മൂല്യനിർണയ രീതി പരിഷ്കരിക്കപ്പെടണം

Thursday 30 May 2024 1:01 AM IST

പത്താംക്ളാസ് പരീക്ഷയിൽ ഇക്കഴിഞ്ഞ വർഷം 99.69 ശതമാനമായിരുന്നു,​ സംസ്ഥാനത്തെ വിജയ ശതമാനം. കഴിഞ്ഞ വ‌ർഷം 99.7 ശതമാനം. നമ്മുടെ വിദ്യാഭ്യാസ രംഗത്തിന്റെ മേന്മയെക്കുറിച്ച് അഭിമാനപുളകം തോന്നിക്കേണ്ടുന്നതാണ് ഈ കണക്ക്. പക്ഷേ,​ ഇതും പൊതുവിദ്യാഭ്യാസത്തിന്റെ ഗുണമേന്മയും തമ്മിൽ പുലബന്ധം പോലുമില്ലെന്ന ദു:ഖസത്യം കഴിഞ്ഞ ദിവസം വകുപ്പ് സംഘടിപ്പിച്ച കോൺക്ളേവിൽ മന്ത്രി വി. ശിവൻകുട്ടി തന്നെയാണ് സങ്കടത്തോടെ പങ്കുവച്ചത്. പൊതുവിദ്യാഭ്യാസത്തിന്റെ ഗുണമേന്മ ഉറപ്പു വരുത്തുന്നതിനായി പത്താംക്ളാസ് വിജയത്തിന് മിനിമം മാർക്ക് ഏർപ്പെടുത്തുന്നത് ഉൾപ്പെടെ,​ വകുപ്പ് ലക്ഷ്യംവയ്ക്കുന്ന പരീക്ഷാ മൂല്യനിർണയ പരിഷ്കരണം സംബന്ധിച്ച ചർച്ചയായിരുന്നു കോൺക്ളേവിന്റെ മുഖ്യ അജണ്ട. നിർഭാഗ്യമെന്നു പറയട്ടെ,​ ഭരണപക്ഷ അനുകൂല അദ്ധ്യാപക സംഘടനയും വിദ്യാർത്ഥി സംഘടനയും മന്ത്രിയുടെ ഉദ്ദേശ്യശുദ്ധിക്കു നേരെ കടുത്ത പ്രതിഷേധമുയർത്തുകയാണ് ചെയ്തത്. അതിന് അവർ ഉന്നയിച്ച താത്വിക വാദമാണ് വിചിത്രം: നിലവാരം മോശമായ വിദ്യാർത്ഥികൾ തോൽക്കാനിടയാകുന്നത് പാർശ്വവത്കരിക്കപ്പെട്ട ഒരു സമൂഹത്തെ സൃഷ്ടിക്കും! ആ സാറന്മാർക്കും പിള്ളേർക്കും നല്ല നമസ്കാരം പറയണ്ടേ?​

കുട്ടികളെല്ലാം ജയിച്ചിട്ടും അവരുടെ നിലവാരം ഉയരാത്തതെന്ത് എന്ന ചോദ്യത്തിന് ഉത്തരംതേടി മറ്രെങ്ങും പോകേണ്ടതില്ല. മൂല്യനിർണയ രീതി പരിഷ്കരിക്കേണ്ടി വരുന്നത് ഏതു സാഹചര്യത്തിലാണെന്ന് മന്ത്രി വി. ശിവൻകുട്ടി കോൺക്ലേവിൽ വിശദീകരിച്ചതാണ്. ദേശീയതലത്തിലുള്ള പ്രവേശന പരീക്ഷകളിൽ കേരളത്തിൽ നിന്നുള്ള കുട്ടികൾ പൊതുവെ പിന്നിലാണ്. ഇവിടുത്തെ പരീക്ഷയിൽ നല്ല മാർക്ക് നേടുന്ന കുട്ടികൾ പോലും അഖിലേന്ത്യാ തലത്തിലുള്ള പരീക്ഷകളിൽ പിന്നാക്കം പോകുന്ന സ്ഥിതി മാറണം. അതുണ്ടാകണമെങ്കിൽ കുട്ടികളുടെ ബോധന നിലവാരവും ബൗദ്ധികശേഷിയും ഓർമ്മശക്തിയും ക്രിയാശേഷിയുമൊക്കെ പരിശോധിക്കപ്പെടുന്നതാകണം മൂല്യനിർണയ രീതി. ഇതൊക്കെ ലക്ഷ്യമിടുന്ന മൂല്യനി‍ർണയ പരിഷ്കരണ സമ്പ്രദായത്തിന് തുരങ്കംവയ്ക്കാൻ തത്പരകക്ഷികൾ എടുത്തു പ്രയോഗിക്കുന്ന മൂർച്ചയുള്ള ഒരായുധമുണ്ട്- എസ്.സി,​ എസ്.ടി വിഭാഗങ്ങളും മറ്റു പിന്നാക്ക വിഭാഗങ്ങളും പിന്തള്ളപ്പെട്ടുപോകാൻ ഈ പരിഷ്കരണം ഇടയാക്കും!

