മുട്ടത്തറ നഴ്സിംഗ് കോളേജ് കെട്ടിടം വാടകയ്ക്കെടുത്തതിൽ ക്രമക്കേടെന്ന് കണ്ടെത്തൽ

Thursday 30 May 2024 1:45 AM IST

തിരുവനന്തപുരം: ആരോഗ്യ വകുപ്പിന് കീഴിലുള്ള മുട്ടത്തറ സി- മെറ്റ് നഴ്സിംഗ് കോളേജിനു വേണ്ടി കെട്ടിടം വാടകയ്ക്കെടുത്തതിൽ ക്രമക്കേടുണ്ടെന്ന് സംസ്ഥാന ഓഡിറ്റ് വകുപ്പിന്റെ റിപ്പോർട്ട്. പാറ്റൂരിൽ കെട്ടിടം വാടകയ്ക്കെടുത്തത് മാനദണ്ഡങ്ങൾ ലംഘിച്ചാണെന്നും 2018- 2021 കാലയളവിൽ വാടകയിനത്തിൽ നൽകിയ 1.28 കോടിയിൽ ക്രമക്കേടുണ്ടെന്നുമാണ് കണ്ടെത്തൽ.

2018ലാണ് സെന്റ് ഇഗ്നേഷ്യസ് ക്നാനായ ചർച്ചിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലേക്ക് കോളേജിന്റെ പ്രവർത്തനം മാറ്റിയത്. അധികൃതരുടെ അംഗീകാരമില്ലാതെ സ്വന്തം നിലയിൽ പ്രിൻസിപ്പൽ കെട്ടിടം വാടകയ്ക്കെടുക്കുകയായിരുന്നു. 12 ലക്ഷം രൂപ സെക്യൂരിറ്റിയും പ്രതിമാസം 4 ലക്ഷം രൂപ വാടകയായും നിശ്ചയിച്ചു. എന്നാൽ തുക നിശ്ചയിച്ചത് ആരാണെന്നോ എന്തടിസ്ഥാനത്തിലാണെന്നോ വ്യക്തതയില്ലെന്ന് ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കു നൽകിയ കെ.എച്ച്.ആർ.ഡബ്ലിയു.എസ് റിപ്പോർട്ടിൽ പറയുന്നു. നടപടിക്രമങ്ങൾ പാലിക്കാതെ കെട്ടിടം വാടകയ്ക്കെടുക്കാൻ സി- മെറ്റ് ഡയറക്ടർ അംഗീകാരം നൽകുകയും ചെയ്തു.

2015ൽ മൂന്ന് വർഷത്തിനകം സ്വന്തമായി കെട്ടിടം നിർമ്മിക്കാമെന്ന ഉറപ്പിലാണ് കോളേജിന് നഴ്സിംഗ് കൗൺസിൽ അംഗീകാരം നൽകിയത്. എന്നാൽ പ്രവർത്തനം തുടങ്ങി ഒൻപത് വർഷമായിട്ടും സ്വന്തമായി കെട്ടിടമുണ്ടാക്കാനായിട്ടില്ല.

സർക്കാർ കെട്ടിടം ലഭ്യമല്ലെങ്കിൽ കുറഞ്ഞ നിരക്കിൽ കെട്ടിടം വാടകയ്ക്കെടുക്കേണ്ടത് ബന്ധപ്പെട്ട ഭരണ (ആരോഗ്യ, കുടുംബക്ഷേമ) വകുപ്പാണ്. അനുയോജ്യമായ കെട്ടിടം കണ്ടെത്തി പൊതുമരാമത്ത് കെട്ടിടം വിഭാഗം അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയറിൽ നിന്ന് സാക്ഷ്യപത്രം ലഭ്യമാക്കണം. കെട്ടിടത്തിന്റെ കാലപ്പഴക്കവും സ്ഥലസൗകര്യവും കണക്കാക്കി വാടക നിശ്ചയിക്കേണ്ടത് അസിസ്റ്റന്റ് എൻജിനിയർ അല്ലെങ്കിൽ അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയറാണെന്നും ചട്ടത്തിൽ പറയുന്നു.

Advertisement
Advertisement