പാടശേഖര സമിതിയുടെ പിടിവാശി, വെള്ളത്തിൽ മുങ്ങി 17 കുടുംബങ്ങൾ

Saturday 01 June 2024 1:44 AM IST

വെച്ചൂർ : ഇത് വല്ലാത്ത ദുരിതം തന്നെ. പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻ പോലും പെടാപ്പാട് പെടുകയാണ്. വെയിൽ കാണാതെ ഈ വെള്ളം ഇറങ്ങുമെന്ന് തോന്നുന്നില്ല. ഇനി എത്ര ദിവസം ഇതൊക്കെ സഹിച്ച് ഇവിടെ കഴിയണം. വിജയമ്മയുടെ വാക്കുകളിൽ കാണാം ആ നിസ്സഹായത. പാടശേഖരസമിതി പാടത്തെ വെള്ളം വറ്റിക്കാൻ തയ്യാറാകാത്തതിനെ തുടർന്നാണ് വെച്ചൂരിലെ 17 കുടുംബങ്ങൾ ദുരിതത്തിലായത്. രണ്ട്, മൂന്ന് വാർഡുകളുമായി ബന്ധപ്പെട്ടു കിടക്കുന്ന മുപ്പതേക്കറോളം വരുന്ന അറുപത് ആട്ടേത്താഴപാടശേഖരത്തിൽ നിറഞ്ഞ പെയ്ത്തു വെള്ളമാണ് സമീപം താമസിക്കുന്ന വിജയമ്മ ഉഴലക്കാട്ട്, ആട്ടേത്തറ സുനിമോൾ, വാര്യംവീടുതറ സാലമ്മ, ചിറ്റേഴത്ത് ഷാജി, കുറ്റിച്ചിറ ഉഷ, രാജേഷ് ഭവനിൽ മോളി, ബൈജു സാഗർ, ചിറ്റേത്ത് സന്തോഷ്, ഉണ്ണി, മധുഭവനിൽ മധു, തട്ടാട്ട് കുഞ്ഞുമണി, പുറക്കേരിത്തറവേലപ്പൻ, വല്ലേച്ചിറടോമി, മോളി, പാപ്പച്ചൻ, രുഗ്മിണി തുടങ്ങിയവരുടെ കുടുംബങ്ങളെ വെള്ളത്തിലാക്കിയത്. കുഞ്ഞുകുട്ടികളും വയോധികരുമുള്ള അഞ്ചു കുടുംബങ്ങൾ വീട് വിട്ട് ബന്ധുവീടുകളിൽ അഭയം തേടി.

വെള്ളം വറ്റിക്കാൻ സംവിധാനമുണ്ട്, പക്ഷെ ...

വൈക്കം ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് വാങ്ങിയ 20 എച്ച്.പിയുടെ മോട്ടോർപമ്പുസെറ്റും പെട്ടിയും പറയും പാടശേഖരത്തിനുണ്ട്. പഞ്ചായത്ത് അംഗം സഞ്ജയന്റെ പരിശ്രമത്തെ തുടർന്ന് പാടശേഖരത്തിന് സ്ഥിരം വൈദ്യുതി കണക്ഷനുമുണ്ട്. എന്നാൽ പാടശേഖര സമിതി സെക്രട്ടറിയടക്കം വെള്ളം വറ്റിക്കാൻ വിമുഖത കാട്ടുകയാണെന്ന് പ്രദേശവാസികൾ ആരോപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.ഷൈല കുമാർ, വാർഡ് മെമ്പർമാരായ ഗീതാസോമൻ, സഞ്ജയൻ, കൃഷി ഓഫീസർ, വില്ലേജ് ഓഫീസ് അധികൃതർ തുടങ്ങിയവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.

''പാടശേഖര സമിതി പ്രസിഡന്റ് ശശിധരനുമായി നടത്തിയ ചർച്ചയിൽ കെ.എസ്.ഇ.ബി അനുമതി വാങ്ങി അടുത്ത ദിവസം പെട്ടിയും പറയും ഉറപ്പിച്ചു വെള്ളക്കെട്ടിന് പരിഹാരമുണ്ടാക്കാൻ ധാരണയായി.

കെ.ആർ.ഷൈല കുമാർ, പഞ്ചായത്ത് പ്രസിഡന്റ്

Advertisement
Advertisement