ചട്ടിയിൽ കൈയിടുന്നത് ചട്ടം പിടിയില്ലാതെ

Saturday 01 June 2024 1:33 AM IST

കിട്ടാനുള്ള പണം നിർബന്ധപൂർവം തിരിച്ചുപിടിക്കാൻ പലിശക്കാർക്കും സ്വകാര്യ പണമിടപാട് സ്ഥാപന നടത്തിപ്പുകാർക്കും,​ ഗുണ്ടാരീതി ഉൾപ്പെടെ പല വേലത്തരങ്ങളുമുണ്ട്. ഏതാണ്ട് അതിനെ ഓർമ്മിപ്പിക്കുന്നതാണ്,​ വീട്ടിൽ നിന്ന് മാലിന്യം ശേഖരിക്കുന്ന വകയിൽ ഹരിതകർമ്മ സേനയ്ക്കു നൽകേണ്ട യൂസ‌ർഫീ മുടക്കുന്ന തൊഴിലുറപ്പു പദ്ധതി അംഗങ്ങൾക്ക് തൊഴിൽ നല്കേണ്ടതില്ലെന്ന,​ സംസ്ഥാനത്തെ ചില പഞ്ചായത്ത് സെക്രട്ടറിമാരുടെ വിവരക്കേടും ധിക്കാരവും! മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി പൂർണമായും ഒരു കേന്ദ്ര പദ്ധതിയാണ്. പദ്ധതിപ്രകാരം തൊഴിലെടുക്കുന്ന അംഗങ്ങൾക്ക് കേരളത്തിൽ പ്രതിദിന കൂലിയായി നിശ്ചയിച്ചിട്ടുള്ള 333 രൂപ പൂർണമായും നല്കുന്നത് കേന്ദ്രമാണു താനും. ഹരിതകർമ്മസേനയുടെ യൂസർഫീയും ഈ കേന്ദ്ര പദ്ധതിയും തമ്മിൽ ഒരു ബന്ധവുമില്ലെന്ന് കൊച്ചുപിള്ളേർക്കു പോലുമറിയാം. എന്നിട്ടും,​ യൂസ‌ർ ഫീ നല്കിയില്ലെന്നതിന്റെ പേരിൽ തൊഴിലുറപ്പു പദ്ധതിയിലെ അംഗങ്ങളുടെ അവകാശം നിഷേധിക്കുന്ന 'മഹാന്മാരെ" മുക്കാലിയിൽ കെട്ടി അടിക്കണ്ടേ?​

കേന്ദ്ര തൊഴിലുറപ്പു പദ്ധതി പ്രകാരം ഓരോ പഞ്ചായത്തിലും തൊഴിൽ കാർഡ് ഉള്ളവർക്ക് നിശ്ചിത എണ്ണം ദിവസങ്ങളിൽ ജോലി ഉറപ്പാക്കേണ്ടത് പദ്ധതി രജിസ്ട്രേഷൻ ഓഫീസറുടെ ചുമതലയുള്ള പഞ്ചായത്ത് സെക്രട്ടറിമാരാണ്. അതേ വീരന്മാരാണ് യൂസർഫീ മുടക്കം എന്ന തടസം പൊക്കിപ്പിടിച്ച് തൊഴിലുറപ്പ് പദ്ധതിയെ ആശ്രയിക്കുന്ന പാവങ്ങളുടെ കഞ്ഞിയിൽ കൈയിട്ടുവാരാൻ നോക്കുന്നത് എന്നതാണ് വിചിത്രം! തദ്ദേശസ്വയംഭരണ വകുപ്പിന്റെയും സംസ്ഥാന സർക്കാരിന്റെയും അടിയന്തര ഇടപെടൽ വേണ്ടുന്ന ഈ വിഷയം പൊതുജന ശ്രദ്ധയിലെത്തിക്കുന്നതായിരുന്നു,​ ഞങ്ങളുടെ ലേഖകൻ കെ.എസ്. അരവിന്ദ് തയ്യാറാക്കി,​ 'തൊഴിലുറപ്പ് തുലയ്ക്കാനും പഞ്ചായത്ത് സെക്രട്ടറിമാർ" എന്ന തലക്കെട്ടിൽ കഴിഞ്ഞ ദിവസം ഒന്നാം പേജിൽ പ്രസിദ്ധീകരിച്ച വാർത്ത.

