ആവശ്യം നിരസിച്ച് സുപ്രീംകോടതി കേജ്‌രിവാളിന് തിരിച്ചടി; ജാമ്യം നീട്ടൽ കേൾക്കില്ല

Thursday 30 May 2024 1:09 AM IST

ന്യൂഡൽഹി : മദ്യനയക്കേസിലെ ഇടക്കാല ജാമ്യം നീട്ടണമെന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ ആവശ്യം സുപ്രീംകോടതി പരിഗണിക്കില്ല. സ്ഥിരജാമ്യത്തിനായി കേജ്‌രിവാളിന് വിചാരണക്കോടതിയെ സമീപിക്കാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇ.ഡി അറസ്റ്റിനെതിരെ സമർപ്പിച്ച ഹർജി വിധി പറയാൻ മാറ്രിയ സാഹചര്യത്തിൽ പുതിയ അപേക്ഷ ലിസ്റ്റ് ചെയ്യാനാവില്ലെന്നാണ് സുപ്രീംകോടതി രജിസ്ട്രിയുടെ നിലപാട്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡുമായി ആശയവിനിമയം നടത്തിയാണ് തീരുമാനമെന്ന് അറിയുന്നു. ചൊവ്വാഴ്ച കേജ്‌രിവാളിന്റെ അഭിഭാഷകൻ അഭിഷേക് സിംഗ്‌വി അവധിക്കാല ബെഞ്ചിൽ വിഷയം ഉന്നയിച്ചെങ്കിലും ചീഫ് ജസ്റ്റിസ് തീരുമാനിക്കട്ടെയെന്ന നിലപാടാണ് സ്വീകരിച്ചത്.

വിചാരണക്കോടതി കനിഞ്ഞില്ലെങ്കിൽ, ശനിയാഴ്ച അവസാനഘട്ട വോട്ടെടുപ്പിന് ശേഷം ഞായറാഴ്ച കേജ്‌രിവാൾ തീഹാർ ജയിലിലേക്ക് മടങ്ങണം. മെഡിക്കൽ പരിശോധനയ്ക്കായി ജൂൺ എട്ടുവരെ ജാമ്യം നീട്ടണമെന്നായിരുന്നു സുപ്രീംകോടതിയിലെ അപേക്ഷ.

കൃത്യമായ തെളിവുണ്ടെന്ന് ഇ.ഡി

മദ്യനയക്കേസിൽ കേജ്‌രിവാളിനെതിരായ കുറ്രപത്രം സ്വീകരിക്കണമെന്ന് ഇ.ഡി, റൗസ് അവന്യു കോടതിയോട് ആവശ്യപ്പെട്ടു. ഹവാല ഇടപാടുകാരനും കേസിലെ പ്രതിയുമായ വിനോദ് ചൗഹാനുമായി കേജ്‌രിവാൾ ചാറ്റ് ചെയ്‌തതിന് തെളിവുണ്ട്. 25.5 കോടിയുടെ കോഴയിടപാടാണ് വിനോദ് ചൗഹാൻ മുഖേന നടന്നത്. ഈ പണം ഗോവയിലെ പ്രചാരണത്തിന് ഉപയോഗിച്ചു. ഗോവയിൽ നിന്നാണ് ചൗഹാനെ അറസ്റ്റ് ചെയ്‌തത്. പ്രതിയുടെ വീട്ടിൽ നിന്ന് 1.06 കോടി കണ്ടെടുത്തിരുന്നു. കേജ്‌രിവാൾ ഗോവയിലെ സെവൻ സ്റ്റാർ ഹോട്ടലിൽ താമസിച്ചതും കോഴപണം ഉപയോഗിച്ചാണ്. കോഴയിടപാടിലെ സൂത്രധാരൻ കേജ്‌രിവാളാണെന്നും ഇ.ഡി ആവർത്തിച്ചു. കുറ്റപത്രം സ്വീകരിക്കണമോയെന്ന് ജൂൺ നാലിന് കോടതി തീരുമാനിക്കും.

 സുനിതയ്‌ക്കെതിരെ ഹർജി

കേജ്‌രിവാളിനെ വിചാരണക്കോടതിയിൽ ഹാജരാക്കവെ, നടപടികൾ ഫോണിൽ പകർത്തി ഭാര്യ സുനിത കേജ്‌രിവാൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് ഡൽഹി ഹൈക്കോടതിയിൽ പൊതുതാത്പര്യഹർജി. സുനിതയ്‌ക്കെതിരെ കേസെടുത്ത് പ്രത്യേക സംഘം അന്വേഷിക്കണമെന്നാണ് അഡ്വ. വൈഭവ് സിംഗിന്റെ ഹർജിയിലെ ആവശ്യം. കോടതി നടപടികൾ പരസ്യമാക്കിയത് ജഡ്‌ജിയുടെ ജീവന് ഭീഷണിയായെന്നും ചൂണ്ടിക്കാട്ടി.

Advertisement
Advertisement