പ്രവചനങ്ങളെ കാറ്റില്‍പ്പറത്തി ഇന്ത്യയുടെ മുന്നേറ്റം, ശക്തി തെളിയിച്ചത് പ്രതികൂല സാഹചര്യങ്ങള്‍ മറികടന്ന്

Saturday 01 June 2024 12:55 AM IST

നാലാം പാദത്തില്‍ വളര്‍ച്ചാനിരക്ക് 7.8%

ന്യൂഡല്‍ഹി: ലോകത്ത് ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ്വ്യവസ്ഥയെന്ന ഖ്യാതി നിലനിര്‍ത്തി കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ 8.2 ശതമാനം വളര്‍ച്ച കൈവരിച്ചു. മാര്‍ച്ച് പാദത്തില്‍ ജി.ഡി.പി 7.8 ശതമാനം വളര്‍ച്ച കൈവരിച്ചു. ഇതോടെയാണ് വാര്‍ഷിക വളര്‍ച്ചാ നിരക്ക് 8.2 ശതമാനമായി ഉയര്‍ന്നത്.

കേന്ദ്രസര്‍ക്കാര്‍ 7.6 ശതമാനവും റിസര്‍വ് ബാങ്ക് 7.3 ശതമാനവും എസ്.ബി.ഐ റിസര്‍ച്ച് 8 ശതമാനവും മറ്റ് പ്രമുഖ ഗവേഷണസ്ഥാപനങ്ങളും നിരീക്ഷകരും 6.9 ശതമാനം വരെയും വളര്‍ച്ചയാണ് പ്രവചിച്ചിരുന്നത്. ജനുവരി-മാര്‍ച്ച് കാലയളവിലെ വളര്‍ച്ച ഡിസംബര്‍ പാദത്തിലെ 8.6 ശതമാനത്തേക്കാള്‍ കുറവാണ്.

കഴിഞ്ഞ 4 പാദങ്ങളിലെ ഏറ്റവും താഴ്ന്ന വളര്‍ച്ചയാണിത്. 2023-24ലെ ആദ്യപാദത്തില്‍ (ഏപ്രില്‍-ജൂണ്‍) 8.2 ശതമാനവും ജൂലായ്- സെപ്റ്റംബറില്‍ 8.1 ശതമാനവും ഒക്ടോബര്‍-ഡിസംബറില്‍ 8.6 ശതമാനവുമായിരുന്നു വളര്‍ച്ച. ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് (എന്‍.എസ്ഒ) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2022-23 സാമ്പത്തിക വര്‍ഷത്തിലെ ജനുവരി-മാര്‍ച്ച് കാലയളവില്‍ മൊത്ത ആഭ്യന്തര ഉത്പാദനം (ജി.ഡി.പി) 6.2 ശതമാനം വര്‍ദ്ധിച്ചു.

പ്രതിരോധവും ശക്തിയും തെളിയിച്ച് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ

പ്രവചനങ്ങളെ കാറ്റില്‍പ്പറത്തിയും ആഗോള സാമ്പത്തികരംഗത്തെ പ്രതികൂലാവസ്ഥകളെ തകര്‍ത്തും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ മുന്നേറ്റം. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പാണ് ഏറ്റവും പുതിയ ജിഡിപി കണക്കുകള്‍ പുറത്തുവന്നത്. ഇത് സര്‍ക്കാരിന് ഇത് വലിയ ഉത്തേജനമായി. പ്രതികൂല സാഹചര്യങ്ങള്‍ക്കിടെ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ പ്രതിരോധവും ശക്തിയും ഇത് പ്രകടമാക്കുന്നതായാണ് വിലയിരുത്തല്‍.

2023-24ല്‍ 9.9 ശതമാനത്തിന്റെ കുതിച്ചുചാട്ടത്തിന് സാക്ഷ്യം വഹിച്ച ഉത്പാദന മേഖലയാണ് വളര്‍ച്ചയുടെ പ്രധാന ചാലകശക്തി. മുന്‍ വര്‍ഷം രേഖപ്പെടുത്തിയ 2.2 ശതമാനം വളര്‍ച്ചയില്‍ നിന്ന് ഏറെ ഉയരെയാണിത്. നാലാം പാദത്തില്‍, യഥാര്‍ഥ ജിവിഎയും യഥാര്‍ഥ ജിഡിപിയും ശക്തമായ വളര്‍ച്ച പ്രകടമാക്കി. നിരക്കുകള്‍ യഥാക്രമം 6.3 ശതമാനവും 7.8 ശതമാനവുമായി. ഈ കണക്കുകള്‍ ആഗോള അനിശ്ചിതത്വങ്ങള്‍ക്കും വെല്ലുവിളികള്‍ക്കും ഇടയില്‍ സമ്പദ്വ്യവസ്ഥയുടെ പ്രതിരോധശേഷി അടിവരയിടുന്നു.

Advertisement
Advertisement