ഭക്ഷണം നൽകിയില്ല; എസി പോലുമില്ലാതെ എയർ ഇന്ത്യ വിമാനത്തിനുള്ളിൽ തളർന്ന് വീണ് യാത്രക്കാർ
ന്യൂഡൽഹി: എസി പോലുമില്ലാതെ എയർ ഇന്ത്യ വിമാനത്തിനുള്ളിൽ 24 മണിക്കൂറിലേറെ കാത്തിരിക്കേണ്ടി വന്നെന്ന് യാത്രക്കാർ. ഡൽഹിയിൽ നിന്ന് സാൻഫ്രാൻസിസ്‌കോയിലേക്ക് പുറപ്പെടേണ്ട വിമാനമാണ് 24 മണിക്കൂർ വൈകിയത്. ഇന്നലെയായിരുന്നു സംഭവം.
വിമാനത്തിനുള്ളിൽ കാത്തിരിക്കേണ്ടി വന്ന യാത്രക്കാരിൽ പലർക്കും ദേഹാസ്വാസ്ഥ്യമുണ്ടായതായും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ഡൽഹി ഉൾപ്പെടെയുള്ള വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഉഷ്‌ണ തരംഗം രൂക്ഷമായി തുടരുന്നതിനിടെയാണ് എസി പോലുമില്ലാതെ യാത്രക്കാർക്ക് വിമാനത്തിനുള്ളിൽ ഇരിക്കേണ്ടി വന്നത്.
തങ്ങൾക്ക് അനുഭവിക്കേണ്ടി വന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് നിരവധിപേരാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രതികരിച്ചത്. സാങ്കേതിക തകരാറിനെ തുടർന്നായിരുന്നു വിമാനം വൈകിയത്. എന്നാൽ, വിമാനം വൈകിയതിന് പിന്നാലെ യാത്രക്കാർക്ക് വേണ്ട താമസ സൗകര്യവും റീഫണ്ട് അടക്കമുള്ള കാര്യങ്ങളും ചെയ്‌തുവെന്നാണ് എയർ ഇന്ത്യ അധികൃതർ ദേശീയ മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയത്.
വിമാനത്തിന്റെ ക്യാബിനുള്ളിൽ യാത്രക്കാർ തലകറങ്ങി വീണതിന് ശേഷമാണ് അവരോട് പുറത്തിറങ്ങാൻ നിർദേശം നൽകിയതെന്നും പരാതി ഉയരുന്നുണ്ട്. മനുഷ്യത്വരഹിതമായ നടപടിയാണ് വിമാന കമ്പനിയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും യാത്രക്കാർ പറഞ്ഞു. താമസ സൗകര്യം പോയിട്ട് ഭക്ഷണം പോലും നൽകാൻ എയർ ഇന്ത്യ തയ്യാറായില്ലെന്നാണ് യാത്രക്കാരിൽ ഏറിയ പങ്കും ആരോപിക്കുന്നത്.
സമൂഹമാദ്ധ്യമങ്ങളിൽ വീഡിയോകൾ വൈറലായതിന് പിന്നാലെ ക്ഷമാപണവുമായി എയർ ഇന്ത്യ രംഗത്തെത്തിയിരുന്നു. കുറച്ച് ദിവസങ്ങളായി എയർ ഇന്ത്യ കമ്പനിക്കെതിരെ നിരവധി ആരോപണങ്ങളാണ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള യാത്രക്കാരിൽ നിന്നുയരുന്നത്.