ആരാധനാലയങ്ങൾ അനധികൃതമാകരുത്

Saturday 01 June 2024 1:30 AM IST

ലോകത്ത് എല്ലാ മതങ്ങൾക്കും അതിന്റേതായ ആരാധനാ ക്രമങ്ങളും ആരാധനാലയങ്ങളുമുണ്ട്. നൂറ്റാണ്ടുകൾക്കു മുമ്പ് നിർമ്മിച്ച ആരാധനാലയങ്ങൾ മുതൽ ആധുനിക കാലത്ത് നിർമ്മിച്ച ആരാധനാലയങ്ങൾ വരെ ഇതിൽ ഉൾപ്പെടുന്നു. ഇന്ത്യയുടെ വ്യത്യസ്തത,​ മിക്കവാറും എല്ലാ പ്രമുഖ മതങ്ങളുടെയും ആരാധനാലയങ്ങൾ രാജ്യത്ത് അങ്ങോളമിങ്ങോളം സ്ഥാപിക്കപ്പെട്ടിട്ടുണ്ട് എന്നതാണ്. പ്രാർത്ഥിക്കാനും ധ്യാനിക്കാനും മതപരമായ ചടങ്ങുകൾ നിർവഹിക്കാനുമാണ്. അതത് മതവിഭാഗങ്ങൾ അവരവരുടെ ആരാധനാലയങ്ങളിൽ പോകുന്നത്. ഇതിന് പൂർണമായ സ്വാതന്ത്ര്യം അനുവദിച്ചിട്ടുള്ള നാടാണ് ഇന്ത്യ. വിശാലമായ വളപ്പുകളുള്ള ദേവാലയങ്ങളും വളരെ ഇടുങ്ങിയ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ആരാധനാലയങ്ങളും ഇന്ത്യയിലുണ്ട്. ഒരുപക്ഷേ റോഡുവക്കിൽ ഇത്രയധികം പ്രാർത്ഥനാ കുടീരങ്ങളും ആരാധനാലയങ്ങളുമുള്ള മറ്റൊരു രാജ്യം ലോകത്തു കാണില്ല.

സർക്കാരിന്റെ ഭൂമിയിൽ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ചെറിയ ദേവാലയങ്ങളിൽപ്പോലും ജനങ്ങൾ പോവുകയും ആരാധന നടത്തുകയും പണം നൽകുകയും മറ്റും ചെയ്യാറുണ്ട്. അതാരാണ് അവിടെ സ്ഥാപിച്ചത്,​ ക്ഷേത്രം നിൽക്കുന്നത് നിയമപരമായി വാങ്ങിയ ഭൂമിയിലാണോ ​ എന്നൊന്നും ആരും ആരായാറില്ല. എല്ലാ മതങ്ങളുടെയും ഈശ്വര സങ്കല്പം സത്യത്തിലും വിശുദ്ധിയിലും അധിഷ്ഠിതമാണ്. അപ്പോൾ ആ ക്ഷേത്രം സ്ഥാപിച്ചതുതന്നെ സത്യവിരുദ്ധമായ രീതികൾ അവലംബിച്ച് സർക്കാർ ഭൂമിയും ദേശീയ പാതയോരവും മറ്റും കൈയേറിയാണെങ്കിൽ അത് ഈശ്വര സങ്കൽപ്പത്തോടു കാണിക്കുന്ന ആനാദരവാണ്. പലപ്പോഴും മറ്രു പല കൈയേറ്റങ്ങളും സംരക്ഷിക്കാനായും ആരാധനാലയങ്ങൾ റോഡരികിൽ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. പഴയ കാലത്ത് ഇതൊന്നും സാധാരണ ജനജീവിതത്തെ അത്രയധികം ബുദ്ധിമുട്ടിച്ചിരുന്നില്ല. എന്നാൽ ജനസംഖ്യ വർദ്ധിക്കുകയും വാഹനങ്ങളുടെ എണ്ണം കൂടുകയും ദേശീയ പാതകൾ വികസിക്കുകയും ചെയ്യുമ്പോൾ പലയിടത്തും ഇത്തരം ആരാധനാലയ നിർമ്മിതികൾ കേസിനും വഴക്കിനും പ്രശ്നങ്ങൾക്കും വികസന പദ്ധതികൾ വഴിമുട്ടിക്കുന്നതിനും ഇടയാക്കാറുണ്ട്.

