നിർഗുണൻ ഗോപകുമാർ

Thursday 30 May 2024 12:05 AM IST

ഗോപന്റെ കൊല്ലത്തെ വീട്ടിലേക്കുള്ള കാർയാത്രയിലാണ് നിർഗുണന്റെ കഥ കോയിക്കൽ കുഞ്ഞുമോൻ ചേട്ടൻ പറ‍ഞ്ഞത്. കൂടെയുണ്ടായിരുന്ന റസിഡന്റ്സ് അസോ. ഭാരവാഹികളായ ഭഗവാൻ രാഘവനും സഖാവ് പൂക്കുഞ്ഞും പട്ടാളം കുട്ടൻപിള്ളയും വൈതരണി ഗോപിയും കുഞ്ഞുമോൻ ചേട്ടന്റെ കഥയിൽ മുഴുകി...

പുതുപ്പുരയ്ക്കൽ തറവാട്ടിലെ പുരുഷോത്തമന്റെ ഇളയ സന്തതിയാണ് പി. പി. ഗോപകുമാർ. 'പു. പു" എന്ന

ചുരുക്കപേരിൽ അറിയപ്പെടുന്ന പുതുപ്പുരയ്ക്കൽ പുരുഷോത്തമൻ കശുഅണ്ടി സംഭരണ ബിസിനസിൽ അഗ്രഗണ്യനായിരുന്നു. പത്താംക്ളാസിൽ കണക്കിനും ഇംഗ്ലീഷിനും അഞ്ചു മാർക്കിൽ കൂടുതൽ നേടാൻ പണിക്കർ സാറിന്റെ ശാന്തിനികേതൻ ട്യൂട്ടോറിയലിൽ മൂന്നുവർഷം പഠിച്ചിട്ടും ഗോപകുമാറിന് കഴിഞ്ഞില്ല.

പഠിത്തം നിറുത്തിയ ഗോപന് അച്ഛന്റെ ബിസിനസിൽ താത്പര്യമില്ലായിരുന്നു. സ്വന്തം ഇഷ്ടത്തിന് പല ബിസിനസും പരീക്ഷിച്ചു. പലചരക്കു കട,​ സൂപ്പർ മാർക്കറ്റ്,​ സ്വർണ പണയം,​ റിയൽ എസ്റ്റേറ്റ്.... അങ്ങനെ പലതും. എല്ലാം വൻ പരാജയത്തിൽ കലാശിച്ചു. ചരിത്രാദ്ധ്യാപകനായ പ്രൊഫ. ജോൺ തോമസ് ആണ് ഗോപകുമാറിന് 'നിർഗുണൻ ഗോപൻ" എന്ന പേരു ചാർത്തിയത്. പ്രായോഗികമല്ലാത്ത പദ്ധതികൾ നടപ്പാക്കി പരാജയപ്പെട്ട 1891 -ലെ മലബാർ കളക്ടർ സർ ആർതർ റൗളണ്ട് ക്ണാപ്പിനെ ഓർത്ത്,​ സായിപ്പിന്റെ പേരിന്റെ അവസാന ഭാഗത്തിനൊപ്പം ഒരു ചില്ലക്ഷരം കൂടി ചേർത്ത് രണ്ടാമതൊരു പേരുകൂടി ജോൺ സാർ സൃഷിച്ചിരുന്നുവെന്ന് പറയാതെ വയ്യ!

നാട്ടിൽ നിൽക്കാൻ പ്രയാസപ്പെട്ട നിർഗുണൻ പാലക്കാട്ടു പോയി ഒരു പട്ടരുടെ കടയിൽ ജോലി നേടി. അച്ഛന്റെ നിർബന്ധം കാരണം കൊല്ലത്തുള്ള കശുഅണ്ടി തൊഴിലാളി യൂണിയൻ നേതാവിന്റെ മകളെ വിവാഹം കഴിക്കുകയും കൊല്ലത്ത് താമസമാക്കുകയും ചെയ്തു. കഥ ഇത്രത്തോളം എത്തിയപ്പോഴേക്കും ഞങ്ങൾ ടിയാന്റെ 'പുതുപ്പുരയ്ക്കൽ കാഷ്യു ബംഗ്ലാവി"നു മുന്നിലെത്തിയിരുന്നു. അമ്മായിയപ്പൻ സ്ത്രീധനമായി കൊടുത്ത ബംഗ്ലാവിനു മുമ്പിൽ കുറച്ചുനേരം നിന്നപ്പോൾ നേപ്പാളി വാച്ച്മാൻ ഗേറ്റ് തുറന്നു തന്നു. ഒരു സംഘം പട്ടികളുടെ കുരകളാണ് ഞങ്ങളെ എതിരേറ്റത്.

"പ്ലീസ് ക്വയറ്റ്."

നിർഗുണൻ പറഞ്ഞപ്പോൾ കുര നിന്നു. പട്ടരുടെ കടയിൽ ജോലി ചെയ്തപ്പോൾ കുറച്ച് ഇംഗ്ലീഷൊക്കെ പഠിച്ച നിർഗുണൻ വേണ്ടിടത്തും വേണ്ടാത്തിടത്തും അല്പം ഇംഗ്ലീഷ് പ്രയോഗിക്കും. ചായയും കാശുഅണ്ടി പരിപ്പും കഴിച്ചു കൊണ്ടിരുന്നപ്പോൾ പട്ടാളം കുട്ടൻപിള്ള ചർച്ചയ്ക്ക്ക്ക് തുടക്കം കുറിച്ചു: 'എടാ ഗോപാ,​ നാട്ടിലേക്ക് ഇടയ്ക്കൊക്കെ ഒന്നു വാ..."

