പ്രധാനമന്ത്രി കന്യാകുമാരിയിലെത്തി; ഒന്നാം തീയതി വരെ വിവേകാനന്ദപ്പാറയിൽ ധ്യാനമിരിക്കും

Thursday 30 May 2024 5:48 PM IST

കന്യാകുമാരി: പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത് നിന്ന് കന്യാകുമാരിയിലെത്തി. നാലരയോടെയാണ് പ്രധാനമന്ത്രി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. തിരുവനന്തപുരത്ത് സ്വീകരണമോ ചടങ്ങുകളോ ഒന്നുമില്ലായിരുന്നു. തുടർന്ന് അവിടെ നിന്ന് ഹെലികോപ്ടറിൽ കന്യാകുമാരിയിലേക്ക് പോകുകയായിരുന്നു.

ഇന്ന് മുതൽ ഒന്നാം തീയതി ഉച്ചവരെ വിവേകാനന്ദപ്പാറയിൽ ധ്യാനമിരിക്കാനാണ് പ്രധാനമന്ത്രി കന്യാകുമാരിയിലെത്തിയത്. മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

ലോക്‌‌സഭാ തിരഞ്ഞെടുപ്പിൽ അവസാനഘട്ട വോട്ടെടുപ്പിന്റെ പ്രചാരണം തീരുന്ന ദിവസമാണിന്ന്. ജൂൺ ഒന്നിനാണ് അവസാനഘട്ട വോട്ടെടുപ്പ് നടക്കുന്നത്. 2014ലെയും 2019ലെയും ലോക്‌സഭാ തിരഞ്ഞെടുപ്പു കാലയളവുകളിലും നരേന്ദ്രമോദി സമാനമായ രീതിയിൽ പ്രചാരണത്തിനുശേഷം രണ്ടുദിവസത്തോളം ധ്യാനം നടത്തിയിരുന്നു. രണ്ട് തവണയും ഉത്തരാഖണ്ഡിൽ ആയിരുന്നു ധ്യാനം.

അതേസമയം, മോദിയുടെ ധ്യാനം മറ്റൊരു തരത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണമാണെന്നും തിരഞ്ഞെടുപ്പ് പെരുമാറ്റച്ച ട്ടലംഘനമാണെന്നും ചൂണ്ടിക്കാട്ടി എ.ഐ.സി.സി ഇലക്ഷൻ കമ്മിഷന് പരാതി നൽകിയിട്ടുണ്ട്. ധ്യാന പരിപാടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർക്ക് ഡി.എം.കെയും നിവേദനം നൽകി. അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് കോൺഗ്രസിന്റെ തമിഴ്നാട് ഘടകം മേധാവി കെ സെൽവപെരുന്തഗൈയും തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു.

വിവേകാനന്ദപ്പാറയിൽ ധ്യാനത്തിന് പോകുന്ന മോദിയെ തൃണമൂൽ കോൺഗ്രസ് അദ്ധ്യക്ഷയും പശ്ചിമബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി പരിഹസിച്ചിരുന്നു. ആർക്കും പോയി ധ്യാനിക്കാം... എന്നാൽ, ആരെങ്കിലും ധ്യാനത്തിന് ക്യാമറയുമായി പോകുമോ?. തിരഞ്ഞെടുപ്പിന് 48 മണിക്കൂർ മുമ്പാണ് അദ്ദേഹം ധ്യാനത്തിന്റെ പേരിൽ പോകുന്നതും എ.സി മുറിയിൽ ഇരിക്കുന്നതും. എന്തു​കൊണ്ടാണ് ഒരു പാർട്ടിയും ഇതിനെതിരെ ഒന്നും മിണ്ടാത്തത്. കന്യാകുമാരിയിൽ നരേന്ദ്രമോദിയുടെ ധ്യാനം സംപ്രേഷണം ചെയ്താൽ അത് മാതൃകാ പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മിഷനിൽ പരാതി നൽകുമെന്നും മമത വ്യക്തമാക്കിയിട്ടുണ്ട്.

Advertisement
Advertisement