നിയമവിധേയമല്ലാത്ത ഈ പരിഷ്കാരത്തെച്ചൊല്ലി പല പഞ്ചായത്തുകളിലും തൊഴിലാളികളും ഉദ്യോഗസ്ഥരും തമ്മിൽ തർക്കമുണ്ടാകുന്നതും വാർത്തയിൽ ചൂണ്ടിക്കാട്ടിയിരുന്നു. വീട്ടിൽ നിന്ന് മാലിന്യം ശേഖരിക്കുന്ന ഹരിതകർമ്മ സേനയ്ക്ക് യൂസർ ഫീ കൃത്യമായി നല്കിയതിനുള്ള രേഖകൾ സമർപ്പിക്കാത്തവർക്ക്,​ തദ്ദേശസ്ഥാപനങ്ങളിൽ നിന്നുള്ള സേവനങ്ങൾ നിഷേധിക്കാൻ സെക്രട്ടറിമാർക്ക് സംസ്ഥാന സർക്കാർ അധികാരം നല്കിയിരുന്നു. പലരും യൂസർ ഫീ നല്കാതിരിക്കുന്നതിന് തടയിടാൻ സർക്കാർ കണ്ടെത്തിയ ഒരു മാർഗമായിരുന്നു അത്. അതനുസരിച്ച്,​ ജനന സർട്ടിഫിക്കറ്രോ മരണ സർട്ടിഫിക്കറ്റോ ജാതി സർട്ടിഫിക്കറ്റോ പോലെയുള്ളവയ്ക്കായി തദ്ദേശ സ്ഥാപനങ്ങളിലെത്തുന്ന അപേക്ഷകർ യൂസർ ഫീ നല്കിയതിന്റെ രേഖകൾ കൂടി ഹാജരാക്കണം. ആ സർക്കാർ ഉത്തരവിന്റെ മറപിടിച്ചാണ്,​ തൊഴിലിനുള്ള പാവപ്പെട്ടവരുടെ നിയമപരമായ അവകാശത്തെ 'സേവനം" എന്ന ഗണത്തിൽപ്പെടുത്തി നിഷേധിക്കാനുള്ള ശ്രമം!

വകുപ്പുകളുടെ സംയോജനത്തിലൂടെ,​ അതത് തദ്ദേശസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ചട്ടങ്ങൾ പിടിയില്ലാത്തവർ കസേരയിലെത്തിയതാണത്രേ ഈ കൂട്ടക്കുഴപ്പത്തിനു പിന്നിൽ! അതിന്,​ പാവം തൊഴിലുറപ്പ് അംഗങ്ങൾ എന്തു പിഴച്ചു?​

തൊഴിലിനുള്ള അവകാശം പഞ്ചായത്ത് സെക്രട്ടറിമാരുടെ ഔദാര്യമെന്നു തെറ്റിദ്ധരിച്ചാണ്,​ അവർ പറയുന്ന ന്യായം കേട്ട് പല പഞ്ചായത്തുകളിലും തൊഴിൽ കാർഡുകാർ പണി നിഷേധിക്കപ്പെട്ട് മടങ്ങിപ്പോയിരുന്നത്. ഉദ്യോഗസ്ഥർക്ക് ചട്ടം അറിയില്ലായിരുന്നു എന്നതിന് തൊഴിലാളികൾ ഉത്തരവാദികളല്ല. അങ്ങനെ നിഷേധിക്കപ്പെട്ട തൊഴിൽദിനങ്ങൾക്ക് നഷ്ടപരിഹാരത്തിനു പോലും ഇവർക്ക് അവകാശമുണ്ട് താനും! സംസ്ഥാന സർക്കാർ ഈ വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് ഉദ്യോഗസ്ഥരെ ചട്ടം പഠിപ്പിക്കുകയോ,​ സേവനങ്ങൾ നിഷേധിക്കാൻ അവർക്ക് നേരത്തേ നല്കിയ അധികാരം തൊഴിലുറപ്പ് വിഷയത്തിൽ ബാധകമാകില്ലെന്ന് ബോദ്ധ്യപ്പെടുത്തുകയോ വേണം.

Advertisement
Advertisement