മുഖ്യമന്ത്രിക്കും മകൾക്കുമെതിരായ അപവാദ പ്രചരണങ്ങൾ പൊളിഞ്ഞു :എം.വി.ഗോവിന്ദൻ

Saturday 01 June 2024 1:25 AM IST

തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയനും, മകൾ വീണയ്ക്കുമെതിരായ ആരോപണങ്ങൾ കോടതി തള്ളിയിട്ടും, അപവാദ പ്രചാരണത്തിൽ ചിലർ ഗവേഷണം നടത്തുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

ദുബായിലെ എക്സാലോജിക്ക് കൺസൾട്ടിംഗ് കമ്പനിയുമായി വീണയ്ക്ക് ബന്ധമില്ലെന്ന് കമ്പനി അധികൃതർ വ്യക്തമാക്കിയതാണ്. ജനിച്ചപ്പോൾ തന്നെ പൊളിഞ്ഞു വീണ കള്ളമാണ് ഷോൺ ജോർജ് ഉന്നയിച്ചത്. പേരിൽ ചില സാമ്യങ്ങളുള്ള കമ്പനികൾ രണ്ടാണെന്ന് അറിഞ്ഞു കൊണ്ടു തന്നെ ജനങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കാനാണ് വ്യാജ പ്രചാരണം. ഇത് ആരോപണമല്ല കളവാണ്. അതു കൊണ്ട് തന്നെ നിയമ നടപടി സ്വീകരിക്കേണ്ട കാര്യമില്ല. അതേ സമയം,ശശി തരൂരിന്റെ പി.എ എം.പിയുടെ പാസുപയോഗിച്ച് നടത്തിയ സ്വർണ്ണക്കള്ളക്കടത്തിന്റെ വാർത്ത മാദ്ധ്യമങ്ങൾ തമസ്‌ക്കരിച്ചു.

യാഥാർഥ്യം മറച്ചു വച്ച് മാദ്ധ്യമങ്ങൾ കള്ള പ്രചാര വേല നടത്തിയാൽ അതേ രീതിയിൽ പാർട്ടിക്കു നേരിടേണ്ടി വരും. ആരോപണങ്ങൾ നിയമപരമായി നേരിടാം. നുണയാണു പ്രചരിപ്പിക്കുന്നതെങ്കിൽ അതിനെ നിയമപരമായല്ല ,മറ്റു രീതിയിലാണു നേരിടുക.

ഏറ്റവും തരം താണ രീതിയിലാണു മാധ്യമങ്ങൾ മുന്നോട്ടു പോകുന്നത്. എന്തു തോന്ന്യാസവും പറയാമെന്ന രീതി യഥാർഥ പത്രധർമ്മമല്ല. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ പ്രതിപക്ഷം നടത്തുന്ന കള്ള പ്രചരണങ്ങൾക്കു ചില മാധ്യമങ്ങൾ കൂട്ടു നിൽക്കുകയാണ്.

 മോദിയുടെ പ്രസ്താവന ഗാന്ധി വധത്തിലും വലുത്

പ്രധാനമന്ത്രി നരേന്ദ്രമോദി ഗാന്ധിജിക്കെതിരെ നടത്തിയ പ്രസ്താവന ഗാന്ധി വധത്തേക്കാൾ വലുതാണെന്ന് ഗോവിന്ദൻ പറഞ്ഞു.ഇതിലും വലിയ അപവാദം ഇനി ഗാന്ധിജിക്ക് നേരെ വരാനില്ല. ബോധമില്ലാത്ത രീതിയിൽ കാര്യങ്ങൾ അവതരിപ്പിക്കുന്ന പ്രധാനമന്ത്രി രാജ്യത്തിന് അപമാനമാണ്.

ഇപ്പോൾ വിവേകാനന്ദപ്പാറയിൽ ധ്യാനമിരിക്കുന്ന മോദി ബോധിവൃക്ഷത്തിന്റെ ചുവട്ടിലിരുന്ന് ബുദ്ധൻ സന്യാസിയായി മാറിയതു പോലെ ജൂൺ നാലിനു ശേഷം താൻ ദൈവമാണെന്നു പറഞ്ഞേക്കാം. രാഷ്ട്രീയത്തെ ഇതുപോലെ അധ:പതിപ്പിക്കുകയും വർഗീയവത്ക്കരിക്കുകയും ചെയ്ത മറ്റൊരു ഭരണാധികാരിയില്ല. തിരഞ്ഞെടുപ്പു പ്രചരണ വേളയിൽ സമനില തെറ്റിയതു പോലെ മോദി വർഗീയതയും മുസ്ലീം വിരുദ്ധതയും പ്രചരിപ്പിച്ചു.

 ശിവകുമാറിന് ഭ്രാന്ത്

തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ തനിക്കും സർക്കാരിനുമെതിരെ മൃഗ ബലി നടത്തിയെന്ന് ആരോപണമുന്നയിച്ച കർണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാറിന് ഭ്രാന്താണ്. കേരളത്തിന്റെ സാംസ്‌ക്കാരിക ജീവിതത്തെ പരിഹസിക്കാൻ കോൺഗ്രസ് നേതാവ് വർഗീയ നിലപാട് സ്വീകരിക്കുന്നു. ലോകത്തിന്റെ വിവിധ മേഖലകളിൽ

നിന്ന് വരുന്നവരുടെ കേന്ദ്രമായ ഈ ക്ഷേത്രത്തിൽ ഇത്തരത്തിലുള്ള ഒരു പൂജയുമില്ലെന്നും ഗോവിന്ദൻ പറഞ്ഞു..

Advertisement
Advertisement