ബംഗ്ലാദേശ് എം.പിയുടെ ശരീരഭാഗം സെപ്‌റ്റിക് ടാങ്കിൽ

Thursday 30 May 2024 1:59 AM IST

കൊൽക്കത്ത: കൊല്ലപ്പെട്ട ബംഗ്ലാദേശ് എം.പി അൻവറുൽ അസീം അനാറിന്റെ ശരീര ഭാഗങ്ങൾ സെപ്റ്റിക് ടാങ്കിൽ കണ്ടെത്തി. ആറ് ദിവസത്തെ തെരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്.

കൊലപാതകം നടന്ന കൊൽക്കത്ത ന്യൂടൗണിലെ ഫ്ളാറ്റ് സമുച്ചയത്തിലെ സെപ്റ്റിക് ടാങ്കിൽനിന്നാണ് നാലുകിലോയോളം തൂക്കം വരുന്ന മനുഷ്യമാംസം കണ്ടെത്തിയത്. ഇത് കൊല്ലപ്പെട്ട എം.പി.യുടെ മൃതദേഹാവശിഷ്ടമാണെന്നാണ് പൊലീസ് നിഗമനം. സ്ഥിരീകരിക്കാനായി മൃതദേഹാവശിഷ്ടങ്ങൾ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചു.

അസീം അനാറിനെ കൊലപ്പെടുത്തിശേഷം ശരീരത്തിൽ നിന്ന് തൊലിനീക്കുകയും മൃതദേഹം വെട്ടിനുറുക്കുകയും ചെയ്‌തെന്നായിരുന്നു പ്രതികളുടെ മൊഴി. കൃത്യം നടത്തിയശേഷം പ്രതികൾ ഫ്ളാറ്റിലെ ടോയ്‌ലെറ്റിലൂടെ ഒഴുക്കിക്കളഞ്ഞ മൃതദേഹാവശിഷ്ടങ്ങളാണ് കണ്ടെടുത്തതെന്നാണ് പൊലീസ് നിഗമനം. ഫ്ളാറ്റിന് സമീപമുള്ള കനാലിൽ തെരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല.

കേസിൽ കശാപ്പുകാരനും ബംഗ്ലാദേശ് സ്വദേശിയുമായ ജിഹാദ് ഹവൽദാറിനെ കഴിഞ്ഞദിവസം ബംഗ്ലാദേശ് ധാക്കയിൽ നിന്നെത്തിയ പൊലീസ് ഡിറ്റക്ടീവ് ബ്രാഞ്ച് മേധാവി മുഹമ്മദ് ഹാറൂൺ റഷീദ് വിശദമായി നാലു മണിക്കൂർ ചോദ്യം ചെയ്‌തിരുന്നു.

തുടർന്ന് ന്യൂടൗണിലെ ഫ്ളാറ്റ് സമുച്ചയത്തിലും സമീപത്തെ കനാലിലും പരിശോധന നടത്താ നിർദ്ദേശിക്കുകയായിരുന്നു.

ഫ്ളാറ്റിൽനിന്ന് ശേഖരിച്ച രക്തസാംപിളും അസീം അനാറിന്റെ കുടുംബാംഗങ്ങളുടെ രക്തസാംപിളും ശേഖരിച്ച് ഡി.എൻ.എ പരിശോധന നടത്താനാണ് ധാക്ക പൊലീസിന്റെ നീക്കം. ഇതിനൊപ്പം കൃത്യത്തിനായി ഉപയോഗിച്ച ആയുധങ്ങൾ കണ്ടെടുക്കാനും അന്വേഷണസംഘം ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ന്യൂടൗണിലെ ഒരു ഷോപ്പിംഗ് മാളിൽ ധാക്ക പൊലീസ് പരിശോധന നടത്തി. കൃത്യം നടത്താനായി പ്രതികൾ ഉപയോഗിച്ച കത്തിയും മറ്റ് ആയുധങ്ങളും ഇവിടെനിന്നാണ് വാങ്ങിയതെന്നാണ് നിഗമനം.

