പ്രജ്വലിന് തിരിച്ചടി: കേസ് അടിയന്തരമായി പരിഗണിക്കില്ല, നാളെ ബംഗളൂരുവിൽ എത്തിയേക്കും

Thursday 30 May 2024 1:05 AM IST

ബംഗളൂരു: ലൈഗികാതിക്രമക്കേസിൽ അന്വേഷണം നേരിടുന്ന ഹാസനിലെ ജെ.ഡി.എസ് എം.പിയും എൻ.ഡി.എ സ്ഥാനാർത്ഥിയുമായ പ്രജ്വൽ രേവണ്ണ ബംഗളൂരു സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു. ബംഗളൂരുവിൽ ജനപ്രതിനിധികളുടെ കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്. എന്നാൽ കേസ് അടിയന്തരമായി പരിഗണിക്കാൻ കോടതി വിസമ്മതിച്ചു. ഹർജി ഇന്ന് പരിഗണിക്കണമെന്ന പ്രജ്വലിന്റെ അഭിഭാഷകന്റെ ആവശ്യം കോടതി തള്ളുകയായിരുന്നു.

പ്രത്യേകാന്വേഷണ സംഘത്തിന് ഹർജിയിൽ കോടതി നോട്ടീസയച്ചിട്ടുണ്ട്. കേസ് 31നെ പരിഗണിക്കൂവെന്നും കോടതി വ്യക്തമാക്കി. ഇതോടെ പ്രജ്വലിന് മുൻകൂർ ജാമ്യം ലഭിക്കില്ലെന്നുറപ്പായി. ബംഗളൂരു വിമാനത്താവളത്തിലെത്തിയാൽ ഉടൻ പ്രജ്വലിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്യുമെന്നാണ് വിവരം.
ജർമ്മനിയിൽ നിന്ന് നാളെ പുലർച്ചെ പ്രജ്വൽ ബംഗളൂരുവിൽ എത്തുമെന്ന് റിപ്പോർട്ട് വന്നിരുന്നു. മ്യൂണിക്കിൽ നിന്ന് ബംഗളൂരുവിലേക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്തതായാണ് വിവരം. ഇന്ന് ഉച്ചക്ക് 12.30ന് മ്യൂണിക്കിൽ നിന്നുള്ള ലുഫ്താൻസ എയർ വിമാന ടിക്കറ്റാണ് ബുക്ക് ചെയ്തിരിക്കുന്നത്.

രണ്ടു തവണ പ്രജ്വൽ വിമാന ടിക്കറ്റ് റദ്ദാക്കിയതായും വിവരമുണ്ട്. അതേസമയം,​ 31ന് എസ്‌.ഐ.ടിക്ക് മുമ്പാകെ ഹാജരാകുമെന്ന്‌ പ്രജ്വൽ അറിയിച്ചിരുന്നു. വിമാനത്താവളത്തിൽ എത്തിയാലുടൻ പ്രജ്വലിനെ അറസ്റ്റ് ചെയ്യുമെന്ന് കർണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര പറഞ്ഞു. ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ,

കർണാടകയിലെ നാവേഡു നിലത്തിദ്ദരെയിലെ സംഘടന പ്രജ്വലിനെതിരെ 'ഹസ്സൻ ചലോ' റാലി നടത്തും. അതിനിടെ,​
പ്രജ്വലിന്റെ അശ്ലീല വിഡിയോ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് രണ്ടു പേരെ കൂടി പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) അറസ്റ്റു ചെയ്തു. നവീൻ ഗൗഡ, ചേതൻ കുമാർ എന്നിവരെ മുൻകൂർ ജാമ്യത്തിനായി ഹൈകോടതിയിൽ എത്തിയപ്പോഴാണ് എസ്.ഐ.ടി അറസ്റ്റു ചെയ്തത്. നാളെ പ്രജ്വൽ തിരികെയെത്തുമെന്ന റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെയാണ് അറസ്റ്റ്. ഇതേ കുറ്റത്തിന് രണ്ട് ബി.ജെ.പി പ്രവർത്തകരെ ഈ മാസംആദ്യം അറസ്റ്റു ചെയ്തിരുന്നു.

അശ്ലീല വിഡിയോ പ്രചരിച്ചതിനു പിന്നാലെ പ്രജ്വലിന്റെ ഇലക്ഷൻ ഏജന്റ് പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയിൽ പരാമർശിച്ച നാലുപേരും ഏപ്രിൽ 23 മുതൽ ഒളിവിലായിരുന്നു. ഇതിൽ രണ്ടു പേരാണ് ഇപ്പോൾ അറസ്റ്റിലായത്. ഇവർക്കു പുറമെ പ്രജ്വലിന്റെ മുൻ ഡ്രൈവർ കാർത്തിക്, കോൺഗ്രസ് പ്രവർത്തകനായ എച്ച്.വി. പുട്ടരാജു എന്നിവരും മുൻകൂർ ജാമ്യം തേടിയിരുന്നു. എന്നാൽ ഹാസൻ ജില്ലാകോടതി ഇവരുടെ ജാമ്യാപേക്ഷ തള്ളി.

ഏപ്രിൽ 26നാണ് ഹാസനിൽ തെരഞ്ഞെടുപ്പ് നടന്നത്. ഇതിന് ഏതാനും ദിവസങ്ങൾക്കു മുൻപാണ് പ്രജ്വൽ ഉൾപ്പെട്ട മൂവായിരത്തോളം ലൈംഗിക വിഡിയോകൾ പ്രചരിച്ചത്. ദൃശ്യങ്ങളടങ്ങിയ പെൻഡ്രൈവുകളും സി.ഡിയും പൊതുസ്ഥലങ്ങളിൽ വിതറുകയായിരുന്നു. ഏപ്രിൽ 27ന് രാജ്യംവിട്ട പ്രജ്വലിനെതിരെ പരാതിയുമായി മൂന്ന് സ്ത്രീകളാണ് രംഗത്തുവന്നിട്ടുള്ളത്. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രജ്വലിന്റെ പിതാവ് എച്ച്.ഡി. രേവണ്ണ പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങി.

Advertisement
Advertisement