സുമതി വളവിന്റെ ചരിത്രം ബിഗ് സ്ക്രീനിലേക്ക്

Saturday 01 June 2024 3:17 AM IST

കല്ലറ: അപസർപ്പക കഥകളിൽ എന്നും നിറഞ്ഞുനിന്നിരുന്ന സ്ഥലമാണ് 'സുമതി വളവ്". കഥകളിലൂടെയും വാമൊഴിയിലൂടെയും പേടി സ്വപ്നമായി മാറിയ സുമതി വളവിന്റെ ചരിത്രം സിനിമയാകുന്നു എന്ന പ്രഖ്യാപനം വന്നതുമുതൽ സ്ഥലത്തെക്കുറിച്ച് അറിയുന്നവരെല്ലാം ജിജ്ഞാസയിലാണ്. 'മാളികപ്പുറം" സിനിമയുടെ സംവിധായകനും അണിയറ പ്രവർത്തകരും ചേർന്നാണ് ചിത്രമൊരുക്കുന്നത്.

ഭരതന്നൂരിനും പാലോടിനുമിടയിൽ മൈലുംമൂടെന്ന മലയോര ഗ്രാമത്തിലാണ് സുമതി വളവ് എന്ന സ്ഥലം. 70 വർഷങ്ങൾക്ക് മുമ്പ് കാമുകന്റെ ചതിയിൽ ജീവനും ജീവിതവും നഷ്ടമായ സുമതിയെന്ന 22കാരിയുടെ കഥയാണ് ഈ സ്ഥലത്തിന് പറയാനുള്ളത്. 1953 ജനുവരി 27ന് ഇവിടത്തെ കൊടുംവളവിൽ വച്ചാണ് ഗർഭിണിയായിരുന്ന സുമതിയെ കഴുത്തറുത്ത് കൊന്നത്.

സാമ്പത്തികമായി താഴ്ന്ന കുടുംബത്തിലെ അംഗമായിരുന്നു കാരേറ്റ് ഊന്നൻപാറ പേഴുംമൂട് സ്വദേശി സുമതി. അയൽവാസിയും അകന്ന ബന്ധുവുമായ രത്നാകരന്റെ വീട്ടിൽ അടുക്കള ജോലിയെടുത്താണ് ഉപജീവനം നടത്തിയിരുന്നത്. ജോലിക്കാരിയോട് താത്പര്യം തോന്നിയ രത്നാകരൻ കല്യാണം കഴിക്കാമെന്നു പറഞ്ഞ് സുമതിയെ വശത്താക്കി. ഒടുവിൽ ഗർഭിണിയാക്കിയ ശേഷം വാക്കുമാറ്റി. എന്നാൽ സുമതി തന്നെ വിവാഹം കഴിക്കണമെന്ന് തുടർച്ചയായി ആവശ്യപ്പെട്ടതാണ് കൊലപാതകത്തിൽ കലാശിച്ചത്. സുമതി കൊല്ലപ്പെട്ട വളവിന് സുമതി വളവ് എന്ന പേരും വീണു.

സാമൂഹിക വിരുദ്ധരുടെ കേന്ദ്രം

കൊല്ലപ്പെട്ട സുമതിയുടെ ആത്മാവ് ഈ പ്രദേശത്ത് ഗതികിട്ടാതെ അലയുന്നെന്ന ധാരാളം കഥകൾ പടർന്നു. പട്ടാപ്പകൽ പോലും ഇതുവഴി കടന്നുപോകാൻ ആളുകൾ മടിച്ചു. രാത്രിയിൽ ഇതുവഴി പോകുന്ന വാഹനങ്ങൾ തനിയെ ഓഫാവുക,​ ബൈക്ക് യാത്രികർ പൊടുന്നനെ എടുത്തെറിയപ്പെടുക,​ ലൈറ്റുകൾ തനിയെ അണയുക,​ ടയറുകൾ പഞ്ചറാവുക അങ്ങനെ കഥകൾ പലതും പ്രചരിച്ചു. കഥകളുടെ മറവിൽ മോഷണവും പിടിച്ചുപറിയും പതിവായി. സാമൂഹിക വിരുദ്ധരുടെ കേന്ദ്രമായി പ്രദേശം മാറി. ഇന്നും നിരവധി സഞ്ചാരികൾ സുമതി വളവും തേടി മൈലുംമൂട്ടിലെത്തുന്നുണ്ട്.

സുമതി വളവുമായി ബന്ധപ്പെട്ട കഥകൾക്ക് പിന്നിൽ സാമൂഹ്യ വിരുദ്ധരാണ്. പിടിച്ചുപറിയും അനാശാസ്യവുമാണ് ഇവർ ലക്ഷ്യം വയ്ക്കുന്നത്.

-ബിനി മോൾ,

സബ് ഇൻസ്പെക്ടർ,​

പാങ്ങോട് പൊലീസ് സ്റ്റേഷൻ

Advertisement
Advertisement