മഴക്കാലത്ത് വീടുകളിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത് ഇക്കാര്യം, അപകടം വരുന്നത് ഇങ്ങനെ

Wednesday 29 May 2024 11:50 PM IST

വേനൽക്കാലത്തെന്ന പോലെ മഴക്കാലത്തും പാമ്പുകളുടെ ശല്യം താരതമ്യേന കൂടുതലാണ്. പാമ്പുകടിയേൽക്കുന്ന സംഭവങ്ങളും വർദ്ധിക്കുന്നുണ്ട്. വീടുകളിൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ പാമ്പുശല്യം ഒഴിവാക്കാൻ കഴിയും. പാമ്പുകൾ വരാനുള്ള സാഹചര്യം വീട്ടിലും പരിസരങ്ങളിലും ഒഴിവാക്കാൻ ശ്രദ്ധിക്കണം. പൊത്തുകൾ, മാളങ്ങൾ എന്നിവയുണ്ടെങ്കിൽ അവ എത്രയും വേഗം അടയ്ക്കേണ്ടതാണ്.

വീടും പരിസരവും എപ്പോഴും വ്യത്തിയായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. കാടുപിടിച്ചുകിടക്കുന്ന പറമ്പുകൾ പുല്ലും മറ്റും വെട്ടി വൃത്തിയാക്കുന്നത് പാമ്പുശല്യം ഒഴിവാക്കാൻ സഹായിക്കും. കരിയില, തടികൾ, ഓല, കല്ലുംകട്ടയും, പ്ലാസ്റ്റിക് വസ്തുക്കൾ എന്നിവയുടെ ഇടയിൽ പാമ്പുകൾ കയറികിടക്കുന്നത് പതിവാണ്. അതിനാൽ ഇവ വീടിന്റെ പരിസരത്തോ ജനലുകൾക്ക് അരികിലോ കൂട്ടി ഇടാതിരിക്കാൻ ശ്രദ്ധിക്കണം.

വീടിന്റെ പരിസരങ്ങളിൽ വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കണം. വെള്ളത്തിന്റെ സാന്നിദ്ധ്യം പാമ്പുകളെ ആകർ,ഷിക്കും, പ്രത്യേകിച്ച് വെള്ളത്തിൽ ജീവിക്കുന്ന പാമ്പുകൾക്ക്. പൂന്തോട്ടങ്ങളിൽ വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത്. വീടിന് പരിസരങ്ങളിൽ പട്ടിക്കൂട്, കോഴിക്കൂട് എന്നിവ ഉണ്ടെങ്കിൽ ശ്രദ്ധിക്കണം. കോഴിക്കൂട്ടിൽ പാമ്പുകളുടെ സാന്നിദ്ധ്യം സാധാരണമാണ്.

വീടിനും തോട്ടത്തിനും സംരക്ഷണവേലി കെട്ടുന്നത് പാമ്പുകളിൽ നിന്ന് രക്ഷ തരും. പാമ്പു ശല്യമുള്ള പ്രദേശങ്ങളിൽ വെളുത്തുള്ളി ചതച്ചിടുന്നതും കുന്തിരിക്കം പുകയ്ക്കുന്നതു വഴിയും പാമ്പുകളെ അകറ്റാം. .

വെളുത്തുള്ളി ചതച്ചു വെള്ളത്തില്‍ കലക്കി ഈ വെള്ളം വീട്ടിലും ചുറ്റുപാടിലും തളിക്കുകയും ചെയ്യാം. സവാള ചതച്ചോ നീരെടുത്ത വെള്ളമോ വീടിനു ചുറ്റും വിതറാം. ഇതിലെ സൾഫറിന്റെ ഗന്ധം പാമ്പുകൾക്ക് അലോസരമുണ്ടാക്കുന്നു. നാഫ്തലീന്‍ ഗുളിക, വിനാഗിരി, മണ്ണെണ്ണ തുടങ്ങിയവ വീടിനു ചുറ്റും തളിയ്ക്കുന്നതും പാമ്പിനെ അകറ്റി നിര്‍ത്തുന്നതിന് സഹായിക്കും. ചെണ്ടുമല്ലി പോലുളള ചെടികള്‍ വീടിന്റെ അതിരുകളിൽ വച്ചുപിടിപ്പിക്കാം.. ഈ പൂക്കളുടെ ഗന്ധം പൊതുവെ പാമ്പുകൾക്ക് അലോസരമുണ്ടാക്കുന്നതാണ്

Advertisement
Advertisement