മിൽമ: ഭാവിയിലേക്ക് വഴിയൊരുക്കാം

Saturday 01 June 2024 1:27 AM IST

ഭാരതത്തിൽ പ്രാചീന നദീതട സംസ്‌കാര കാലം മുതൽ തന്നെ പശുവളർത്തൽ ബഹുമാന്യമായ തൊഴിലായിരുന്നു. ഇന്ന് ലോകത്ത് ഏറ്റവും വലിയ ക്ഷീരോത്പാദകർ നമ്മളാണ്! ത്രിഭുവൻദാസ് പട്ടേലും ക്ഷീര വിപ്ലവത്തിന്റെ പിതാവെന്ന് അറിയപ്പെടുന്ന മലയാളിയായ വർഗീസ് കുര്യനും ചേർന്നുണ്ടാക്കിയ സഹകരണ പ്രസ്ഥാനത്തിൽ പിറന്ന ക്ഷീരവിപ്ലവത്തിലൂടെയാണ് ഈ നേട്ടം ഇന്ത്യ കൈവരിച്ചത്. ഇതോടൊപ്പം രാജ്യത്തെ ദശലക്ഷക്കണക്കിന് ക്ഷീരകർഷകരും തുല്യ പ്രാധാന്യമർഹിക്കുന്നു.


കേരളത്തിലെ ക്ഷീരമേഖയുടെ വളർച്ച 'മിൽമ"യുമായി (കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ)​ ബന്ധപ്പെട്ടു കിടക്കുന്നു. വർഗീസ് കുര്യന്റെ ഗുജറാത്തിലെ പ്രവർത്തന മാതൃകയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട മിൽമ ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ക്ഷീരസഹകരണ ശൃംഖലകളിലൊന്നാണ്. കഴിഞ്ഞ വർഷം 'മിൽമ"യുടെ പ്രവർത്തനങ്ങൾക്ക് ദേശീയ അംഗീകാരങ്ങളുടെ പെരുമഴക്കാലമായിരുന്നു! ഇന്ത്യയിലെ ഏറ്റവും ഗുണനിലവാരം കൂടിയ പാൽ എന്ന ബഹുമതി,​ മികച്ച ക്ഷീര സംഘങ്ങൾക്കുള്ള ദേശീയ പുരസ്‌കാരം, ഊർജ്ജ സംരക്ഷണത്തിനുള്ള ദേശീയ അവാർഡുകൾ, ആയുർവേദ വെറ്ററിനറി മരുന്നുകൾ പ്രചരിപ്പിച്ചതിന് പ്രധാനമന്ത്രിയുടെ പ്രശംസ, കാലാവസ്ഥാ വ്യതിയാന ഇൻഷുറൻസ് രാജ്യത്തു ആദ്യമായി നടപ്പാക്കിയ ക്ഷീര സഹകരണ പ്രസ്ഥാനം എന്നിവ 'മിൽമ"യുടെ അടുത്ത കാലത്തെ നേട്ടങ്ങളിൽ ചിലതു മാത്രം.

