തിരുവനന്തപുരത്ത് മകളെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം അമ്മ ആത്മഹത്യ ചെയ്തു

Saturday 01 June 2024 11:11 AM IST

തിരുവനന്തപുരം: മകളെ കൊലപ്പെടുത്താൻ ശ്രമിച്ചതിനുശേഷം അമ്മ ആത്മഹത്യ ചെയ്തു. തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ഇന്ന് രാവിലെയാണ് സംഭവം. അറക്കുന്ന് സ്വദേശി ലീലയാണ് (77) മരിച്ചത്. മകൾ ബിന്ദുവിനെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചതിനുശേഷം ലീല ജീവനൊടുക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബിന്ദുവിനെ നെയ്യാറ്റിൻകര ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയാണ് ലീല ആത്മഹത്യ ചെയ്തത്. കുടുംബം സാമ്പത്തിക പ്രശ്‌നങ്ങൾ നേരിട്ടിരുന്നതായി പൊലീസ് പറയുന്നു. ലീലയുടെ ഭർത്താവും ബിന്ദുവിന്റെ ഭർത്താവും നേരത്തെ മരണപ്പെട്ടിരുന്നു. ലീലയുടെ ഒരു മകൻ മാസങ്ങൾക്കുമുൻപ് അപകടത്തിൽ മരണപ്പെട്ടിരുന്നു. മറ്റൊരു മകൻ ബന്ധുക്കളുടെ ഒപ്പമാണ് താമസിക്കുന്നത്.

പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചുവരികയാണ്. ഫോറൻസിക് വിദഗ്ദ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾക്കുശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോകും. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

അമ്മ അകത്തുള്ളപ്പോൾ വീടിന് തീവച്ച് യുവാവ്

അമ്മ അകത്തുള്ളപ്പോൾ മാനസിക വെല്ലുവിളി നേരിടുന്ന യുവാവ് മദ്യലഹരിയിൽ വീട് അകത്തുനിന്ന് പൂട്ടി തീയിട്ടു. തിരുവനന്തപുരത്താണ് സംഭവം. ഇരുവരും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. തീപിടിത്തത്തിൽ വീടിന്റെ ജനാലകളും ടൈൽസും പൊട്ടിച്ചിതറി. വീട്ടുസാധനങ്ങളിലേറെയും കത്തി നശിച്ചു. ഇയാളും മാതാവ് ഓമനയും (67)​ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

മാണിക്കൽ പ്ലാക്കീഴ് കല്ലിങ്കൽ വീട്ടിൽ ബിനുവാണ് (42) വീടിന് തീയിട്ടത്. മാനസിക വെല്ലുവിളി നേരിടുന്ന ഇയാൾ മദ്യലഹരിയിൽ കൂടുതൽ അക്രമാസക്തനാവുകയായിരുന്നു. ഇന്നലെ രാവിലെ 10നായിരുന്നു സംഭവം.

രാവിലെ പുറത്തുപോയ ഇയാൾ മദ്യം വാങ്ങി തിരികെയെത്തി. തുടർന്ന് മദ്യപിച്ചതോടെ അക്രമാസക്തനായി വീടിന് തീയിടുകയായിരുന്നു. തീയും പുകയും ഉയരുന്നതു കണ്ട് പരിസരവാസികൾ എത്തിയാണ് വാതിൽ തള്ളിത്തുറന്ന് ഇരുവരേയും രക്ഷപ്പെടുത്തിയത്. വെള്ളം ഒഴിച്ച് തീകെടുത്തി.

സ്ഥിരം മദ്യപാനിയായ ഇയാൾ ഓമനയെ ഉപദ്രവിക്കുകയും അയൽവീട്ടുകളിലെ ബൾബുകളും ജനാലകളും അടിച്ചുതകർക്കുകയും ചെയ്യുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു. ഇയാൾക്കെതിരെ പ്രദേശവാസികൾ മുമ്പ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

സംഭവമറിഞ്ഞ് ബിനുവിനെ അറസ്റ്റുചെയ്യാൻ പൊലീസ് എത്തിയെങ്കിലും മകൻ മാനസിക രോഗിയാണെന്നും ചികിത്സയിലാണെന്നും ഓമന പറഞ്ഞു. തുടർന്ന് പൊലീസ് നാട്ടുകാരുടെ സഹായത്തോടെ ബിനുവിനെ പിടികൂടി പേരൂർക്കട മാനസിക രോഗാശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Advertisement
Advertisement