മത്സ്യകൃഷിയിടത്തിൽ വെള്ളം കയറി , ലക്ഷങ്ങളുടെ മീൻ ഒഴുകിപ്പോയി

Saturday 01 June 2024 1:29 AM IST

ചാരുംമൂട് : കഴിഞ്ഞദിവസങ്ങളിലുണ്ടായ ശക്തമായ മഴയിൽ കുളങ്ങളിലെ വളർത്തു മത്സ്യങ്ങൾ ഒഴുകിപ്പോയി ലക്ഷങ്ങളുടെ നഷ്ടം. കർഷകനായ താമരക്കുളം ചത്തിയറ കെ.ആർ.ഭവനത്തിൽ കെ.ആർ.രാമചന്ദ്രന്റെ മത്സ്യക്കൃഷിയിടത്തിലാണ് വെള്ളം കയറിയത്. ചത്തിയറ പുതുച്ചിറയ്ക്ക് സമീപം 5ഏക്കറോളം സ്ഥലത്ത് 5 കുളങ്ങളിലായിട്ടായിരുന്നു മത്സ്യകൃഷി. കട്‌ല, രോഹു,കരിമീൻ,വരാൽ, മുശി തുടങ്ങിയ ഇനങ്ങളായിരുന്നു 10 ലക്ഷത്തിലധികം രൂപ ചെലവഴിച്ച് കൃഷി ചെയ്തിരുന്നത്.

രണ്ടാഴ്ചയ്ക്കകം വിളവെടുക്കാനിരിക്കെയാണ് ശക്തമായ മഴയിൽ മത്സ്യങ്ങൾ ഒഴുകിപ്പോയത്. ഗ്രാമപഞ്ചായത്ത് -കൃഷി - ഫിഷറീസ് വകുപ്പുകളിലെ ഉദ്യോഗസ്ഥരെത്തി നഷ്ടങ്ങൾ വിലയിരുത്തി. മത്സ്യക്കുഞ്ഞുങ്ങളെ കൊണ്ടുവന്ന് സൂക്ഷിക്കുന്നതിനും മറ്റുമായി നിർമ്മിച്ചിരുന്ന ഷെഡ്ഡും നശിച്ചിട്ടുണ്ട്. തീറ്റ വാങ്ങിയ ഇനത്തിൽ മാത്രം രണ്ടു ലക്ഷത്തിലധികം രൂപയുടെ ബാധ്യതയുണ്ട്. പലരിൽ നിന്നായി കടമെടുത്ത തുകകൾ വേറെയും. സർക്കാരിന്റെ സഹായം ഉണ്ടാകുമെന്ന വലിയ പ്രതീക്ഷയിലാണ് രാമചന്ദ്രൻ.

Advertisement
Advertisement