വിവാദച്ചുഴിയിൽ ട്രംപ്

Saturday 01 June 2024 8:23 AM IST

വാഷിംഗ്ടൺ: 2020ന് സമാനമായി വീണ്ടും ജോ ബൈഡൻ - ഡൊണാൾഡ് ട്രംപ് ഏറ്റുമുട്ടലിന് യു.എസ് ഒരുങ്ങുകയാണ്. നവംബറിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ ജയം ആർക്കാകുമെന്ന ആകാംഷയിലാണ് ലോകം. സർവേ ഫലങ്ങളിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായ ബൈഡനേക്കാൾ മുൻതൂക്കം ട്രംപിനുണ്ടെങ്കിലും നിയമക്കുരുക്കുകൾ ട്രംപിന് മേൽ ഓരോ ദിവസവും പിടിമുറുക്കുകയാണ്.

കഴിഞ്ഞ ദിവസം ട്രംപ് കുറ്റക്കാരനെന്ന് വിധിക്കപ്പെട്ട സ്റ്റോമി ഡാനിയേൽസ് കേസിൽ നാല് വർഷം വീതം ശിക്ഷ ലഭിക്കാവുന്ന 34 കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. അ​വി​ഹി​ത​ ​ബ​ന്ധം​ ​വെ​ളി​പ്പെ​ടു​ത്താ​തി​രി​ക്കാ​ൻ​ ​പോ​ൺ​ ​താ​രമായിരുന്ന സ്റ്റോമി ഡാനിയേൽസിന് അഭിഭാഷകൻ വഴി 1,30,​000 ഡോളർ (ഒരു കോടിയിൽ പരം രൂപ) നൽകി കേസൊതുക്കുകയായിരുന്നു.

2016ൽ ട്രംപ് ജയിച്ച പ്രസിഡന്റ് തിരഞ്ഞെടുപ്പ് കാലത്താണിത്. രഹസ്യങ്ങൾ വെളിപ്പെടുത്തില്ലെന്ന കരാർ പ്രകാരം സ്റ്റോമിക്ക് പണം നൽകിയത് നിയമവിരുദ്ധമല്ല. എന്നാൽ, തുക ഇലക്‌ഷൻ നിയമങ്ങൾക്ക് വിരുദ്ധമായി ബിസിനസ് ചെലവായി കാണിച്ചുള്ള രേഖകൾ ട്രംപിന് കുരുക്കായി. സാമ്പത്തിക ക്രമക്കേടും ചട്ടലംഘനവും നടത്തിയെന്ന് ആരോപണം ഉയർന്നു.

 മത്സരിക്കാം

പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായി ട്രംപും ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായി പ്രസിഡന്റ് ജോ ബൈഡനും വീണ്ടും ഏറ്റുമുട്ടും. ട്രംപ് ശിക്ഷിക്കപ്പെട്ടാലും അദ്ദേഹത്തിന് തിരഞ്ഞെടുപ്പിൽ മത്സരിക്കാം. കാരണം,​ അമേരിക്കൻ ഭരണഘടന പ്രകാരം മൂന്ന് കാര്യങ്ങളാണ് സ്ഥാനാർത്ഥിയ്ക്ക് വേണ്ടത്;

1. യു.എസിൽ ജനിച്ച സ്വാഭാവിക പൗരൻ

2. കുറഞ്ഞത് 35 വയസ്

3. കുറഞ്ഞത് 14 വർഷമായി യു.എസിൽ താമസം

 ട്രംപിന്റെ നിയമ കുരുക്ക്

ക്രിമിനൽ കുറ്റത്തിന് അറസ്‌റ്റിലാകുന്ന ആദ്യ മുൻ പ്രസിഡന്റ്

 ക്യാപിറ്റൽ ആക്രമണം അടക്കം നാല് ക്രിമിനൽ കേസുകൾ

 ആകെ 91 ക്രിമിനൽ കുറ്റങ്ങൾ

 പ്രസിഡന്റായിരിക്കെ രണ്ട് തവണ പ്രതിനിധി സഭയിൽ ഇംപീച്ച്മെന്റിന് വിധേയനായെങ്കിലും സെനറ്റിൽ കുറ്റവിമുക്തനാക്കപ്പെട്ടു

 ഞാൻ നിരപരാധിയാണ്. യഥാർത്ഥ വിധി തിരഞ്ഞെടുപ്പ് ദിവസം വോട്ടർമാരിൽ നിന്ന് വരും.

- ഡൊണാൾഡ് ട്രംപ്

Advertisement
Advertisement