കേരളത്തിലെ ഒരു ജില്ലക്കാരെ മാത്രം ലക്ഷ്യമിട്ട് സൈബർ തട്ടിപ്പ്; വാട്‌സാപ്പ് തുറന്നയാൾക്ക് നഷ്‌ടപ്പെട്ടത് ലക്ഷങ്ങൾ

Saturday 01 June 2024 11:11 AM IST

കണ്ണൂർ: കബളിപ്പിക്കപ്പെട്ടവർ ആത്മഹത്യയിൽ അഭയം തേടിയിട്ടും പൊലീസ് നിരന്തരം മുന്നറിയിപ്പ് നൽകിയിട്ടും കണ്ണൂർ ജില്ലയിൽ ഓൺലൈൻ കെണിയിൽ പെടുന്നവരുടെ എണ്ണം കുറയുന്നില്ല. ഈ വർഷം മാത്രം 5.08 കോടി രൂപ കണ്ണൂർ ജില്ലയിൽ നിന്ന് മാത്രം ഓൺലൈൻ തട്ടിപ്പിൽ നഷ്ടമായതെന്നാണ് പൊലീസ് നൽകുന്ന കണക്ക്.

വ്യാജ ഓൺലൈൻ ഓഹരിക്കച്ചവടത്തിൽപ്പെട്ടാണ് പലർക്കും പണം നഷ്ടമായത്. സൈബർ പൊലീസ് ഇതുവരെയായി പതിനേഴ് കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.പരാതി നൽകിയവരിൽ പത്ത് പുരുഷന്മാരും ഏഴ് വനിതകളുമാണ്. കൂട്ടത്തിൽ പ്രായം ചെന്നവർ തട്ടിപ്പിന് ഇരയാകുന്ന കേസുകളും വർദ്ധിച്ചുവരുന്നുണ്ട്.

ഇതിൽ ഓൺലൈൻ വ്യാജ ഓഹരി വ്യാപാരത്തട്ടിപ്പിൽ 6 പേർക്ക് മാത്രം നഷ്ടപ്പെട്ടത് 3.68 കോടി രൂപയാണ്.

വലയിലാക്കുന്നത് സോഷ്യൽ മീഡിയ വഴി

ടെലിഗ്രാം ആപ്, വാട്സ് ആപ് എന്നിവ വഴിയാണ് ഇരകളെ വലയിലാക്കുന്നത്. വലിയ വരുമാനം വാഗ്ദാനം ചെയ്താണ് തട്ടിപ്പിന്റെ തുടക്കം. തട്ടിപ്പുകാർ നൽകുന്ന ആപ്പ് ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കാനും ആവശ്യപ്പെടും. ഓ ൺലൈൻ തട്ടിപ്പുകളെ കുറിച്ച് പൊലീസ് നിരന്തരം ബോധവൽക്കരണം നടത്തിയിട്ടും പിന്നെയും ചതിക്കുഴികളിൽ ചെന്ന് ചാടുകയാണ് പലരും.കൂട്ടത്തിൽ ഉയർന്ന വിദ്യാഭ്യാസയോഗ്യതയുള്ളവരുമുണ്ട്.

തട്ടിപ്പുകൾ പലവിധം

വ്യാജ ഓൺലൈൻ ലോൺ ആപ്പ്

പാർട്‌ടൈം ജോലി

പ്രമുഖ കമ്പനികളുടെ ഡീലർഷിപ്പ്

നിക്ഷേപത്തിനു ചുരുങ്ങിയ കാലത്തേക്കു വൻ പലിശ

ഓൺലൈൻ പ്രണയക്കെണി

നെട്ടൂർ സ്വദേശികളായ ദമ്പതികൾക്ക് നഷ്ടം 1.57കോടി

ഏറ്റവും കൂടുതൽ തുക നഷ്ടപ്പെട്ടത് തലശ്ശേരി നെട്ടൂർ സ്വദേശികളായ ദമ്പതികൾക്കാണ് 1.57 കോടി. പ്രവാസിയുടെ ഭാര്യയായ അറുപത്തിനാലുകാരിയുടെ പരാതിയിലാണു കേസെടുത്തിരിക്കുന്നത്. ഭാര്യയുടെ അക്കൗണ്ടിലെ പണം ഭർത്താവാണ് കൈകാര്യം ചെയ്തത്.ഭർത്താവിനെ, വാട്സാപ് ഗ്രൂപ്പിൽ ചേർത്ത് ഓഹരി വ്യാപാരത്തിന്റെ പേരിൽ പറ്റിക്കുകയായിരുന്നു.കഴിഞ്ഞ മാർച്ച് 13നും ഈമാസം ഏഴിനുമിടയിൽ പ്രതികളുടെ മുപ്പതോളം അക്കൗണ്ടുകളിലേക്കാണു പണം നിക്ഷേപിച്ചത്. ലാഭമടക്കം 2.75 കോടി രൂപയായെന്നു പ്രതികൾ സന്ദേശം അയച്ചിരുന്നു.

തുടർന്നു പണം പിൻവലിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. സ്വർണത്തിന്റെ ഓൺലൈൻ വ്യാപാരമെന്ന പേരിൽ ചിറയ്ക്കൽ സ്വദേശിക്കു 2 തവണയായി 58 ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടതാണ് സമാനസംഭവം. മുണ്ടയാട് സ്വദേശിക്ക് 26.65 ലക്ഷം രൂപയും ന്യൂമാഹി സ്വദേശിക്ക് 32.50 ലക്ഷം രൂപയും മേലെചൊവ്വ സ്വദേശിക്ക് 89.54 ലക്ഷം രൂപയും മാങ്ങാട്ടിടം സ്വദേശിനിക്ക് 32.30 ലക്ഷം രൂപയും പള്ളിക്കുളം സ്വദേശിക്ക് 29..25 ലക്ഷം രൂപയും ഇതെ രീതിയിൽ നഷ്ടപ്പെട്ടു.

വാട്സ് ആപ്പ്,ടെലിഗ്രാം തുടങ്ങിവയിൽ ലഭിക്കുന്ന വ്യാജലിങ്കുകളിൽ കയറി വഞ്ചിതരാകരുത് സൈബർ പൊലീസ്

Advertisement
Advertisement