കടലിൽ കുടുങ്ങിയ ബോട്ടിൽ നിന്നും രണ്ടുപേരെ രക്ഷിച്ച് കോസ്റ്റൽ പൊലീസ്

Friday 31 May 2024 9:58 PM IST

തലശ്ശേരി: കടൽക്ഷോഭത്തെ തുടർന്ന് കടലിൽ കുടുങ്ങിയ ബോട്ടിൽ നിന്നും രണ്ട് പേരെ അതിസാഹസികമായി തലശ്ശേരി കോസ്റ്റൽ പൊലീസ് രക്ഷപ്പെടുത്തി കരക്ക് എത്തിച്ചു. കാഞ്ഞങ്ങാട് നിന്നും തിരൂരിലേക്ക് പോകുകയായിരുന്ന യാനമാണ് കടൽക്ഷോഭത്തിൽപ്പെട്ടത്. മലപ്പുറം താനൂരിലെ കുറ്റയിച്ചാന്റെ പുരയ്ക്കൽ നൗഫൽ, മലപ്പുറം കൊണ്ടരാന്റെ പുരയ്ക്കൽ ജലീൽ എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. ഇരുവരെയും തലശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ചയാണ് കാഞ്ഞങ്ങാട് നിന്ന് ബോട്ടുമായി ഇവർ പുറപ്പെട്ടത്. ഇതിനിടയിൽ ബോട്ട് ശക്തമായ കടൽക്ഷോഭത്തിൽപ്പെട്ടു. ഇരുവരും കോസ്റ്റൽ പൊലീസിന്റെ സഹായം തേടി. കാറ്റും കോളും ശക്തമായ തിരമാലകളും രക്ഷപ്രവർത്തനത്തിന് തടസ്സമായി. കോസ്റ്റ് ഗാർഡ് ഹെലികോപ്ടറിൽ രക്ഷാപ്രവർത്തനം നടത്താൻ ശ്രമിച്ചെങ്കിലും പ്രതികൂല സാഹചര്യം മൂലം ഉപേക്ഷിക്കേണ്ടിവന്നു.തുടർന്ന് അർദ്ധരാത്രിയോടെ കോസ്റ്റൽ പൊലീസ് ബോട്ടിൽ എത്തി ഇരുവരെയും സാഹസികമായി രക്ഷപ്പെടുത്തുകയുമായിരുന്നു.

എ.ഐ.ജി പൂങ്കുഴലി , തലശ്ശേരി എ.എസ്.പി .കെ.എസ്.ഷെഹിൻ ഷാ എന്നിവരാണ് രക്ഷിപ്രവർത്തനം ഏകോപിപ്പിച്ചത്. തലശ്ശേരി കോസ്റ്റൽ പൊലീസ് സി.ഐ പി.ശ്രീകുമാർ, എസ്.ഐ.മനോജ് കുമാർ, എസ്.സി.പി.ഒ ധന്യൻ, ഷാരോൺ, വിജേഷ്, ഷംസീറ, കോസ്റ്റൽ വാർഡന്മാരായ നിരഞ്ജൻ, സുഹാസ്, സരോഷ്, സുഗേത്ത്, സ്രാങ്ക് അഭിജിത്ത് എന്നിവരടങ്ങിയ സംഘമാണ് തങ്ങളുടെ ജീവൻ നോക്കാതെ രക്ഷാപ്രവർത്തനത്തിനിറങ്ങിയത്.

കരയിൽ നിന്ന് എട്ട് നോട്ടിക്കൽ മൈൽ ദൂരം

കരയിൽ നിന്ന് 8 നോട്ടിക്കൽ മൈൽ ദൂരത്തിലായിരുന്നു അപകടത്തിൽപ്പെട്ട ബോട്ട്. നങ്കൂരമുറക്കാത്തതിനാൽ ബോട്ട് നീങ്ങി പോവുകയായിരുന്നു. നിലവിൽ മാഹി ഭാഗത്താണ് ബോട്ടുള്ളത് . വ്യാഴാഴ്ച രാത്രി 12 മണിയോടെ തലശേരി കടൽ പാലം ദിശയിലായിരുന്നു ഹെലികോപ്ടറിൽ രക്ഷാപ്രവർത്തനം നടത്തിയത്.

Advertisement
Advertisement