ഡ്രൈവർമാർ മര്യാദക്കാരായാൽ അപകടം കുറയും: മന്ത്രി ഗണേശ്

Saturday 01 June 2024 1:54 AM IST

തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിക്കുന്ന കെ.എസ്.ആർ.ടി.സി ഡ്രൈവർമാരെ പിടികൂടിത്തുടങ്ങിയതോടെ അപകട മരണങ്ങളും ഗണ്യമായി കുറഞ്ഞതായി ഗതാഗത മന്ത്രി കെ.ബി. ഗണേശ്കുമാർ.

ഒരാഴ്ച ഏഴ് അപകട മരണങ്ങൾ വരെ ബസുകൾ കാരണം ഉണ്ടാകുമായിരുന്നു. ഇപ്പോഴത് രണ്ടായി. അപകടങ്ങളുടെ എണ്ണം 35ൽ നിന്ന് 25 വരെയായി കുറഞ്ഞു.സിഫ്ട് ബസ് കാരണം രണ്ടാഴ്ചയായി അപകട മരണമില്ലെന്നും 'എനിക്ക് നിങ്ങളോട് ചിലത് പറയാനുണ്ട്' എന്ന വീഡിയോ പരമ്പരയുടെ രണ്ടാം ഭാഗത്തിൽ മന്ത്രി പറഞ്ഞു.

ചെറിയ വാഹനങ്ങൾ വരുമ്പോൾ അവരെ തട്ടാതെയും മുട്ടാതെയും പോവുക. മറ്റൊരു ബസുമായി മത്സരത്തിനൊന്നും പോകേണ്ട. മത്സരത്തിന്റെ ഫലം റോഡിൽ നിൽക്കുന്ന നിരപരാധിയുടെ മരണമായിരിക്കും. ഫോണിൽ സംസാരിച്ചുകൊണ്ട് വണ്ടി ഓടിക്കരുത്. പാട്ടു പാടി ശ്രദ്ധ നേടിയ ഡ്രൈവറെ ഞാൻ വിളിച്ചപ്പോൾ, ഫോൺ എടുത്തില്ല. കാരണം അയാൾ ഡ്യൂട്ടിയിലായിരുന്നു. അതാണ് മാതൃക.

ബസ് ഇടതുവശം ചേർത്തു നിറുത്തണം. സ്റ്റോപ്പല്ലെങ്കിലും ആളുകളുണ്ടെങ്കിൽ സൂപ്പർ ഫാസ്റ്റും നിറുത്തണം. ആവശ്യപ്പെടുന്ന സ്റ്റോപ്പുകളിൽ ആളെ ഇറക്കണം. ഡീസൽ പാഴാക്കരുത്.

ഒരു രൂപ പോലും ദുരുപയോഗിക്കില്ല

കെ.എസ്.ആർ.ടി.സി ജീവനക്കാർ എത്തിക്കുന്ന ഒരു രൂപ പോലും ദുരുപയോഗം ചെയ്യാൻ അനുവദിക്കില്ല. പല കടങ്ങളും തീർത്തുവരുകയാണ്. വൈദ്യുതി ദുരുപയോഗം നിയന്ത്രിച്ചതിലൂടെ മാർച്ചിൽ 10 ലക്ഷം രൂപയുടെ ചെലവ് കുറഞ്ഞു.

Advertisement
Advertisement