ഭീമൻ സ്റ്റെഗൊസോറസ് ഫോസിൽ വില്പനയ്ക്ക്

Saturday 01 June 2024 8:23 AM IST

ന്യൂയോർക്ക്. കോടാനുകോടി വർഷങ്ങൾക്ക് മുമ്പ് ഭൂമുഖത്ത് ജീവിച്ചിരുന്ന ദിനോസർ വർഗമാണ് സ്റ്റെഗൊസോറസ് . സ്റ്റെഗൊസോറസുകളുടെ ലഭ്യമായ ഫോസിലുകളിൽ ഏറ്റവും വലുതായ ' ഏപെക്സി' നെ ലേലം ചെയ്യാൻ ഒരുങ്ങുന്നു. അടുത്ത മാസം 17നാണ് ലേലം. ഏകദേശം 60 ലക്ഷം ഡോളറോളം മൂല്യമാണ് ഏപെക്സിന് കണക്കുകൂട്ടുന്നത്. 2023ൽ യു.എസിലെ കൊളറാഡോയിലെ മോറിസൺ ഫോർമേഷന് സമീപത്ത് നിന്നാണ് ഏപെക്സിനെ ലഭിച്ചതെന്ന് ഫോസിൽ ലേലം ചെയ്യുന്ന സതബീസ് ഓക്‌ഷൻ ഹൗസ് പറയുന്നു.

11 അടി ഉയരവും 20 അടി നീളവുമുള്ള ഫോസിലിൽ ആകെ 247 അസ്ഥികളാണുള്ളത്. ഏകദേശം 146 ദശലക്ഷം - 161 ദശലക്ഷം വർഷങ്ങൾക്കിടെയിൽ ജീവിച്ചിരുന്നതാണെന്ന് കരുതുന്നു. 1997ൽ ഒരു ടൈറനോസോറസ് റെക്‌സ് ( ടി - റെക്‌സ് ) ദിനോസറിന്റെ തലയുടെ ഫോസിൽ സതബീസ് 83 ലക്ഷം ഡോളറിന് വിറ്റിരുന്നു. സ്റ്റെഗൊസോറസ് ഫോസിലുകളിൽ ഏറ്റവും പൂർണമായത് ഏപെക്സിന്റേതാണെന്ന് അധികൃതർ പറയുന്നു.

ലണ്ടനിലെ നാഷണൽ ഹിസ്റ്ററി മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുള്ള സോഫിയാണ് ഏപെക്സിന് മുന്നേ ഏറ്റവും വലിയ സ്റ്റെഗൊസോറസ് ഫോസിൽ എന്ന റെക്കാഡ് വഹിച്ചിരുന്നത്. സോഫിയേക്കാൾ 30 ശതമാനം വലുതാണ് ഏപെക്‌സ്. ലേലത്തിന് മുമ്പ് ന്യൂയോർക്കിൽ ഏപെക്സിന്റെ സൗജന്യ പ്രദർശനം നടത്തും.

ഏകദേശം 66 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ക്രിറ്റേഷ്യസ് യുഗത്തിന്റെ അവസാനം സംഭവിച്ച കൂറ്റൻ ഛിന്നഗ്രഹ പതനമാണ് ദിനോസറുകളെ ഭൂമുഖത്ത് നിന്ന് തുടച്ചുനീക്കിയത്.

Advertisement
Advertisement