ഗാന്ധിയെക്കുറിച്ചുള്ള പരാമർശം മോദിക്കെതിരെ കോൺഗ്രസ്

Thursday 30 May 2024 1:16 AM IST

ന്യൂഡൽഹി: 1982ൽ റിച്ചാർഡ് ആറ്റൻബറോ ഗാന്ധിയെന്ന സിനിമ പുറത്തിറക്കുന്നത് വരെ മഹാത്മാ ഗാന്ധിയേക്കുറിച്ച് ലോകത്തിന് അറിയില്ലായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു ടെലിവിഷൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. തുടർന്ന് മോദിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. ഗാന്ധിയുടെ പൈതൃകം നശിപ്പിക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയ്റാം രമേഷ് എക്സിൽ ആരോപിച്ചു. സ്ഥാനമൊഴിയുന്ന ഒരു പ്രധാനമന്ത്രിയാണ് 1982ൽ ഗാന്ധി സിനിമ പുറത്തിറങ്ങുന്നത് വരെ ലോകത്തിന് മഹാത്മാഗാന്ധിയെ കുറിച്ച് ഒന്നുമറിയില്ല എന്ന് പറഞ്ഞുകൊണ്ടിരിക്കുന്നത്.

ഗാന്ധിയു​ടെ പൈതൃകം ആരെങ്കിലും നശിപ്പിക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അത് ഈ സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി മാത്രമാണ്. അദ്ദേഹത്തിന്റെ സർക്കാരാണ് വാരാണസിയിലെയും ഡൽഹിയിലെയും അഹമ്മദാബാദിലെയും ഗാന്ധിയൻ സ്ഥാപനങ്ങൾ തകർത്തതെന്നും പറഞ്ഞു.

'ലോകത്തിലെ മഹാനായ വ്യക്തിയാണ് ഗാന്ധി. 75വർഷത്തിനിടെ അദ്ദേഹ​ത്തിന്റെ മഹത്വം ലോകത്തെയറിയിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയായിരുന്നു. ആരും അതേക്കുറിച്ച് മനസിലാക്കിയില്ല. എന്നാൽ ഗാന്ധി സിനിമ പുറത്തിറങ്ങിയതോടെ അദ്ദേഹത്തെ ലോകമറിഞ്ഞു". നമ്മളത് ചെയ്തില്ലെന്നാണ് മോദി പറഞ്ഞത്. മാർട്ടിൻ ലൂഥർ കിംഗിനെയും നെൽസൺ മണ്ടേലയെയും ലോകത്തിന് നന്നായി അറിയാം. എന്നാൽ ഗാന്ധിജിയെ അറിയില്ലെന്നും ലോകം മുഴുവൻ സഞ്ചരിച്ചതിന്റെ പരിചയം വച്ചാണ് ഞാനിത് പറയുന്നതെന്നും മോദി പറഞ്ഞു.

Advertisement
Advertisement