അത്യുഷ്‌ണം പിടിമുറുക്കി: രാജ്യത്ത് 33 മരണം, 10 തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും

Saturday 01 June 2024 1:17 AM IST

ന്യൂഡൽഹി: ഉത്തരേന്ത്യയിൽ അത്യുഷ്ണം തുടരുന്നതിനിടെ ഉഷ്‌ണതരംഗത്തിൽ 33 പേർ കൂടി മരിച്ചു. ബീഹാറിലും ഒഡീഷയിലും 14 വീതവും രാജസ്ഥാനിൽ അഞ്ചു പേരുമാണ് മരിച്ചത്. ബീഹാറിൽ ഉഷ്ണതരംഗത്തിൽ പത്ത് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ മരിച്ചു. ബീഹാറിലെ ഭോജ്പൂരിൽ മാത്രം അഞ്ച് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരാണ് മരിച്ചത്. റോഹ്‌താസിൽ മൂന്നും കൈമൂർ, ഔറംഗബാദ് ജില്ലകളിൽ ഓരോരുത്തരും മരിച്ചു. സംസ്ഥാ നത്തിന്റെ വിവിധ ഭാഗങ്ങളിലായി നാല് പേർ കൂടി മരിച്ചതായി ദുരന്തനിവാരണ വകുപ്പ് അറിയിച്ചു. പൊലീസുകാർ അടക്കം 40ഓളം പേർ ചികിത്സയിലാണ്.

45 ഡിഗിക്ക് മുകളിൽ ചൂട് അനുഭവപ്പെടുന്ന ബീഹാറിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഈ മാസം എട്ട് വരെ അടച്ചിടാൻ തീരുമാനിച്ചു. അതിനിടെ ഉഷ്‌ണ തരംഗം

ഒഡീഷയിലെ റൂർക്കലയിൽ പത്ത് പേരും സുന്ദർഘഡിൽ നാലുപേരും മരിച്ചതായാണ് റിപ്പോർട്ട്. സംബൽപൂർ, ബലംഗീർ, സുരേന്ദർഗഡ്, അംഗുൽ, ധെങ്കനാൽ തുടങ്ങിയ സ്ഥലങ്ങളിൽ ഉഷ്ണതരംഗം തീവ്രമാണ്. വെയിലത്ത് ഇറങ്ങരുതെന്ന് ജനങ്ങൾക്ക് മുന്നറിയിപ്പുണ്ട്.

നാഗ്പൂരിലെ ഓട്ടോമാറ്റിക് വെതർ സ്റ്റേഷനിൽ 56 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി. ഔദ്യോഗിക സ്ഥിരീകരണമില്ല. മദ്ധ്യപ്രദേശിലെ സിദ്ധി ജില്ലയിൽ 48.2 ഡിഗ്രി സെൽഷ്യസും ഛത്തർപൂരിലെ ഖജുരാഹോയിൽ 47 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി.

ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം:

രാജസ്ഥാൻ ഹൈക്കോടതി

ഉഷ്ണ തരംഗങ്ങളെയും ശീത തരംഗങ്ങളെയും ദേശീയ ദുരന്തങ്ങളായി പ്രഖ്യാപിക്കണമെന്ന് രാജസ്ഥാൻ ഹൈക്കോടതി പറഞ്ഞു. സംസ്ഥാനത്തെ കൊടുംചൂടിനെ തുടർന്നുണ്ടായ മരണങ്ങളിൽ സ്വമേധയാ കേസെടുത്ത ശേഷമാണ് കോടതിയുടെ നിരീക്ഷണം. രാജസ്ഥാനിൽ ഉഷ്‌‌ണ തരംഗമേറ്റ് അഞ്ചു പേരാണ് മരിച്ചതെന്നും നൂറിലധികം പേർ മരിച്ചെന്ന കോൺഗ്രസ് ആരോപണം ശരിയല്ലെന്നും സംസ്ഥാന മന്ത്രി കിരോഡി ലാൽ മീണ പറഞ്ഞു.

ഡൽഹി ചുട്ടുപൊള്ളുന്നു

ഡൽഹിയിൽ ഇന്നലെ ശരാശരി കൂടിയ താപനില 45.6 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില രാവിലെ 30.4 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. കൂടിയ താപനില: മുങ്കേഷ‌്പൂർ: 49 ഡിഗ്രി സെൽഷ്യസ്, നജഫ്ഗഡ് സ്റ്റേഷൻ: 49 ഡിഗ്രി സെൽഷ്യസ്, നരേല 49.2 ഡിഗ്രി സെൽഷ്യസ്, പിതംപുര 48.4 ഡിഗ്രി സെൽഷ്യസ്, പൂസയിൽ 48.3 ഡിഗ്രി സെൽഷ്യസ് എന്നിങ്ങനെ രേഖപ്പെടുത്തി. ഡൽഹിയിൽ വൈദ്യുതി ഉപഭോഗം 8,000 മെഗാവാട്ടായി ഉയർന്നു.

കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡൽഹിയിൽ പൊടിക്കാറ്റും ഇടിമിന്നലും 10-18 കിലോമീറ്റർ വേഗതയിൽ കാറ്റും പ്രവചിച്ചിട്ടുണ്ട്.

അത്യുഷ്‌ണം തുടരും

പഞ്ചാബ്, ഹരിയാന, ചണ്ഡിഗഡ്, ഡൽഹി, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, രാജസ്ഥാൻ, ജമ്മു കാശ്മീർ, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ ഉഷ്‌ണതരംഗം തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. പൊടിക്കാറ്റിനും ഇടിമിന്നലിനൊപ്പം നേരിയ ചാറ്റൽ മഴയ്ക്കും സാദ്ധ്യതയുണ്ട്. മണിക്കൂറിൽ 25 മുതൽ 35 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്. 

Advertisement
Advertisement