ഈ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസം കേരള ഹൈക്കോടതിയിൽ നിന്നും,​ ഒരാഴ്ച മുമ്പ് ഡൽഹി ഹൈക്കോടതിയിൽ നിന്നുമുണ്ടായ,​ ഒരേ കാര്യം ചൂണ്ടിക്കാട്ടുന്ന രണ്ട് വിധികൾ വളരെ ശ്രദ്ധേയമാണ്. സംസ്ഥാനത്ത് സർക്കാർ ഭൂമിയിൽ അനധികൃതമായി നിർമ്മിച്ചിരിക്കുന്ന ആരാധനാലയങ്ങൾ നീക്കം ചെയ്യാനാണ് ഹൈക്കോടതി നിർദ്ദേശിച്ചിരിക്കുന്നത് ഇതു സംബന്ധിച്ച് നടപടി റിപ്പോർട്ട് ഒരു വർഷത്തിനുള്ളിൽ സമർപ്പിക്കണമെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഉത്തരവിൽ പറഞ്ഞു. സർക്കാർ ഭൂമിയിൽ അനധികൃതമായി ഏതെങ്കിലും മതത്തിന്റെ ശിലയോ കുരിശോ മറ്രു നിർമ്മിതികളോ ഉണ്ടോയെന്ന് തഹസീൽദാർ, വില്ലേജ് ഓഫീസർ തുടങ്ങിയവർ വഴി അന്വേഷണം നടത്താൻ കളക്ടർമാർക്ക് ചീഫ് സെക്രട്ടറി നിർദ്ദേശം നൽകണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ഡൽഹിയിൽ യമുനാ നദീതീരത്തെ പാതയോരത്തെ ശിവക്ഷേത്രം വെള്ളപ്പൊക്ക നിവാരണ പദ്ധതികളുടെ ഭാഗമായ വികസനത്തിന് വിഘാതമായി നിൽക്കുന്നതിനാൽ മാറ്റി സ്ഥാപിക്കാനാണ് ഡൽഹി ഹൈക്കോടതി ഉത്തരവിട്ടത്. ഒരു സൊസൈറ്റിയാണ് ഈ ക്ഷേത്രത്തിന്റെ നടത്തിപ്പുകാർ. എന്നാൽ അവരുടെ പക്കൽ ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ ഉടമസ്ഥത തെളിയിക്കുന്ന രേഖകളൊന്നും ഇല്ലായിരുന്നു. ഭഗവാൻ ശിവന് നമ്മുടെ സംരക്ഷണം ആവശ്യമില്ലെന്നും,​ ഭഗവാന്റെ സംരക്ഷണം നമുക്കാണ് വേണ്ടതെന്നുമാണ് കോടതി ചൂണ്ടിക്കാട്ടിയത്. അനധികൃതമായ സ്ഥലത്തല്ല,​ നിയമാനുസൃതമായ സ്ഥലത്താണ് ആരാധനാലയങ്ങൾ നിൽക്കേണ്ടതും സ്ഥാപിക്കപ്പെടേണ്ടതെന്നും ജനങ്ങളെ ബോദ്ധ്യപ്പെടുത്തുന്ന ഈ രണ്ട് വിധികളും എല്ലാ മതവിശ്വാസികളും ഒരുപോലെ സ്വാഗതം ചെയ്യുകയാണ് വേണ്ടത്.

Advertisement
Advertisement