അവസാനഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു; ബംഗാളിൽ ഇവിഎം മെഷീൻ കുളത്തിലിട്ടു, ഒൻപത് മണിവരെ 11.3 ശതമാനം പോളിംഗ്

Saturday 01 June 2024 10:04 AM IST

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഏഴാമത്തെയും അവസാനത്തെയും ഘട്ട പോളിംഗ് പുരോഗമിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാരാണസി ഉൾപ്പടെ 57 ലോക്‌സഭാ സീറ്റിലും ഒഡീഷയിലെ 42 നിയമസഭാ സീറ്റിലുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.

പശ്ചിമ ബംഗാളിലെ ചിലയിടങ്ങളിൽ അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. ദക്ഷിണ 24 പർഗാനാസിലെ കുൽത്താലിയിലെ 40, 41 നമ്പർ ബൂത്തുകളിലെ പോളിംഗ് സ്റ്റേഷനിൽ വോട്ടർമാർ ഇവിഎം മെഷീനെടുത്ത് കുളത്തിലിട്ടു. പോളിംഗ് ഏജന്റുമാർ ബൂത്തിലെത്താതിരുന്നതോടെയാണ് രോഷാകുലരായ ജനങ്ങൾ ബൂത്തിൽ കയറി ഇവിഎം മെഷീനെടുത്തത്.

ഉത്തർപ്രദേശ്, പഞ്ചാബ് (13 വീതം), ബംഗാൾ (9), ബീഹാർ (8), ഒഡീഷ (6), ഹിമാചൽ പ്രദേശ് (4), ജാർഖണ്ഡ് (3), ചണ്ഡീഗഡ് (1), നിയമസഭ, ഒഡീഷയിലെ 42 സീറ്റ് എന്നിവടങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ഏഴ് മണിക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്. ഒമ്പത് മണിവരെ 11.3 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തി.

മോദി, കങ്കണാ റണാവത്ത്, അനുരാഗ് സിംഗ് താക്കൂർ അടക്കം 904 സ്ഥാനാർത്ഥികളാണ് ഇന്ന് ജനവിധി തേടുന്നത്. പത്ത് കോടി വോട്ടർമാരാണ് പോളിംഗ് ബൂത്തിലെത്തുന്നത്. എന്നാൽ ഉത്തരേന്ത്യയിലെ ഉഷ്‌‌ണ തരംഗം പോളിംഗ് ശതമാനത്തെ ബാധിച്ചേക്കും. കഴിഞ്ഞ ആറു ഘട്ടങ്ങളിലും ഇവിടെ പോളിംഗ് കുറവായിരുന്നു. ജൂൺ നാലിനാണ് വോട്ടെണ്ണൽ.

ഏപ്രിൽ 19നായിരുന്നു ആദ്യ ഘട്ട പോളിംഗ് നടന്നത്. ഏപ്രിൽ 26ന് രണ്ടാം ഘട്ടവും മേയ് ഏഴിന് മൂന്നും മേയ് 13ന് നാലും മേയ് 20ന് അഞ്ചും മേയ് 25ന് ആറും ഘട്ട പോളിംഗ് നടന്നു.

പോളിംഗ് ഇതുവരെ

 ഏപ്രിൽ 19 -102 സീറ്റ് -- 66.14%


 ഏപ്രിൽ 26 : 89 സീറ്റ് - 66.71%

 മേയ് 7 : 94 സീറ്റ് -- 65.68 %

 മേയ് 13, 96 സീറ്റ് - 69.16 %

 മേയ് 20, 49 സീറ്റ്, 62.20 %

 മേയ് 25, 58 സീറ്റ് :63.37%

ജൂൺ നാലിന് പുതിയ ഉദയം
ഇന്ത്യ സഖ്യം അധികാരത്തിൽ വരുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രതികരിച്ചു. ഭരണഘടനയെ സംരക്ഷിക്കാൻ എല്ലാവരും വോട്ടുചെയ്യുന്നത് അഭിമാനകരമാണെന്നും ജൂൺ നാലിന് പുതിയ ഉദയമാണെന്നും അദ്ദേഹം പറഞ്ഞു.

Advertisement
Advertisement