സർവരും നിർബന്ധപൂർവം ജയിപ്പിക്കപ്പെടുന്ന സമ്പ്രദായത്തിന്റെ ഔദാര്യത്തിനു പിന്നിലെ രാഷ്ട്രീയോദ്ദേശ്യവും സമുദായ കാർഡും തിരിച്ചറിയാത്തവരല്ല പിന്നാക്ക വിഭാഗങ്ങൾ. അവർക്കു വേണ്ടത് ആരുടെയും ഔദാര്യവുമല്ല. മികച്ച പഠനസൗകര്യങ്ങൾക്കുള്ള അവസരവും പിന്തുണയും സാമ്പത്തിക സഹായവും നല്കി,​ എസ്.സി,​ എസ്.ടി,​ പിന്നാക്ക വിഭാഗം വിദ്യാർത്ഥികൾക്ക് സാമൂഹികതുല്യത ഉറപ്പുവരുത്തുന്നതിനു പകരം,​ അവർ മണ്ടന്മാരെന്ന് നിശ്ചയിക്കുകയും കൂട്ടജയത്തിലൂടെ അവരെയെല്ലാം ഉന്നമനത്തിലേക്ക് നയിക്കുകയാണ് തങ്ങളെന്ന അവകാശവാദം ഉന്നയിക്കുകയും ചെയ്യുന്ന വിചിത്ര മിടുക്കിന്റെ ടെക്‌നിക്കിനെ എന്തു പേരിട്ട് വിളിക്കണം?​ വെറുതേ കോരിക്കിട്ടുന്ന മാർക്കല്ല,​ അതു നേടാനുള്ള സൗകര്യമാണ് സർക്കാർ ഒരുക്കേണ്ടതെന്ന് പിന്നാക്ക വിഭാഗങ്ങൾക്ക് അറിയാം. അതുകൊണ്ട്,​ അവരുടെ പേരിൽ തത്പര അജണ്ട നടപ്പാക്കാനുള്ള പരിപ്പ് ഇവിടെ വേവുകയില്ല.

മൂല്യനിർണയ പരിഷ്കരണ നീക്കങ്ങളെ ദുർബലപ്പെടുത്താനേ ഈ പറഞ്ഞതുപോലെ ചിലരുടെ വാദഗതികളും വിമർശനങ്ങളും ഉപകരിക്കൂ എന്നാണ് മന്ത്രി പറഞ്ഞത്. കുട്ടികളുടെ നിലവാരം കുറയുന്നെങ്കിൽ നമ്മുടെ സമ്പ്രദായത്തിന് എന്തോ തരക്കേടുണ്ടെന്ന് തിരിച്ചറിയണം. പാഠ്യപദ്ധതി പരിഷ്കരിക്കണം. അദ്ധ്യയന രീതി മാറണം. കുട്ടികളുടെ മാത്രമല്ല,​ അദ്ധ്യാപകരുടെയും നിലവാരം പരീക്ഷിക്കപ്പെടണം. മൂല്യനിർണയ രീതി തീർച്ചയായും മാറണം. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കോൺക്ളേവിലെ ആശയങ്ങൾ കരിക്കുലം കമ്മിറ്റി ചർച്ച ചെയ്ത് മുഖ്യമന്ത്രിക്ക് സമർപ്പിക്കുകയാണ് ചെയ്യുക. മാ‌ർക്കുള്ള മണ്ടന്മാരെയല്ല; മികവിന്റെ ഉന്നതശ്രേണികളിലേക്ക് കയറിപ്പോകാൻ ശേഷിയുള്ള മിടുക്കരെയാണ് കേരളത്തിനു വേണ്ടതെന്ന് നവകേരള സൃഷ്ടിക്കായി യത്നിക്കുന്ന മുഖ്യമന്ത്രിക്ക് അറിയാം. പൊതുവിദ്യാഭ്യാസ മന്ത്രി ലക്ഷ്യമിടുന്ന മൂല്യനിർണയ പരിഷ്കരണത്തെ കേരളം ഒരുമിച്ചുനിന്ന് പിന്തുണയ്ക്കുകയാണ് വേണ്ടത്.

Advertisement
Advertisement