പാൽക്കടൽ കടഞ്ഞ് പുതിയ കാലം

Saturday 01 June 2024 1:26 AM IST

ലോകത്തിന്റെ പാൽക്കാരാണ് നമ്മൾ. അതായത്,​ ലോകത്ത് ക്ഷീരോത്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം. ആഗോളതലത്തിൽ പാൽ ഉത്പാദനത്തിന്റെ 24.64 ശതമാനത്തിലധികം ഇന്ത്യയുടെ സംഭാവനയാണ്. പാലിന്റെ പ്രതിശീർഷക ഉപഭോഗത്തിൽ ലോക ശരാശി 322 ഗ്രാം മാത്രമായിരിക്കുമ്പോൾ നമ്മുടേത് പ്രതിദിനം 459 ഗ്രാമാണ്! സുസ്ഥിര ക്ഷീരോത്പാദനം,​ പോഷക സമ്പുഷ്ടമായ പാലുത്പന്നങ്ങൾ, പോഷണം, ജീവസന്ധാരണം എന്നിവ ലക്ഷ്യമിട്ട് ക്ഷീരമേഖലയ്ക്ക് നമ്മൾ വലിയ പ്രാധാന്യം നല്കുന്നുണ്ട്. രാജ്യത്തെ മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ ആറു ശതമാനത്തിലധികം സംഭാവന ചെയ്യുന്ന മേഖലയാണിത്. എട്ടു കോടിയോളം ക്ഷീരകർഷകരുണ്ട്,​ ഇന്ത്യയിൽ. നമ്മുടെ കാർഷിക വരുമാനത്തിന്റെ 12-14 ശതമാനത്തോളം ഈ മേഖലയിൽ നിന്നാണ്.

ലോകത്താകമാനം ക്ഷീരമേഖലയിൽ പ്രതിസന്ധികൾ ഏറെയുണ്ട്. ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളലിനുള്ള പഴി എറ്റവുമധികം ചുമത്തപ്പെടുന്നത് ക്ഷീരമേഖലയ്ക്കു മേലാണ്. മൊത്തം 16 ശതമാനം വരുന്ന,​ കാർഷിക മേഖലയിൽ നിന്നുള്ള മീഥേനിൽ 75 ശതമാനവും കന്നുകാലി വിസർജ്യങ്ങളിൽ നിന്നാണെന്നാണ് കണക്ക്. അതേസമയം,​ നെൽപ്പാടങ്ങൾ, കരിമ്പിൻ തോട്ടങ്ങൾ, ഗോതമ്പ് , കൽക്കരിപ്പാടങ്ങൾ എന്നിവ കാർബൺ പുറന്തള്ളലിൽ മുന്നിലാണ്. രാജ്യത്തെ ക്ഷീര മേഖലയിൽ ഭൂരിഭാഗവും ചെറുകിട കർഷകരാണ്. അതുകൊണ്ടുതന്നെ, ഇതിലൂടെയുള്ള ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ ഫോസിൽ ഇന്ധനങ്ങൾ, വ്യവസായ മേഖല, കൽക്കരി, ഖനനം എന്നിവയെ അപേക്ഷിച്ച് തുലോം കുറവാണ്.

പഴി കേൾക്കുന്ന

ക്ഷീര മേഖല

ആഗോള കാലാവസ്ഥാ ഉച്ചകോടികളിൽ (പ്രത്യേകിച്ച് COP 28- ൽ)​ വികസിത രാജ്യങ്ങൾ കാർബൺ പുറന്തള്ളലിന്റെ പേരിൽ കാർഷിക മേഖലയെ പഴിചാരുമ്പോൾ,​ അത് രാജ്യത്തുണ്ടാക്കുമെന്ന് പറയപ്പെടുന്ന സാഹചര്യങ്ങൾ ജീവസന്ധാരണം പ്രോത്സാഹിപ്പിക്കുന്നതിനെ അപേക്ഷിച്ച് തുലോം കുറവാണ്. മാത്രമല്ല, 2070-ഓടെ കാർബൺ പുറന്തള്ളലിന്റെ അളവ്‌ പൂജ്യത്തിലെത്തിക്കാനാണ് ഇന്ത്യ ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിനായി കാർഷിക മേഖലയിൽ കാർബൺ ന്യൂട്രൽ പദ്ധതികളും നടപ്പാക്കാൻ തുടങ്ങിയിട്ടുണ്ട്. കന്നുകാലികളിൽ നിന്നുള്ള മീഥേനിന്റെ അളവ് കുറയ്ക്കാനുള്ള ഗവേഷണങ്ങൾ ലോകമെങ്ങും പുരോഗമിച്ചുവരുന്നു. ആസ്‌ട്രേലിയയിലെ യൂണിവേഴ്സിറ്റി ഒഫ് വെസ്റ്റേൺ ഓസ്ട്രേലിയ ഈ ലക്ഷ്യത്തോടെ പുതിയ തീറ്റപ്പുല്ലിനങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്‌.