അസീം അനാർ കൊലക്കേസിൽ ഷിലാസ്തി റഹ്മാൻ, അമാനുള്ള അമാൻ, ഫൈസൽ അലി എന്നിവരാണ് ബംഗ്ലാദേശിൽ പിടിയിലായിട്ടുള്ളത്. അസീം അനാറിന്റെ സുഹൃത്തായ അഖ്തറുസ്സമാൻ ആണ് കൊലപാതകം ആസൂത്രണംചെയ്തതെന്നാണ് കണ്ടെത്തൽ. ഇതിനായി അഖ്തറുസ്സമാന്റെ കാമുകിയായ ഷിലാസ്തി റഹ്മാനെ ഉപയോഗിച്ച് അസീം അനാറിനെ ഹണിട്രാപ്പിൽ കുരുക്കുകയും തുടർന്ന് ഇദ്ദേഹത്തെ കൊൽക്കത്തയിലേക്ക് വിളിച്ചുവരുത്തുകയുമായിരുന്നു. പിന്നാലെ പ്രതികൾ ആസൂത്രണംചെയ്തതനുസരിച്ച് അസീമിനെ ന്യൂടൗണിലെ ഫ്ളാറ്റിലെത്തിച്ച് കൊലപ്പെടുത്തി. ശേഷം കശാപ്പുകാരനായ ജിഹാദിന്റെ സഹായത്തോടെ മൃതദേഹം വെട്ടിനുറുക്കി പലസ്ഥലങ്ങളിലായി ഉപേക്ഷിക്കുകയായിരുന്നു.

അതിനിടെ, ഇതിന് മുമ്പ് രണ്ടുതവണ പ്രതികൾ അസീമിനെ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ജനുവരി മുതൽ മേയ് വരെ മൂന്നുതവണയാണ് അസീം അനാർ ബംഗ്ലാദേശിൽനിന്ന് കൊൽക്കത്തയിലെത്തിയത്. ഈ മൂന്നുതവണയും പ്രതികൾ എം.പിയെ പിന്തുടർന്നിരുന്നു. മൂന്നാം തവണയാണ് കൃത്യം നടപ്പാക്കിയത്.

ജനുവരി 19ന് അസീം കൊൽക്കത്തയിൽ എത്തിയപ്പോൾ ഇതിന്റെ തലേദിവസം അഖ്തറുസ്സമാനും നഗരത്തിലുണ്ടായിരുന്നു. കേസിലെ പ്രതികളിലൊരാളായ അമാനും ഇതേദിവസം കൊൽക്കത്തയിലെത്തി. തുടർന്ന് ഇരുവരും ചേർന്ന് കൊലപാതകം ആസൂത്രണംചെയ്തു. രണ്ടുദിവസത്തിന് ശേഷം അഖ്തറുസ്സമാന്റെ കാമുകിയായ ഷിലാസ്തി റഹ്മാനും നഗരത്തിലെത്തി. എന്നാൽ, പ്രതികൾക്ക് അന്ന് കൃത്യം നടത്താനായില്ല. ജനുവരി 24ന് അസീം അനാർ തിരികെ ബംഗ്ലാദേശിലേക്ക് മടങ്ങി. ഇതോടെ അഖ്തറുസ്സമാനും കാമുകിയും ജനുവരി 30നും നാട്ടിലേക്ക് തിരിച്ചു. പിന്നീട് മാർച്ച് 18നും അസീം അനാർ കൊൽക്കത്തയിൽ വന്നിരുന്നു. ഈ സമയത്തും പ്രതികൾ കൊലപാതകത്തിനുള്ള പദ്ധതി ആസൂത്രണംചെയ്‌തെങ്കിലും നടപ്പിലാക്കാനായില്ല.

കേസിലെ മുഖ്യപ്രതികളിലൊരാളായ ഷിലാസ്തി റഹ്മാനോടൊപ്പം മറ്റൊരു സ്ത്രീയും ബംഗ്ലാദേശിൽനിന്ന് കൊൽക്കത്തയിലേക്ക് യാത്രചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഷിലാസ്തി റഹ്മാൻ തിരികെ മടങ്ങിയപ്പോളും ഇവർ കൂടെയുണ്ടായിരുന്നതായും ബംഗ്ലാദേശ് പോലീസ് പറയുന്നു. എന്നാൽ, ഇതുസംബന്ധിച്ച കൂടുതൽവിവരങ്ങൾ അന്വേഷണസംഘം വെളിപ്പെടുത്തിയിട്ടില്ല

Advertisement
Advertisement