ഇംഗ്ളണ്ടിൽ നിന്ന് 100 ടൺ കരുതൽ സ്വർണം എത്തി

Saturday 01 June 2024 2:11 AM IST

ന്യൂഡൽഹി: ബാങ്ക് ഓഫ് ഇംഗ്ലണ്ടിൽ സൂക്ഷിച്ചിരുന്ന 100 ടണ്ണിലധികം കരുതൽ സ്വർണം ഇന്ത്യയിലെത്തിച്ച് റിസർവ് ബാങ്ക് ഒാഫ് ഇന്ത്യയുടെ

മുംബയിലെ മിന്റ് റോഡ് ഓഫീസിലും നാഗ്പൂരിലുമുള്ള നിലവറകളിലേക്ക് മാറ്റി. വിദേശത്തെ ശേഖരം കൂടുന്നതിനാൽ കൂടുതൽ സ്വർണം കൊണ്ടുവരുമെന്നും സൂചനയുണ്ട്.

വിദേശത്ത് സ്വർണം സൂക്ഷിക്കാൻ ചെലവ് കൂടുന്നതിനാലാണ് ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതെന്ന് റിസർവ് ബാങ്ക് വിശദീകരിക്കുന്നു. പ്രത്യേക വിമാനത്തിൽ കനത്ത സുരക്ഷയിലാണ് സ്വർണം എത്തിച്ചത്.

കഴിഞ്ഞ സാമ്പത്തിക വർഷം സ്വരൂപിച്ച 27.5 ടൺ അടക്കം വിദേശ വിനിമയ കരുതലായി 822.1 ടൺ സ്വർണമാണ് ആർ.ബി.ഐ ശേഖരത്തിലുള്ളത്. ഇതിൽ 413.8 ടൺ ലോകത്തെ വിവിധ സെൻട്രൽ ബാങ്കുകളിലാണ് സൂക്ഷിച്ചിരിക്കുന്നത്.

ഇന്ത്യയുടെ മൊത്തം സ്വർണത്തിന്റെ വിഹിതം 2023 ഡിസംബറിൽ 7.75 ശതമാനമായിരുന്നത് 2024 ഏപ്രിലിൽ 8.7 ശതമാനമായി ഉയർന്നു.

സ്വാതന്ത്ര്യത്തിന് മുൻപേ ബാങ്ക് ഒാഫ് ഇംഗ്ളണ്ടിൽ ഇന്ത്യയുടെ സ്വർണം സൂക്ഷിച്ചിരുന്നു. 15 വർഷം മുമ്പ്, അന്താരാഷ്ട്ര നാണയ നിധിയിൽ നിന്ന് 200 ടൺ സ്വർണം വാങ്ങിയിരുന്നു. പിന്നീട് ആർ.ബി.ഐ സ്വർണ ശേഖരം കൂട്ടി.
സ്വർണ ശേഖരം സമ്പദ്‌വ്യവസ്ഥയുടെ ശക്തിയും ആത്മവിശ്വാസവും തെളിയിക്കുന്നുവെന്നാണ് ആർ.ബി.ഐ വിശദീകരണം.
രാജ്യത്തേക്ക് സ്വർണം കൊണ്ടുവരുമ്പോൾ ആർ.ബി.ഐക്ക് കസ്റ്റംസ് തീരുവ ഇളവ് ലഭിച്ചെങ്കിലും ജി.എസ്.ടി ചുമത്തി.

1991ൽ വിദേശകടം നേരിടാൻ 46.91 ടൺ സ്വർണം ബാങ്ക് ഓഫ് ഇംഗ്ലണ്ടിൽ പണയം വച്ച് ബാങ്ക് ഓഫ് ജപ്പാനിൽ നിന്ന് 40 കോടി ഡോളർ സമാഹരിച്ചിരുന്നു.

Advertisement
Advertisement