കൊട്ടിയൂർ പെരുമാൾക്ക് ഇളനീർ സമർപ്പിച്ചു; ഇളനീരാട്ടം ഇന്ന്

Wednesday 29 May 2024 10:16 PM IST

കൊട്ടിയൂർ: തിരുവോണം നാളിലെ ആരാധനാ പൂജയിൽ പെരുമാൾക്ക് പാലമൃതഭിഷേകം നടത്തി.സന്ധ്യാ പൂജയ്ക്ക് ഒപ്പമാണ് പാലമൃത് എന്ന് വിളിക്കപ്പെടുന്ന പഞ്ചഗവ്യം സ്വയംഭൂ വിഗ്രഹത്തിൽ അഭിഷേകം ചെയ്തത്. ഉഷഃപൂജയ്ക്ക് ശേഷമാണ് ആരാധനാ പൂജ നടന്നത്.ആരാധനാ പൂജയുടെ ഭാഗമായി ഉച്ചയ്ക്ക സ്വർണം, വെള്ളി പാത്രങ്ങൾ എഴുന്നള്ളിക്കുന്ന പൊന്നിൻ ശീവേലിയും ആരാധനാ സദ്യയും നടന്നു.

സന്ധ്യയ്ക്ക് പാലമൃതഭിഷേകം കഴിഞ്ഞാണ് ഇളനീർ വെപ്പ് ചടങ്ങുകൾ ആരംഭിച്ചത്. രാത്രി രാശി വിളിക്കും വരെ പാരമ്പര്യ അവകാശികളായ തണ്ടയാന്മാർ കിഴക്കേ നടയായ മന്ദചേരിയിലെ ബാവലിപ്പുഴക്കരയിൽ ഇളനീർ വെപ്പിന് മുഹൂർത്തം കാത്തിരുന്നു. കഞ്ഞിപ്പുരകളിൽ താമസിച്ചിരുന്ന ഇളനീർ വ്രതക്കാർ ഇന്നലെ സന്ധ്യവരെ കൊട്ടിയൂരിലേക്ക് ഇളനീർക്കാവുകളും എഴുന്നള്ളിച്ചെത്തി.വേട്ടയ്‌ക്കൊരു മകൻ ക്ഷേത്രത്തിൽ നിന്ന് എരുവട്ടിതണ്ടയാൻ എണ്ണയും ഇളനീരുമായി ഇന്നലെ കൊട്ടിയൂരിൽ എത്തിച്ചേർന്നു.രാത്രി തിരുവഞ്ചിറയിലെ കിഴക്കേ നടയിൽ കാര്യത്ത് കൈക്കോളൻ തട്ടും പോളയും വിരിക്കുകയും കുടിപതി കാരണവർ വെളളി ക്ടാരം വച്ച് രാശി വിളിക്കുകയും ചെയ്തതോടെയാണ് ഇളനീർ വെപ്പ് ആരംഭിച്ചത്.

കോട്ടയത്ത് വാക്കന്റെ കുഴലൂത്തിന്റെയും മുന്നൂറ്റാന്റെ വാദ്യത്തിന്റെയും അകമ്പടിയോടെ വീരഭദ്ര വേഷത്തിൽ അഞ്ഞൂറ്റാൻ കിഴക്കേ നടയിലേക്ക് എഴുന്നള്ളി നിന്നു. രാശി വിളിച്ചതോടെ ക്ഷേത്രത്തിന്റെ കിഴക്കേ നടയായ മന്ദചേരിയിൽ ബാവലി കരയിൽ മുഹൂർത്തം കാത്തിരുന്ന വ്രതക്കാർ ഇളനീർ കാവുമായി പുഴയിൽ മുങ്ങിയ ശേഷം ഓടി സന്നിധാനത്ത് എത്തി തട്ടും പോളയും പടച്ച സ്ഥാനത്ത് മൂന്ന് വലം വച്ച ശേഷം ഇളനീർ കാവുകൾ സമർപ്പിച്ച് ഭണ്ഡാരം പെരുക്കി വീരഭദ്രനെ വണങ്ങിയ ശേഷം മടങ്ങി .


അഷ്ടമി ആരാധനയും ഇളനീരാട്ടവും ഇന്ന്

ഇന്ന് രാവിലെ മുതൽ കാര്യത്ത് കൈക്കോളനും സംഘവും ചേർന്ന് വ്രതക്കാർ സമർപ്പിച്ച ഇളനീരുകളുടെ കാവുകൾ നീക്കം ചെയ്ത് മുഖം ചെത്തി മണിത്തറയിൽ കൂട്ടിത്തുടങ്ങും.ഇത് പൂർത്തിയായാൽ ഉച്ചയ്ക്ക് അഷ്ടമി ആരാധനാ പൂജയും നടത്തും.
ഉച്ചശീവേലിക്ക് ശേഷം ഭണ്ഡാര അറയ്ക്ക് മുന്നിലാണ് അഷ്ടമി ആരാധന . പന്തീരടി കാമ്പ്രം സ്ഥാനികനാണ് കാർമ്മികൻ. തെയ്യംപാടിയുടെ വീണാവാദനത്തിനൊപ്പം നടത്തുന്ന പൂജയിൽ പ്രധാന സ്ഥാനികരും ഊരാളന്മാരും മാത്രമാണ് പങ്കെടുക്കുന്നത്.രാത്രിയിലാണ് ഇളനീരാട്ടം. ചെത്തിയൊരുക്കിയ ഇളനീരുകൾ മണിത്തറയിൽ ശ്രീകോവിലിനുള്ളിൽ കൂട്ടിയിടും.തുടർന്ന് ദൈവം വരവെന്ന് അറിയപ്പെടുന്ന കൊട്ടേരിക്കാവ് മുത്തപ്പന്റെ എഴുന്നള്ളത്തിനായി കാത്തിരിക്കും. അതിവേഗത്തിൽ ഓടിയെത്തുന്ന ദൈവം സന്നിധാനത്ത് എത്തി അരിയും കളഭവും സ്വീകരിച്ച് മടങ്ങും. അനുമതി നൽകി ദൈവം മടങ്ങിയാൽ ഇളനീരാട്ടം ആരംഭിക്കും. ദൈവത്തിനൊപ്പം എത്തുന്ന സംഘം കോവിലകം കൈയാല തീണ്ടുകയെന്ന ചടങ്ങും നടത്തും.കിരാതമൂർത്തി വേഷത്തിൽ പുറങ്കലയൻ എത്തുമ്പോൾ പാലക്കീഴിൽ നിന്നും ദൈവത്തിന് ഒപ്പം എത്തുന്ന ഒറ്റപ്പിലാനും സംഘവുമാണ് കോവിലകം കൈയാല തീണ്ടുന്നത്.

Advertisement
Advertisement