വർദ്ധിച്ചുവരുന്ന ഉത്പാദനച്ചെലവാണ് ഒരു പ്രധാന വെല്ലുവിളി. കാലിത്തീറ്റ വില വർദ്ധനവ് പാലിന്റെ വിലയെ അപേക്ഷിച്ച് വളരെ കൂടുതലാണ്- പാൽ വിലയിലെ വർദ്ധനവ് 65 ശതമാനവും, കാലിത്തീറ്റ വിലയിൽ അത് 260 ശതമാനവും! ക്ഷീര വിപണിയിൽ 28 ശതമാനത്തിൽ താഴെ മാത്രമാണ് സംഘടിത മേഖല വിപണനം ചെയ്യുന്നത്. ബാക്കിയത്രയും അസംഘടിത മേഖലയിലാണ്. സങ്കരയിനം കന്നുകാലികളുടെ എണ്ണത്തിൽ ലോകമെങ്ങും വലിയ വർദ്ധനവ് ദൃശ്യമാണ്.

കേരളത്തിന്റെ ക്ഷീരമേഖലയിൽ 96 ശതമാനത്തിലധികം സങ്കരയിനങ്ങളാണ് സംഭാവന ചെയ്യുന്നത്. തനത് കന്നുകാലി ജനുസുകളുടെ പരിരക്ഷയ്ക്ക് നമ്മൾ പ്രാധാന്യം നൽകി വരുന്നു. കേരളത്തിലെ വെച്ചൂർ പശു സംരക്ഷണ പദ്ധതി ഏറെ ശ്രദ്ധേയമാണ്. തനത് ഇന്ത്യൻ ജനുസുകളുടെ പരിരക്ഷയിൽ വിദേശ രാജ്യങ്ങളും വലിയ താത്പര്യം പ്രകടിപ്പിക്കുന്നുണ്ട്. ഇവയുടെ സങ്കര ജനുസുകളെ ബ്രസീൽ അടക്കമുള്ള രാജ്യങ്ങൾ ഇറച്ചിക്കും പാലിനുമായി പ്രത്യേകം വികസിപ്പിച്ചെടുത്തിരിക്കുന്നു.

കന്നുകാലികളിലെ രോഗങ്ങൾ പാൽ ഉത്പാദനത്തെ കാര്യമായി ബാധിക്കുന്നുണ്ട്. ചർമ്മ മുഴ രോഗമാണ് പ്രധാനം. ഇതു മൂലം രാജ്യത്തെ പാൽ ഉത്പാദനത്തിൽ ഇക്കഴിഞ്ഞ വർഷം 12 ശതമാനത്തിന്റെ കുറവ് സംഭവിച്ചുവെന്നാണ് കണക്ക്. കുളമ്പുരോഗം, കുരലടപ്പൻ,​ അകിടുവീക്കം,​ ക്ഷീരസന്നി, വന്ധ്യത, പോഷക ന്യൂനത, ത്വക്ക് രോഗങ്ങൾ, അസിഡോസിസ് തുടങ്ങിയവയാണ് പാൽ ഉത്പാദനത്തെ പ്രതികൂലമായി ബാധിക്കുന്ന പ്രധാന രോഗങ്ങൾ. ഈ രോഗങ്ങൾ മൂലം പ്രതിവർഷം ക്ഷീരമേഖലയുടെ നഷ്ടം എത്രയെന്നോ- 14,​000 കോടി!

