യുദ്ധം ഏഴ് മാസം കൂടി നീണ്ടുനിൽക്കും: ഇസ്രയേൽ

Thursday 30 May 2024 2:32 AM IST

റഫ: ഗാസയിൽ ഹമാസിനെതിരെ നടത്തുന്ന യുദ്ധം വർഷാവസാനം വരെ തുടരുമെന്ന് ഇസ്രയേൽ. ഞങ്ങൾക്ക് വിജയം ഉറപ്പിക്കാനും ഹമാസിന്റെ സൈനിക ശേഷി ഇല്ലാതാകുന്നതിനും ഇനിയും ഏഴ് മാസം പോരാടേണ്ടി വന്നേക്കാമെന്ന് ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് സാച്ചി ഹനെഗ്ബി പറഞ്ഞു. എല്ലാ ബന്ദികളേയും ഉടൻ തിരികെ എത്തിക്കും. ഹമാസിനെ പൂർണമായി ഇല്ലാതാക്കുന്നതിലൂടെ ഇസ്രയേൽ അതിർത്തിയിൽ ഇറാന്റെ ധനസഹായത്തോടെ നടക്കുന്ന ഭീകരപ്രവർത്തനങ്ങൾ നിൽക്കും- അദ്ദേഹം പറഞ്ഞു. ഗാസയുടെ യുദ്ധാനന്തര ഭാവിയെക്കുറിച്ച് ചർച്ചകൾ നടക്കുകയാണ്. ഗാസ ഭരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ഇന്നലെ റാഫയിൽ ഉടനീളം ആക്രമണം നടന്നു. അത്യാധുനിക ഇസ്രയേൽ ടാങ്കുകൾ റാഫയിൽ എത്തിച്ചു. നിലവിൽ യുദ്ധം രൂക്ഷമായി.

ഗാസ മുനമ്പിനും ഈജിപ്തിനും ഇടയിലുള്ള അതിർത്തി ഫിലാഡൽഫി ഇടനാഴിയിലെ പ്രവർത്തന നിയന്ത്രണം നേടിയതായി ഇസ്രയേൽ സൈന്യം ഇന്നലെ അറിയിച്ചു.മേയ് ഏഴിന് ഈജിപ്തുമായുള്ള റാഫ അതിർത്തി കടന്നുപോകുന്നതിന്റെ നിയന്ത്രണം ഇസ്രയേൽ സൈന്യം ഏറ്റെടുത്തതിന് തൊട്ടുപിന്നാലെയാണ് ഫിലാഡൽഫി ഇടനാഴി പിടിച്ചെടുക്കുന്നത്.

അതിനിടെ, ഗാസയിൽ വെടിനിറുത്തുന്നതിനും പുതിയ യു.എൻ പ്രമേയത്തെക്കുറിച്ചും യു.എസ് ആലോചിക്കുന്നുണ്ട്.

ഞായറാഴ്ച റാഫയിലെ ക്യാമ്പിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 45 പേർ കൊല്ലപ്പെട്ടിരുന്നു. തുടർന്നാണ് അൾജീരിയ യു.എൻ സുരക്ഷാ കൗൺസിൽ അടിയന്തര യോഗം വിളിച്ചത്. തുടർന്ന് പുതിയ പ്രമേയം കൊണ്ടു വരുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുകയായിരുന്നു.

ആക്രമണത്തെ വിമർശിച്ച് സൗദി

റാഫയിൽ അഭയാർത്ഥികൾക്ക് നേരെ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളെ രൂക്ഷമായി വിമർശിച്ച് സൗദി അറേബ്യയും ഖത്തറും. റാഫയിലും ആക്രമണം നടക്കുന്ന പാലസ്തീന്റെ മേഖലകളിലും സംഭവിക്കുന്നതിനെല്ലാം ഉത്തരവാദി ഇസ്രയേലാണെന്ന് സൗദി അറേബ്യ പ്രതികരിച്ചു. പ്രതിരോധമില്ലാത്ത മനുഷ്യരെയാണ് ആക്രമിക്കുന്നതെന്നും സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. നടപടിയെ അപലപിച്ചു കൊണ്ടാണ് സൗദി അറേബ്യയുടെ പ്രസ്താവന.

അഭയാർത്ഥി ടെന്റുകൾ ആക്രമിക്കുന്ന ഇസ്രയേൽ നടപടിയെ അപലപിച്ച് ഖത്തർ വിദേശകാര്യ മന്ത്രാലയവും പ്രസ്താവന പുറത്തിറക്കി. അന്താരാഷ്ട്ര നീതിന്യായ കോടതിയുടേത് ഉൾപ്പടെ തീരുമാനങ്ങൾ നടപ്പാക്കാൻ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് ഖത്തർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. അതേസമയം അറബ് രാജ്യങ്ങൾ ചുമതലപ്പെടുത്തിയ അറബ് ഇസ്ലാമിക് മന്ത്രിതല കമ്മിറ്റി പാലസതീനെ രാഷ്ട്രമായി അംഗീകരിച്ച സ്പെയിനിൽ സന്ദർശനം നടത്തി.

സൗദി വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാന്റെ നേതൃത്വത്തിലുള്ള അറബ് ഇസ്ലാമിക് മന്ത്രിതല കമ്മിറ്റി സ്പെയിൻ പ്രധാനമന്ത്രിയെയും വിദേശകാര്യ മന്ത്രിയെയും കണ്ടു. സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചെസുമായി മാഡ്രിഡിൽ വെച്ചാണ് കൂടിക്കാഴ്ച നടത്തിയത്. പാലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച സ്പെയിനിന്റെ നിലപാടിനെ മന്ത്രിതല സംഘം സ്വാഗതം ചെയ്തു. പാലസ്തീനെ അംഗീകരിച്ച യൂറോപ്യൻ രാഷ്ട്രങ്ങൾ ചരിത്രത്തിന്റെ ശരിയായ പക്ഷത്താണെന്ന് സൗദി വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു. രാജ്യമെന്ന നിലയിലുള്ള അംഗീകാരം പാലസ്തീന് പ്രതീക്ഷ വർദ്ധിപ്പിക്കുമെന്ന് സ്പെയിൻ പ്രധാനമന്ത്രി പറഞ്ഞു. നേരത്തെ പാലസ്തീൻ വിഷയത്തിൽ അന്താരാഷ്ട്ര സമ്മർദ്ദം ശക്തമാക്കാൻ മന്ത്രിതല സംഘം വിവിധ രാഷ്ട്ര തലവന്മാരെ സന്ദർശിച്ചിരുന്നു. അന്താരാഷ്ട്ര ഇടപെടൽ തുടരുന്നതിന്റ ഭാഗമായാണ് സന്ദർശനം.

Advertisement
Advertisement