യുവാവിനെ മർദ്ദിച്ച് പരിക്കേൽപ്പിച്ച സംഭവം: മൂന്നുപേർ കൂടി പിടിയിൽ

Saturday 01 June 2024 1:18 AM IST

മേപ്പാടി: വടുവൻചാലിൽ കാർ ബൈക്കിനോട് ചേർന്ന് ഓവർടേക്ക് ചെയ്തതുമായി ബന്ധപ്പെട്ടുള്ള തർക്കത്തെ തുടർന്ന് യുവാവിനെ ക്രൂരമായി മർദ്ദിച്ചു പരിക്കേൽപ്പിച്ച് കാർ തട്ടിയെടുത്ത സംഭവത്തിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ. വടുവഞ്ചാൽ കോട്ടൂർ തെക്കിനേടത്ത് ബുളു എന്ന ജിതിൻ ജോസഫ്(35), ചുളളിയോട് മാടക്കര പുത്തൻവീട്ടിൽ മുഹമ്മദ് ഷിനാസ്(23), ചെല്ലങ്കോട്, വട്ടച്ചോല വഴിക്കുഴിയിൽ ശുപ്പാണ്ടി എന്ന ടിനീഷ്(31) എന്നിവരെയാണ് മേപ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ഇതുവരെ ആറു പേരെ പിടികൂടി. ഒരാളെ കൂടി പിടികൂടാനുണ്ട്. പിടിയിലായ മൂവരും നിരവധി കേസുകളിലെ പ്രതിയാണ്.

ജിതിൻ ജോസഫിന് അമ്പലവയൽ, കൽപ്പറ്റ, ഹൊസൂർ, താമരശ്ശേരി, മീനങ്ങാടി, ബത്തേരി സ്‌റ്റേഷനുകളിലും, ഷിനാസിന് കൽപ്പറ്റ, നൂൽപ്പുഴ, അയിരൂർ, മേപ്പാടി സ്‌റ്റേഷനുകളിലും, ടിനീഷിന് അമ്പലവയൽ സ്‌റ്റേഷനിലുമാണ് കേസുകൾ. ഈ മാസം 22ന് കാപ്പ നിയമ പ്രകാരം കണ്ണൂർ ഡി.ഐ.ജിയുടെ ഉത്തരവിന്മേൽ നാടുകടത്തപ്പെട്ടയാളാണ് മുഹമ്മദ് ഷിനാസ്. വയനാട് ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്കുള്ള ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. ഇയാൾക്കെതിരെ കാപ്പ ഉത്തരവ് ലംഘനത്തിന് മേപ്പാടി പൊലീസ് മറ്റൊരു കേസെടുത്തു. ഇയാളെ ഒളിവിൽ കഴിയാൻ സഹായിച്ചവരെയും കാപ്പ നിയമപ്രകാരം ഉടൻ പിടികൂടും.

'ഓപ്പറേഷൻ ആഗ്'മായി ബന്ധപ്പെട്ട് മേപ്പാടി പൊലീസ് കരുതൽ തടങ്കലിലാക്കിയവരിൽ നിന്നാണ് ജിതിൻ ജോസഫിനെ കുറിച്ചുള്ള നിർണായക വിവരങ്ങൾ പൊലീസിന് ലഭിക്കുന്നത്. ഇയാൾ കർണാടകയിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്ന വിവരമറിഞ്ഞ് വയനാട് ജില്ലാ പൊലീസിന്റെ പ്രത്യേക സ്‌ക്വാഡ് ബത്തേരിയിൽ നിന്ന് ബുധനാഴ്ച കസ്റ്റഡിയിലെടുക്കുകയായിരുന്നു. ജിതിനെ ചോദ്യം ചെയ്തതിൽ നിന്നാണ് മറ്റു പ്രതികളിലേക്ക് പൊലീസ് എത്തിയത്. തുടർന്ന് മേപ്പാടി പൊലീസ് നടത്തിയ ആസൂത്രിത നീക്കത്തിലൂടെയാണ് മുഹമ്മദ് ഷിനാസിനെ അമ്മായിപാലത്ത് നിന്നും ടിനീഷിനെ മാടക്കരയിൽ നിന്നും പിടികൂടുകയായിരുന്നു. പ്രതികൾ രക്ഷപ്പെടാൻ ഉപയോഗിച്ച രണ്ട് ബൈക്കുകളും പരാതിക്കാരനിൽ നിന്ന് തട്ടിയെടുത്ത കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഈ മാസം അഞ്ചിന് തിയതി പുലർച്ചെ വടുവാഞ്ചൽ ടൗണിൽ വച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. തോമ്മാട്ടുചാൽ സ്വദേശിയായ യുവാവ് ഓടിച്ചിരുന്ന കാർ ബൈക്കിനോട് ചേർന്ന് ഓവർടേക്ക് ചെയ്‌തെന്നാരോപിച്ച് ഒരു കൂട്ടം ആളുകൾ ചേർന്ന് യുവാവിനെ കാറിൽ നിന്നും വലിച്ചിറക്കി ഇരുമ്പ് പൈപ്പുകളും വടികൊണ്ടും അതിക്രൂരമായി മർദ്ദിക്കുകയായിരുന്നു. കാറിന്റെ താക്കോൽ കവർന്നെടുക്കുകയും ചെയ്തു. തുടർന്ന് വാഹനത്തിൽ കയറ്റി ചിത്രമൂലയിലെ ചായത്തോട്ടത്തിൽ കൊണ്ടുപോയി വീണ്ടും മർദിക്കുകയും കത്തി കാണിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. മർദ്ദനത്തിൽ യുവാവിന്റെ കാൽപാദത്തിന്റെ എല്ലു പൊട്ടി ഗുരുതര പരിക്കേറ്റിരുന്നു. പരാതി ലഭിച്ചതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ കടൽമാട് കമ്പാളകൊല്ലി കൊച്ചുപുരക്കൽ വീട്ടിൽ വേട്ടാളൻ എന്ന അബിൻ കെ. ബോവസ്(29), മലപ്പുറം, കടമ്പോട്, ചാത്തൻചിറ വീറ്റിൽ ബാദുഷ(26), മലപ്പുറം, തിരൂർ, പൂക്കയിൽ പുഴക്കൽ വീട്ടിൽ മുഹമ്മദ് റാഷിദ്(29) എന്നിവരെ മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. എസ്.ഐമാരായ ഷാജി, ഹരീഷ്, എസ്.സി.പി.ഒമാരായ സുനിൽ, ഫിനു, ഷബീർ, സി.പി.ഒ ഹഫ്സ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

Advertisement
Advertisement