പാലിന്റെ കാര്യം

അത്ര ചെറുതല്ല

ലോകത്ത്‌ ക്ഷീര മേഖലയിൽ സാങ്കേതിക വിദ്യകളുടെ ഉപയോഗം വർദ്ധിച്ചു വരികയാണ്. പുത്തൻ സങ്കേതങ്ങളായ എ.ഐ,​ ഇന്റർനെറ്റ് ഒഫ് തിങ്സ്, ബ്ലോക്ക് ചെയിൻ,​ ഡാറ്റാ അനലിറ്റിക്‌സ്, ഓട്ടോമേഷൻ എന്നിവയ്ക്ക് ഏറെ സാദ്ധ്യതകളുണ്ട്. ഉത്പന്ന വൈവിധ്യവത്കരണം, സംസ്‌കരണം എന്നിവയിലും സാദ്ധ്യതകളേറെയാണ്. സ്റ്റാർട്ടപ്പുകളും ഹൈടെക് ഫാമുകളും നാച്ചുറൽ- ഓർഗാനിക് ഫാമിംഗ് രീതികളും വിപുലമായിക്കൊണ്ടിരിക്കുന്നു. ക്ലീൻ, ഗ്രീൻ, എത്തിക്കൽ പാലുത്‌പാദനത്തിനാണ് ലോക രാഷ്ട്രങ്ങൾ ഇപ്പോൾ മുൻഗണന നൽകിവരുന്നത്. പരിസ്ഥിതിക്ക് ഇണങ്ങിയ തീറ്റക്രമം, പരിചരണം, രോഗ നിയന്ത്രണ മാർഗങ്ങൾ എന്നിവ ആവശ്യമാണ്.

പാക്കേജും

മറ്റു പലതും

രാജ്യത്ത് ക്ഷീര മേഖലയുടെ വളർച്ചയ്ക്ക് പ്രത്യേക പാക്കേജ് ആവശ്യമാണ്. ചെറുകിട സംരംഭകർ, വനിതകൾ, ക്ഷീര കർഷകർ എന്നിവർക്ക് ഉത്പാദനം, സംസ്കരണം, വിപണനം എന്നിവയ്ക്കായി കൂടുതൽ സഹായം ഉറപ്പുവരുത്തണം. ഉത്പന്ന ഗുണമേന്മ പ്രധാനമാണ്. പുതിയ രോഗങ്ങളെ നിയന്ത്രിക്കാൻ ഗവേഷണ മേഖലയിൽ ടെക്നോളജി ട്രാൻസ്ഫർ പ്രോത്സാഹിപ്പിക്കണം. വ്യവസായമേഖലയ്ക്കുള്ള ആനുകൂല്യങ്ങൾ ക്ഷീര സംസ്കരണ മേഖലയ്ക്കു കൂടി ലഭ്യമാക്കണം. കാർഷികോത്പന്നങ്ങളുടെ വിലയിടിവിലും, കൊവിഡ് ലോക്‌ഡൗൺ കാലത്തും കർഷകരുടെ ആശ്രയം ക്ഷീര മേഖലയായിരുന്നു. വിജ്ഞാന വ്യാപനത്തിനും തൊഴിൽ നൈപുണ്യത്തിനും ക്ഷീര മേഖലയിൽ പ്രാധാന്യം നൽകുന്നത് കൂടുതൽ തൊഴിലവസരങ്ങൾ രൂപപ്പെടുത്താൻ സഹായിക്കും.

കർഷകരുടെ വരുമാനം ഉറപ്പുവരുത്താനുള്ള സുസ്ഥിര പദ്ധതികളുടെ ആവിഷ്കാരമാണ് ഇനി രാജ്യത്ത് യാഥാർത്ഥ്യമാകേണ്ടത്. ക്ഷീരമേഖല എന്നത് ക്ഷീരവ്യവസായം, ഡയറി ബിസിനസ് രംഗത്തേക്കു മാറുന്ന പ്രവണത ലോകമാകമാനം പ്രകടമാണ്. കയറ്റുമതിക്കും യഥേഷ്ടം സാദ്ധ്യതകളുണ്ട്. ഉത്പാദനക്ഷമത ഉയർത്താനും, രോഗ നിയന്ത്രണത്തിനും, മൂല്യവർദ്ധിത ഉത്പന്ന നിർമ്മാണത്തിനും സമഗ്ര പദ്ധതികൾ വേണം. രാജ്യത്ത് നിലവിലുള്ള മൃഗസംരക്ഷണ ഭൗതിക വികസന ഫണ്ട്, കോൾഡ് ചെയിൻ പ്രൊജക്റ്റ്, തനതു ജനുസുകളുടെ പരിരക്ഷ,​ മൊബൈൽ ചികിത്സാ സൗകര്യം, ഗവേഷണ പദ്ധതികൾ എന്നിവയ്ക്ക് ഉയർന്ന തുക വിലയിരുത്തലുകളും ആവശ്യമാണ്.

(ബംഗളൂരുവിലെ ട്രാൻസ്‌ ഡിസിപ്ലിനറി ഹെൽത്ത് യൂണിവേഴ്സിറ്റി പ്രൊഫസറും, കേരള വെറ്ററിനറി സർവകലാശാലാ മുൻ ഡയറക്ടറുമാണ് ലേഖകൻ. ഫോൺ: 98461 08992)​

Advertisement
Advertisement