കൃഷിയിടം നിറയെ വെള്ളം, ഒലിച്ചുപോയി പ്രതീക്ഷകൾ

Thursday 30 May 2024 12:17 AM IST

വൈക്കം : കനത്ത മഴയിൽ കൃഷിയിടത്തിൽ വെള്ളം കെട്ടി നിന്ന് ഉദയനാപുരം, വാഴമന പ്രദേശങ്ങളിൽ വ്യാപകനാശം. പാട്ടഭൂമിയിൽ കപ്പയും, ഏത്ത വാഴയും കൃഷി ചെയ്തവർക്കാണ് നാശമേറെ. വാഴമന മുട്ടുങ്കൽ പുത്തൻപാലത്തിന് സമീപം 80 സെന്റിൽ കപ്പക്കൃഷി ചെയ്ത നെടുംചിറയിൽ പീതാംബരന്റെ 900 ചുവട് കപ്പയാണ് വെള്ളം കയറി നശിച്ചത്. ഒരു മാസംകൂടി കഴിഞ്ഞ് പാകമായി പറിക്കാനിരിക്കവേയായിരുന്നു. ഇതിനു പുറമെ സമീപത്തെ രണ്ടു പുരയിടങ്ങളിലായി കൃഷി ചെയ്ത കുലച്ച 400 ഏത്തവാഴകളും ഒടിഞ്ഞു നശിച്ചു. വാഴമനയിൽ 30 സെന്റിലും കാരുവേലിൽ പുരയിടത്തിൽ 40 സെന്റിലുമായി പാട്ടഭൂമിയിൽ 450 ഏത്ത വാഴകൾ കൃഷിചെയ്ത തച്ചുതറ സോമന്റെ കൃഷിയിടത്തിൽ അഞ്ചു ദിവസമായി വെള്ളം കെട്ടി നിന്നതിനെ തുടർന്ന് വാഴകളടക്കം ഒടിഞ്ഞു വീണു. ഓണവിപണി ലക്ഷ്യമിട്ട് കൃഷി ചെയ്ത വാഴകളാണിവ. സതീഷ് ഭവനിൽ സദാനന്ദന്റെ 80 വാഴകളും നശിച്ചു.

നീരൊഴുക്ക് നിലച്ചു, വെള്ളം എങ്ങനെ ഒഴുകിപ്പോകും
കൃഷിയിടത്തിലെ പെയ്ത്തു വെള്ളം ഒഴുകിപ്പോകാതെ ദിവസങ്ങളോളം കെട്ടിനിൽക്കുന്നതാണ് കൃഷി നാശത്തിനിടയാക്കുന്നത്. കൃഷിയിടങ്ങളുമായി ബന്ധപ്പെട്ട നാട്ടുതോടുകളും നീർച്ചാലുകളും നീരൊഴുക്കു നിലച്ചു കിടക്കുന്നതാണ് വെള്ളം കെട്ടിനിൽക്കാനിടയാക്കുന്നത്. പുത്തൻപാലം മുട്ടുങ്കൽ തോട്, വാഴമനസൗത്ത് മാനാപ്പള്ളി പാടശേഖരങ്ങളുടെ മദ്ധ്യേ ഒഴുകുന്ന തോടുകളടക്കം എക്കൽ നിറഞ്ഞ് നീരൊഴുക്ക് തടസപ്പെട്ടു. തോടുകളടക്കം ശുചീകരിച്ച് പ്രശ്നത്തിന് പരിഹാരം കാണണമെന്ന് കർഷകർ ആവശ്യപ്പെട്ടു.

Advertisement
Advertisement