പ്രജ്വൽ ആറ് ദിവസം കസ്റ്റഡിയിൽ

Saturday 01 June 2024 1:07 AM IST

ബംഗളൂരു: ലൈംഗികാതിക്രമക്കേസിലെ പ്രതിയും ജെ. ഡി. എസ് എം.പിയുമായ പ്രജ്വൽ രേവണ്ണയെ ആറ് ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ട് ജനപ്രതിനിധികൾക്കുള്ള പ്രത്യേക കോടതി.

ഇന്നലെ വൈകിട്ട് പ്രജ്വലിനെ കോടതിയിൽ ഹാജരാക്കിയ അന്വേഷണ സംഘം 14 ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെട്ടത്. കസ്റ്റഡി ഒരു ദിവസം മതിയെന്ന് പ്രജ്വലിന്റെ അഭിഭാഷകർ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.
ജർമ്മനിയിൽ നിന്ന് ഇന്നലെ പുലർച്ചെ 12.50ന് ബംഗളൂരു വിമാനത്താവളത്തിൽ ഇറങ്ങിയ പ്രജ്വലിനെ വനിതാ പൊലീസ് സംഘമാണ് കസ്റ്റഡിയിലെടുത്തത്.

പ്രജ്വലിന്റെ അമ്മ ഭവാനി രേവണ്ണയെ ഇന്ന് എസ്‌.ഐ.ടി ചോദ്യം ചെയ്യും. അതിക്രമത്തിന് ഇരയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ മുൻകൂർ ജാമ്യത്തിനായി ഇവർ കോടതിയെ സമീപിച്ചിരുന്നു.

പ്രജ്വൽ പീഡന ദൃശ്യങ്ങൾ പകർത്തിയ ഫോണുകൾ നശിപ്പിച്ചെന്ന് സംശയിക്കുന്നുണ്ട്. നശിപ്പിച്ചെന്ന് തെളിഞ്ഞാൽ കേസെടുക്കും.
ലൈംഗികാതിക്രമവും ഭീഷണിയും ഉൾപ്പെടെ മൂന്ന് കേസുകളാണ് പ്രജ്വലിനെതിരെയുള്ളത്. വീട്ടുജോലിക്കാരികളും സ്വന്തം പാർട്ടിയിലെ വനിതാ നേതാക്കളും ഉൾപ്പെടെ ഇരുന്നൂറോളം സ്ത്രീകളെ പീഡിപ്പിക്കുന്ന വീഡിയോകളാണ് പുറത്തുവന്നത്.

പെൺ നീതി

പ്രജ്വലിനെ കസ്റ്റഡിയിലെടുത്തത് വനിതാ ഐ.പി.എസ് ഓഫീസർമാരായ സുമൻ ഡി. പെന്നേക്കർ, സീമ ലട്കർ എന്നിവരുടെ നേതൃത്വത്തിലുള്ള വനിതാ പൊലീസ് സംഘമാണ്. വനിതാ ഉദ്യോഗസ്ഥർ മാത്രമുള്ള വാഹനത്തിലാണ് പ്രജ്വലിനെ സി.ഐ.ഡി ഓഫീസിലേക്ക് കൊണ്ടുപോയത്. ചോദ്യം ചെയ്‌തതും വനിതാ ഉദ്യോഗസ്ഥർ. അധികാര ഗ‌ർവിൽ സ്ത്രീകളെ ചൂഷണം ചെയ്‌ത പ്രജ്വലിനെ കൈകാര്യം ചെയ്യാൻ സ്ത്രീകളെ തന്നെ നിയോഗിച്ചത് ബോധപൂർവമായിരുന്നെന്ന് അധികൃതർ അറിയിച്ചു. പ്രജ്വലിനെ അറസ്റ്റ് ചെയ്യാനുള്ള എല്ലാ അധികാരവും അവ‌ർക്കുണ്ട്. ഇത് ലൈംഗികാതിക്രമത്തിന് ഇരയായവർക്കുള്ള സന്ദേശവുമാണ്.

രേവണ്ണയ്ക്ക് തിരിച്ചടി

കേസിൽ പ്രതിയായ ജെ.ഡി.എസ് നേതാവും പ്രജ്വലിന്റെ പിതാവുമായ എച്ച്.ഡി രേവണ്ണയ്ക്ക് ജാമ്യം അനുവദിച്ച പ്രത്യേക കോടതി ഉത്തരവിൽ നിയമപരായ തെറ്റുണ്ടെന്ന് കർണാടക ഹൈക്കോടതി വ്യക്തമാക്കി. രേവണ്ണയ്ക്ക് ഹൈക്കോടതി നോട്ടീസയച്ചു. ഇത്രയും സ്വാധീനമുള്ളയാൾക്ക് ജാമ്യം നൽകുന്നത് ഇരകളെ ഭയപ്പെടുത്തുമെന്നും ജാമ്യം റദ്ദാക്കണമെന്നും പ്രോസിക്യൂഷൻ വാദിച്ചു. അതിനിടെ അതിക്രമത്തിനിരയായ യുവതിയെ തട്ടിക്കൊണ്ടുപോയ കേസിൽ രേവണ്ണയുടെ ഭാര്യ ഭവാനി രേവണ്ണയുടെ മുൻകൂർ ജാമ്യാപേക്ഷ ബംഗളൂരു കോടതി തള്ളി.

Advertisement
Advertisement