പ്രമോഷൻ  പരിപാടിക്കിടെ നടി അഞ്ജലിയെ തള്ളിമാറ്റി ബാലയ്യ, പിന്നാലെ പ്രതിഷേധം; വീഡിയോ

Thursday 30 May 2024 11:36 AM IST

ഒട്ടേറെ ആരാധകരുള്ള തെലുങ്ക് സൂപ്പർ സ്റ്റാറാണ് നന്ദമൂരി ബാലകൃഷ്‌ണ. ബാലകൃഷ്ണ നായകനാകുന്ന 'എൻ.ബി.കെ107 'എന്ന തെലുങ്ക് ചിത്രത്തിൽ മലയാളി നടി ഹണി റോസ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. 'ബാലയ്യ' എന്നാണ് നടനെ അറിയപ്പെടുന്നത്.

നടന്റെ ചില ആക്ഷൻ സീനുകൾ അടുത്തിടെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചയായിരുന്നു. ഇപ്പോഴിതാ നടന്റെ ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിക്കുന്നത്. നടി അഞ്ജലിയെ വേദിയിൽ നിന്ന് തള്ളി മാറ്റുന്ന വീഡിയോയാണ് അത്. വീഡിയോ വെെറലായതിന് പിന്നാലെ വലിയ വിമർശനമാണ് നടന് എതിരെ ഉയരുന്നത്.

'ഗ്യാംഗ് ഓഫ് ഗോദാവരി' എന്ന സിനിമയുടെ പ്രമോഷൻ പരിപാടിയിൽ മുഖ്യാതിഥിയായി എത്തിയതായിരുന്നു ബാലകൃഷ്ണ. വേദിയിൽ അണിയറ പ്രവർത്തകർക്കൊപ്പം ഫോട്ടോയെടുക്കുന്ന സമയത്ത് മാറി നിൽക്കാൻ പറഞ്ഞാണ് നടിയെ തള്ളി മാറ്റുന്നത്. പെട്ടെന്നുള്ള നടന്റെ പെരുമാറ്റം കണ്ട് വേദിയിൽ ഉണ്ടായിരുന്നവർ ഞെട്ടിപ്പോയി. സംഭവ സമയത്ത് നടി നേഹ ഷെട്ടിയും അഞ്ജലിയുടെ അടുത്ത് നിൽക്കുന്നുണ്ട്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെ നിരവധി പേരാണ് ബാലകൃഷ്ണയെ വിമർശിച്ച് രംഗത്തെത്തിയത്. നടൻ മദ്യപിച്ചാണ് വേദിയിലെത്തിയതെന്നും ചില പറയുന്നു.

'സ്ത്രീകളോട് അനാദരവോടെയാണ് ബാലകൃഷ്ണ പെരുമാറിയത്', 'പ്രതിഭാശാലിയായ ഒരു നടിയോട് ഇതുപോലെ പെരുമാറുന്നത് അംഗീകരിക്കാനാവില്ല', 'എന്ത് അഹങ്കാരമാണ് കാണിക്കുന്നത്' തുടങ്ങി നിരവധി കമന്റുകളാണ് പ്രചരിക്കുന്ന വീഡിയോയ്ക്ക് വരുന്നത്. സംഭവത്തിൽ അഞ്ജലിയും ബാലകൃഷ്ണയും ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.

Advertisement
Advertisement