരി (20), വെള്ളാനിക്കര (31.8) എന്ന നിലയിലാണ്.

Advertisement
Advertisement