ജില്ലയിൽ തോരാമഴ തീരാദുരിതം

Thursday 30 May 2024 1:21 AM IST

# 5വീട് പൂർണ്ണമായും 59എണ്ണം ഭാഗികമായും തകർന്നു

ആലപ്പുഴ : ശക്തമായ കാറ്റിലും മഴയിലും ജില്ലയിൽ വ്യാപകനാശം. അമ്പലപ്പുഴയിൽ വീടിന്റെ മുൻഭാഗം തകർന്നു. തലവടിയിൽ വീടിന്റെ മേൽക്കൂര പറന്നു പോയി. താഴ്ന്ന പ്രദേശങ്ങൾ പൂർണ്ണമായും വെള്ളത്തിലായി. റോഡുകൾ തോടായി. വ്യാപകമായി കൃഷി നശിച്ചു. മരങ്ങളും മരക്കൊമ്പുകളും വീണ് പലസ്ഥലങ്ങളിലും ഗതാഗതം തടസപ്പെട്ടു. വൈദ്യുതിവിതരണം തടസപ്പെട്ടു. ജില്ലയിൽ 10,000ത്തോളം വീടുകൾ വെള്ളത്തിലായി. തോരമഴയിൽ കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തി പ്രാപിച്ചതോടെ കുട്ടനാട്, അമ്പലപ്പുഴ, കാർത്തികപ്പള്ളി താലൂക്കികളിലെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളാണ് വെള്ളത്തിലായത്. ചമ്പക്കുളം പഞ്ചായത്തിൽ മാനങ്കരി,ചെമ്പഴിചെക്കരി, ഇഴുമുറി, പുല്ലങ്ങടി എന്നിവടങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായി. അഞ്ച് വീടുകൾ പൂർണ്ണമായും 59 വീടുകൾ ഭാഗികമായി തകർന്നു. 17 ദുരിതാശ്വാസക്യാമ്പുകളിലായി 354കുടുംബങ്ങളിലെ 1052 പേരെ മാറ്റി പാർപ്പിച്ചു.

1.അമ്പലപ്പുഴ, പുന്നപ്ര, തലവടി എന്നിവടങ്ങളിൽ വീടുകൾ തകർന്നു. അമ്പലപ്പുഴ ദൈവത്തിങ്കൽ വീട്ടിൽ പ്രദീപിന്റെ വീടിന്റെ മുൻഭാഗമാണ് തകർന്നത്. ഉറക്കത്തിലായിരുന്ന പ്രദീപും ഭാര്യ, രണ്ട് പെൺമക്കളും അത്ഭുതകരമായി രക്ഷപ്പെട്ടു. കിടങ്ങാംപറമ്പ് ക്ഷേത്രത്തിലെ സപ്താഹയജ്ഞ വേദിയും ചുറ്റമ്പലവും മൈതാനവും വെള്ളത്തിൽ മുങ്ങി

2. സക്കറിയ ബസാർ വട്ടപ്പള്ളി, എഫ്.സി.ഐ സമീപം ഉപ്പൂറ്റി പാലം, പുലയൻ വഴി, ചാത്തനാട് കുട്ടൻ പറമ്പ്, വെളളകിണർ ട്രാഫിക് സ്റ്റേഷന് മുൻവശം, കൈനകരി തോട്ടുകവല എന്നീ റോഡുകളിൽ മരം വീണു. ചാത്തനാട് മരം വൈദ്യുതി ലൈൻ വീണ് ഗതാഗതം തടസപ്പെട്ടു.

തലവടി പഞ്ചായത്ത് പൂന്തുരുത്തി പട്ടമന അഞ്ചിൽ മണി വീടിന്റെ മേൽക്കൂര പറന്നുപോയി.

3. അമ്പലപ്പുഴ അഞ്ചും ചേർത്തല, കുട്ടനാട്, മാവേലിക്കര ഒന്നുവീതവും ചേർത്തല മൂന്നും കാർത്തികപ്പള്ളിയിൽ ആറും വീതവും ദുരിതാശ്വാസക്യാമ്പുകളാണ് ഇന്നലെ ആരംഭിച്ചത്. അമ്പലപ്പുഴ, കാർത്തികപ്പള്ളി, കുട്ടനാട് താലൂക്കുകളിലെ വിവിധ ഇടങ്ങളിൽ ക്യാമ്പുകൾ സജ്ജമാക്കിയിട്ടുണ്ട്

3. തോട്ടപ്പള്ളി പൊഴിതുറന്നെങ്കിലും നീരൊഴുക്ക് ശക്തമാകാത്തത് കുട്ടനാട്, അപ്പർകുട്ടനാട് പ്രദേശത്തെ പ്രളയ ഭീതിയിലാക്കി. മരങ്ങളും മരക്കൊമ്പുകളും വീണ് തകർന്ന വൈദ്യുതി ബന്ധം പലയിടത്തും പൂർണമായി പുനഃസ്ഥാപിക്കാനായിട്ടില്ല. കിഴക്കൻ വെള്ളത്തിന്റെ വരവ് അതിശക്തമായി തുടരുന്നുണ്ട്

4. തീരദേശ റോഡിലേക്ക് കടൽവെള്ളം ഇരച്ചുകയറിയതിനെ തുടർന്ന് വലിയഴീക്കൽ ഭാഗത്തേക്കുള്ള യാത്ര ദുരിതത്തിലായി. ചമ്പക്കുളം, വൈശ്യംഭാഗം, പുല്ലങ്ങടി ഭാഗത്ത് 350ൽ അധികം വീടുകൾ വെള്ളത്തിലായി. ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിലെ പലഭാഗങ്ങളും വെള്ളക്കെട്ടിലായി.

ദുരിതാശ്വാസ

ക്യാമ്പുകൾ

ആകെ : 17

കാർത്തികപ്പള്ളി: 6

അമ്പലപ്പുഴ: 5

ചെങ്ങന്നൂർ : 1

ചേർത്തല: 3

കുട്ടനാട്: 1

മാവേലിക്കര: 1

കുടുംബങ്ങൾ: 354

അംഗങ്ങൾ: 1052

തകർന്ന വീടുകൾ

പൂർണ്ണം: 5

ഭാഗികം: 59

Advertisement
Advertisement