നിർഗുണൻ മുരണ്ടു: 'ഹു സോ കൊല്ലം,​ ഡോൺട് വാണ്ട്‌ ഹിസ് ഇല്ലം!" കുട്ടൻപിള്ള ചിരിച്ചുകൊണ്ട് പറഞ്ഞു: 'ശരിയാ.... കൊല്ലം കണ്ടവന് ഇല്ലം വേണ്ടെന്നല്ലേ?" നിർഗുണൻ തുടർന്നു: 'ഇപ്പോൾ ഇവിടെ ഇരുപതോളം ഡോഗുകൾ ഉണ്ട്. ജർമ്മൻ ഷേപ്പേർഡ്, കാനെ കോഴ്സൊ, ലാബ്രഡോർ, അൽസേഷ്യൻ, പൊമറേനിയൻ, ഒറിയോ, അമേരിക്കൻ ബുള്ളി... നമ്മളെക്കാൾ ക്ലെവർ ആണ് ഡോഗുകൾ. ഓറിയോ എന്റെ കൂടെയാണ് കിടക്കുന്നത്..."

അല്പം പട്ടിപ്രേമമുള്ള ഭഗവാൻ രാഘവൻ കൂട്ടിച്ചേർത്തു: 'ഹിമാചൽ പ്രദേശത്തെ ബിർബില്ലിങ്കിൽ മലകയറ്റത്തിനിടയിൽ വീണു മരിച്ച രണ്ടുപേർക്കും കൂടെപ്പോയ ജർമൻ ഷെപ്പേർഡ് 48 മണിക്കൂറോളം കാവലിരുന്ന് വേണ്ടപ്പെട്ടവരെ അറിയിക്കാൻ കുരച്ചുകൊണ്ടേയിരുന്നെന്ന് ഇന്നലെ വാർത്തയുണ്ടായിരുന്നു..."

നിർഗുണൻ തുടർന്നു: 'യു ആർ കറക്റ്റ് ഭഗവാൻ. ഈ ഡോഗുകളെ എങ്ങനെ പരിചരിക്കണമെന്ന് എന്നെ കൂടുതൽ പഠിപ്പിച്ചത് തറവാട്ടിൽ വാടകയ്ക്കു താമസിക്കുന്ന യൂത്ത് ഗൈസ് ആണ്..." കറക്ട് ടൈമിംഗോടെ കുഞ്ഞുമോൻ ചേട്ടൻ വിഷയത്തിലേക്ക് ചാടിവീണു: 'ഗോപാ, അതു പറയാനാണ് ഞങ്ങൾ വന്നത്. പട്ടി ഹോസ്റ്റൽ,​ പരിശീലനം എന്നൊക്കെപ്പറഞ്ഞ് ആ വാടകയ്ക്കു താമസിക്കുന്ന അവന്മാർ കഞ്ചാവും ലഹരിയുമൊക്കെ വില്പുന്നവരാണ്. ഇരുട്ടിയാൽ പുലരുംവരെ ആളുകൾ വന്നുപോകുന്നു. ചില ദിവസം ഉച്ചത്തിൽ സംഗീതപരിപാടിയുമുണ്ട്. അയലത്തുകാർക്ക് കിടന്നുറങ്ങാൻ വയ്യ. ഒരുപാട് പരാതികൾ റസിഡന്റ്സ് അസോസിയേഷനു കിട്ടി. പൊലീസുകാരോ എക്സൈസുകാരോ ചെന്നാൽ പട്ടികളെ തുറന്നുവിടും! ആ വാടകക്കാരെ ഒന്നു മാറ്റണം."

മുരണ്ട് കുരച്ചു ചാടിയെണീറ്റ് നിർഗുണൻ അലറി: 'യുവർ ദാൽ ഡോൺട് കുക്ക് ഹിയർ. യു ഗോ ഫോർ യുവർ സോങ്!" (നിങ്ങളുടെ പരിപ്പ് ഇവിടെ വേവില്ല. നിങ്ങൾ നിങ്ങളുടെ പാട്ടിനു പോകൂ എന്ന് പരിഭാഷ) സഖാവ് പൂക്കുഞ്ഞ് തിരിച്ചടിച്ചു: 'നിർഗുണാ,​ താൻ ഇരിക്കേണ്ടിടത്ത് താൻ ഇരുന്നില്ലെങ്കിൽ അവിടെ പട്ടി കയറി ഇരിക്കും. പറഞ്ഞില്ലെന്നു വേണ്ട."

'കാഷ്യു ബംഗ്ളാവി"ൽ നിന്ന് ഇറങ്ങുമ്പോൾ കുഞ്ഞുമോൻ ചേട്ടൻ ഒരു താക്കീതോടെ പറഞ്ഞു: 'നിർഗുണാ,​ പറഞ്ഞതു ചെയ്തില്ലെങ്കിൽ ഞങ്ങൾക്ക് പ്ലാൻ ബി ചെയ്യേണ്ടി വരും!" യാത്രയ്ക്കിടയിൽ ആ പ്ലാൻ ബി എന്തെന്ന് കുഞ്ഞുമോൻ ചേട്ടനോട് ആരും ചോദിച്ചില്ല. നാരങ്ങാ മണമുള്ള കാറിൽ നിന്നിറങ്ങുമ്പോൾ എല്ലാവരും കൈയടിച്ചു പറഞ്ഞു: 'കുഞ്ഞുമോൻ ചേട്ടന്റെ പ്ലാൻ ബി സിന്ദാബാദ്!"

Advertisement
Advertisement