ഏറ്റവും രുചികരമായ ഭക്ഷണം ലഭിക്കുന്ന സ്ഥലങ്ങളിൽ ഇന്ത്യയിലെ ഒരു നഗരവുമുണ്ട്, ഒന്നുപോയി നോക്കുന്നോ?

Friday 31 May 2024 1:00 PM IST

ന്യൂഡൽഹി: നല്ല ഭക്ഷണം കഴിക്കണം എന്നത് എല്ലാ മനുഷ്യരുടെയും ആഗ്രഹമാണ്. ലോകത്തിൽ ഏറ്റവും മികച്ച ഭക്ഷണം ലഭിക്കുന്ന 20 രാജ്യങ്ങൾ ഏതെല്ലാമെന്ന് വിവരം ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. ഇക്കൂട്ടത്തിൽ ഇന്ത്യയിൽ നിന്നുള്ള ഒരു നഗരവുമുണ്ട്. മുംബയാണത്. ടൈം‌ ഔട്ട് മാഗസിൻ പുറത്തിറക്കിയ പട്ടികയിൽ എട്ടാം സ്ഥാനത്താണ് മുംബയുള്ളത്. വടാപാവ് ആണ് മുംബയെ ഈ പട്ടികയിൽ ഉൾപ്പെടുത്താൻ ഇടയാക്കിയത്.

ഇറ്റാലിയൻ നഗരമായ നേപ്പിൾസാണ് പട്ടികയിൽ ആദ്യമുള്ളത്. ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ് ബർഗ് രണ്ടാമതും ലാറ്റിനമേരിക്കൻ രാജ്യമായ പെറുവിലെ ലിമ, വിയറ്റ്‌നാമിലെ ഹോ ചി മിൻ സിറ്റി, ചൈനീസ് തലസ്ഥാനമായ ബീജിംഗ്, തായ്‌ലന്റ് തലസ്ഥാനം ബാങ്കോക്ക്,മലേഷ്യയിലെ ക്വാലാലംപൂർ എന്നീ രാജ്യങ്ങൾക്ക് പിന്നിലാണ് മുംബയ്, തൊട്ടുപിറകെ ദുബായും, അമേരിക്കയിലെ ഒറീഗോണിലെ പോർട്‌ലന്റ് എന്നിവിടങ്ങളിലെ ഭക്ഷണമാണ് ഒൻപതും പത്തും സ്ഥാനത്തുള്ളത്.

മാ‌ർഗരീത്ത പിസ എന്ന പ്രത്യേകതരം പിസയാണ് നേപ്പിൾസിനെ ഒന്നാം സ്ഥാനത്ത് തിരഞ്ഞെടുക്കാൻ കാരണം. തക്കാളി, മൊസറെല്ല, ബേസിൽ ഇലകൾ, ഒലീവ് ഓയിൽ എന്നിങ്ങനെ നിരവധി ഘടകങ്ങൾ ചേർന്നതാണ് മാർഗരീത്ത പിസ. ദക്ഷിണാഫ്രിക്കയിൽ നിന്ന് സ്‌ട്രീറ്റ് ഫുഡായ ബണ്ണി ചൗവും പെറുവിലെ ലിമയിൽ നിന്ന് മധുരകിഴങ്ങ്, കായവറുത്തത്,കോൺ കേക്ക് എന്നിവ ചേർത്ത വിഭവമാണ് ടൈം ഔട്ട് മാഗസിൻ തിരഞ്ഞെടുത്തത്. ബീജിംഗിലെ പെക്കിംഗ് ഡക്കാണ് അഞ്ചാമത്. പപ്പായ സലാഡ് വിഭവമായ സോം ടം ആണ് ബാങ്കോക്കിലേത്.

ദുബായിലേത് കോഴിയിറച്ചിയും ചോറും മസാലയും ചേർത്ത മണ്ഡിയാണ് ശ്രദ്ധേയമായ വിഭവം. ജനങ്ങളിൽ നിന്ന് നേരിട്ട് ചോദിച്ചറിഞ്ഞും വായനക്കാരുടെ പ്രതികരണവും ടൈം ഔട്ട് എഡിറ്റർമാരും ചേർന്നാണ് വിവിധ രാജ്യങ്ങളിലെ ഭക്ഷണവിഭവങ്ങളെ തിരഞ്ഞെടുത്ത് പട്ടിക തയ്യാറാക്കിയത്.

Advertisement
Advertisement