കേരളത്തില്‍ താമര വിരിയും? ഇടത് വലത് മുന്നണികള്‍ക്ക് എത്ര സീറ്റ് വീതം,  എക്‌സിറ്റ് പോളുകള്‍ ആര്‍ക്ക് അനുകൂലം

Friday 31 May 2024 8:11 PM IST

തിരുവനന്തപുരം: ഏഴ് ഘട്ടങ്ങളിലായി മാസങ്ങള്‍ നീണ്ടുനിന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനും വോട്ടെടുപ്പിനും രാജ്യത്ത് നാളെ വൈകുന്നേരം ആറ് മണിയോടെ തിരശീല വീഴും. ചൊവ്വാഴ്ചയാണ് അടുത്ത അഞ്ച് വര്‍ഷം ഇന്ത്യയെ ആര് ഭരിക്കുമെന്ന് നിര്‍ണയിച്ചതിന്റെ വോട്ടെണ്ണല്‍. എന്‍ഡിഎ - ഇന്ത്യ മുന്നണികള്‍ തമ്മിലുള്ള വാശിയേറിയ പോരാട്ടത്തില്‍ ആര് വീഴും ആര് വാഴും എന്നറിയാനുള്ള ആവേശത്തിലാണ് ജനം. മോദി 3.0 ആണോ അതോ കോണ്‍ഗ്രസിന്റെ തിരിച്ചുവരവോ എന്നതാണ് രാജ്യം ഉത്തരം തേടുന്ന ചോദ്യം.

കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളിലെ ഫലവും ആവേശത്തോടെയാണ് മലയാളികള്‍ കാത്തിരിക്കുന്നത്. രണ്ടാം ഘട്ടത്തില്‍ ഒറ്റത്തവണയായിട്ടാണ് സംസ്ഥാനത്ത് ഏപ്രില്‍ 26ന് ലോക്‌സഭാ തിരഞ്ഞെടുപ്പ് നടന്നത്. വിധി വരുന്നതിന് ഒന്നര മാസം മുമ്പ് തന്നെ വോട്ടെടുപ്പ് കഴിഞ്ഞതിനാല്‍ തന്നെ മലയാളിക്ക് വിധി ദിനത്തിലേക്കുള്ള കാത്തിരുപ്പ് ദൈര്‍ഘ്യമേറിയതായി. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ചര്‍ച്ചകളും ദേശീയ രാഷ്ട്രീയത്തിലെ സംഭവവികാസങ്ങളും മലയാളി സസൂക്ഷ്മം നിരീക്ഷിച്ചു.

കേരളത്തില്‍ 2019 ആവര്‍ത്തിക്കുമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ് ക്യാമ്പ്. ഒരുപടി കൂടി കടന്ന് ക്ലീന്‍ സ്വീപ്പ് എന്ന ആത്മവിശ്വാസം ചില നേതാക്കള്‍ പങ്കുവയ്ക്കുന്നുമുണ്ട്. എന്നാല്‍ അന്നത്തെ പ്രത്യേക സാഹചര്യത്തില്‍ സംഭവിച്ച കാര്യം മാത്രമാണ് 2019ലെ 19-1 എന്ന സ്‌കോര്‍ബോര്‍ഡ് എന്നാണ് എല്‍ഡിഎഫ് ക്യാമ്പ് നല്‍കുന്ന മറുപടി. കേരളത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടത്പക്ഷത്തിന് അനുകൂലമായ വിധിയെഴുത്തുണ്ടായെന്നാണ് സിപിഎം വിലയിരുത്തല്‍.

ഇത്തവണ കേരളം മോദിക്കും ബിജെപിക്കും ഒപ്പം ചിന്തിക്കുമെന്നും ഫലം വരുമ്പോള്‍ അത് തെളിയുമെന്നുമാണ് ബിജെപി വിലയിരുത്തല്‍. തിരുവനന്തപുരവും തൃശൂരും താമര വിരിയുമെന്ന് ഉറപ്പിക്കുന്ന പാര്‍ട്ടി ആറ്റിങ്ങല്‍, പത്തനംതിട്ട, ആലപ്പുഴ മണ്ഡലങ്ങളില്‍ അട്ടിമറി വിജയവും പ്രതീക്ഷിക്കുന്നുണ്ട്. ശനിയാഴ്ച അവസാന ഘട്ട വോട്ടെടുപ്പും കഴിയുന്നതോടെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വരും. ഇതില്‍ ഏകദേശ ചിത്രം തെളിയുകയും ചെയ്യും.

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോളുകള്‍ ജൂണ്‍ 1-ന് വൈകുന്നേരമാണ് ആരംഭിക്കുക. തിരഞ്ഞെടുപ്പിന് ശേഷം എക്‌സിറ്റ് പോളുകള്‍ സംപ്രേക്ഷണം ചെയ്യാന്‍ ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാദ്ധ്യമ സ്ഥാപനങ്ങളെയും സര്‍വേ ഏജന്‍സികളേയും അനുവദിക്കുന്നുണ്ട്. വോട്ടിംഗ് പ്രക്രിയ അവസാനിക്കുന്നതിന് മുമ്പ് പ്രസിദ്ധീകരിക്കുന്നത് കുറ്റകരമാണ്. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സമഗ്രത സംരക്ഷിക്കുന്നതിനും വോട്ടര്‍മാരുടെ പെരുമാറ്റത്തില്‍ എന്തെങ്കിലും സ്വാധീനം ചെലുത്താതിരിക്കുന്നതിനുമാണ് ഈ നയം പിന്തുടരുന്നത്.

Advertisement
Advertisement