ഹോട്ടൽ ജീവനക്കാരെ വാഹനമിടിച്ച് കൊല്ലാൻ ശ്രമിച്ച യുവാക്കൾ പിടിയിൽ

Saturday 01 June 2024 2:17 AM IST

അരൂർ : ബാർ ഹോട്ടൽ ജീവനക്കാരെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 2 യുവാക്കൾപിടിയിൽ. അരൂക്കുറ്റി പഞ്ചായത്ത് ഒന്നാം വാർഡ് മേനകുട്ടിച്ചിറയിൽ ദീപു സത്യൻ (29), അരൂർ വട്ടക്കേരി തൗണ്ടക്കേരിൽ വൈശാഖ് (28) എന്നിവരെയാണ് അരൂർ സി.ഐ.പി.എസ്. ഷിജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. കഴിഞ്ഞ 17 ന് രാത്രി 11 ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. അരൂർ എ.ആർ റെസിഡൻസി ബാർ ഹോട്ടലിലെ ജീവനക്കാരായ കോട്ടയം സ്വദേശി ശ്രീജിത്തും ഇടുക്കി സ്വദേശി ജോമിയും ജോലിക്ക് ശേഷം തൊട്ടടുത്ത റെസ്റ്റോറന്റിൽ ഭക്ഷണം കഴിച്ച് തിരികെ ദേശീയപാതയിലൂടെ നടന്ന് വരുന്നതിനിടെയാണ് ശ്രീജിത്തിനെ ഒരു കാർ ഇടിച്ച് തെറിപ്പിച്ചശേഷം നിർത്താതെ പോയത്. ഒപ്പമുണ്ടായിരുന്ന ജോമിക്ക് അത് ഒരു സാധാരണ അപകടമായിട്ടാണ് തോന്നിയത്. എന്നാൽ സംഭവം നടന്ന സ്ഥലത്തിന് സമീപമുള്ള കടയിൽ നിന്ന് ലഭിച്ച സി.സി.ടി.വി ദൃശ്യത്തിൽ കാർ മന:പ്പൂർവം ഇടിപ്പിക്കുന്നത് കൃത്യമായി പതിഞ്ഞതാണ് കേസിന് വഴിത്തിരിവായത്. അതിൽ വാഹനത്തിന്റെ നമ്പർ വ്യക്തമല്ലാത്തതിനാൽ പിന്നീട് മറ്റ് നിരവധി സി.സി ടി.വികൾ പരിശോധിച്ചു നമ്പർ കണ്ടെത്തി വാഹന ഉടമയായ ദീപുവിനെ കസ്റ്റഡിയിൽ എടുത്ത് പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. 2023 ജനുവരിയിൽ ദീപുവും കൂട്ടുകാരും ചേർന്ന് ബാർ ഹോട്ടലിൽ മദ്യം വാങ്ങാനായി എത്തിയപ്പോൾ ജീവനക്കാരുമായി അടിപിടിയുണ്ടായി. തുടർന്ന് ദീപുവിന് ജീവനക്കാരുമായി തോന്നിയ വൈരാഗ്യമാണ് വാഹനമിടിപ്പിച്ച് ശ്രീജിത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ ശ്രീജിത്ത് ഗുരുതരാവസ്ഥയിൽ കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിനുശേഷം അരൂക്കുറ്റിയിലെ കാർ സ്പായിൽ ഒളിപ്പിച്ചിരുന്ന കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. 2019 ൽ പരാതി അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥനെ മർദ്ദിച്ചതിന് ദീപുവിന്റെ പേരിൽ പൂച്ചാക്കൽ സ്റ്റേഷനിൽ കേസുണ്ടെന്ന് പൊലീസ് പറഞ്ഞു. ദീപുവിന്റെ ഒപ്പം കാറിൽ ഉണ്ടായിരുന്ന വൈശാഖും അരൂർ, പൂച്ചാക്കൽ എന്നീ സ്റ്റേഷനുകളിൽ അടിപിടി കേസുകളിൽ പ്രതിയാണ്. ചേർത്തല കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Advertisement
Advertisement