ക്ഷീരകർഷകർക്ക് ഏറ്റവും കൂടുതൽ വില നൽകുന്നത് നമ്മളാണെങ്കിലും,​ ഉത്പാദനച്ചെലവ് കൂടുതലുള്ള സംസ്ഥാനവും നമ്മുടേതാണ്. അതുകൊണ്ട്,​ ഉത്പാദന ചെലവ് കുറയ്ക്കാള്ള പദ്ധതികളിലൂടെയും ഉത്പാദനക്ഷമത വർദ്ധിപ്പിച്ചും നമുക്ക് സ്വയം പര്യാപ്തത കൈവരിക്കേണ്ടതുണ്ട്. മലബാർ, എറണാകുളം, തിരുവനന്തപുരം എന്നിങ്ങനെ മൂന്ന് മേഖലാ സംഘങ്ങളിലെ 3300 പ്രാഥമിക സഹകരണ സംഘങ്ങളിലായി 12 ലക്ഷത്തോളം ക്ഷീരകർഷകരാണ് 'മിൽമ"യ്ക്കുള്ളത്. ഇക്കഴിഞ്ഞ ഏപ്രിലിൽ 'മിൽമ"യുടെ പ്രതിദിന സംഭരണം 10.31 ലക്ഷം ലിറ്ററും,​ വില്പന 17.56 ലക്ഷം ലിറ്ററുമായിരുന്നു. കുറവു വരുന്നത് അയൽസംസ്ഥാനത്തു നിന്ന് നികത്തുകയാണ് ചെയ്യുന്നത്. 2023-24 സാമ്പത്തിക വർഷം 4,311 കോടി രൂപയാണ് 'മിൽമ"യുടെ ആകെ വരുമാനം. ഈ നേട്ടത്തിനു പിന്നിലെ പ്രധാന ഘടകം 'റീപൊസിഷനിംഗ് മിൽമ" എന്ന ബ്രാൻഡ് നവീകരണമാണ്. ചോക്ലേറ്റ്, ബട്ടർ ബിസ്‌കറ്റ്, ഇൻസ്റ്റന്റ് ഭക്ഷ്യപദാർത്ഥങ്ങൾ എന്നീ പുതിയ ഉത്പന്നങ്ങൾക്കു പുറമെ പാലിന്റെ തരംതിരിക്കൽ, വില ക്രമീകരിക്കൽ തുടങ്ങിയവ ഈ ഉദ്യമത്തിൽ ഉൾപ്പെട്ടിരിക്കുന്നു.


വിപണി വിപുലീകരണം, ക്ഷീരകർഷകരുടെ ക്ഷേമ പ്രവർത്തനങ്ങൾ മുതലായവയിൽ സംസ്ഥാന സർക്കാർ 'മിൽമ"യ്ക്കു നല്കിയ പിന്തുണ വലുതാണ്. ക്ഷീരകർഷകരോടുള്ള പ്രതിബദ്ധതയും ഉപഭോക്താക്കളുടെ വിശ്വാസവുമാണ് 'മിൽമ"യുടെ ഉയർച്ചയുടെ രണ്ടു തൂണുകൾ. പ്രതിസന്ധി ഘട്ടത്തിൽപ്പോലും കർഷക പ്രയത്നത്തിന് ഏറ്റവും മികച്ച വില തന്നെ ലഭിച്ചുവെന്ന് 'മിൽമ" ഉറപ്പു വരുത്തി. അതോടൊപ്പം ഉപഭോക്താക്കൾക്ക് ഒരു ദിവസം പോലും മുടക്കം വരുത്താതെ പാലും പാലുത്പന്നങ്ങളും ലഭ്യമാക്കുകയും ചെയ്തു.


സഹരണ ഫെഡറലിസത്തിന്റെ ആധാരശിലയിലാണ് രാജ്യത്ത് ക്ഷീര സഹകരണമേഖല നിലനിൽക്കുന്നത്. എന്നാൽ ഈ ആധാരശിലയെ തകർക്കുന്നവിധം ആശാസ്യമല്ലാത്ത ശ്രമങ്ങൾ ചില കോണുകളിൽ നിന്ന് ഉണ്ടാകുന്നുണ്ട്. ഇത്തരം വിഷയങ്ങൾ ഉൾപ്പെടെ ക്ഷീരമേഖലയുടെ ഭാവിയെക്കുറിച്ച് ചിന്തിക്കാൻ കൂടിയുള്ളതാണ് ലോക ക്ഷീരദിനം. സുസ്ഥിരവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ വളർച്ച കൈവരിക്കാൻ നമുക്കു കഴിയണം. ഉത്പാദനക്ഷമത കൂട്ടുക എന്നതാണ് ഈ ദിശയിലേക്കുള്ള പ്രധാന കാൽവയ്പ്. ഒപ്പം,​ വിതരണ ശൃംഖല ശക്തമാക്കുകയും വേണം. ആഗോളതലത്തിലെ നല്ല മാതൃകകൾ പ്രവർത്തനത്തിൽ ഉൾപ്പെടുത്തിയാൽ വലിയ ഉയരങ്ങളിലെത്താൻ നമുക്ക് കഴിയും.

Advertisement
Advertisement