''ഇവനൊക്കെ വേണ്ടി വെയിറ്റ് ചെയ്യാൻ കഴിയോ? വേറെ ആളെ വച്ച് ഷൂട്ട് ചെയ്യ് ആശാനേ''

Saturday 01 June 2024 12:13 PM IST

മലയാള സിനിമയിൽ ഒരുകാലത്ത് മികച്ച സിനിമകൾ സമ്മാനിച്ച സംവിധായകനാണ് വിജി തമ്പി. സൂര്യമാനസം, സിംഹവാലൻ മേനോൻ, സത്യമേവ ജയതേ തുടങ്ങിയ ചിത്രങ്ങൾ ഉദാഹരണം. നടൻ സുകുമാരനുമായുള്ള ഒരു സിനിമാ പിന്നണി വിശേഷം പങ്കുവയ‌്ക്കുകയാണ് വിജി തമ്പി. മോഹൻലാലിനെ നായകനാക്കി സുകുമാരൻ ചെയ്യാനിരുന്ന സിനിമയെ കുറിച്ചായിരുന്നു അദ്ദേഹം പറഞ്ഞത്.

''സുകുവേട്ടന് ഒരു പടം ‌‌ഡയറക്‌ട് ചെയ്യാൻ വലിയ ആഗ്രഹമായിരുന്നു. പലപ്പോഴും പല കഥകളും അദ്ദേഹം എന്നോട് പറഞ്ഞിട്ടുണ്ട്. തമ്പി എനിക്കൊരു ഡയറക്‌ടറാകണം. അദ്ദേഹം ഒന്ന് രണ്ട് സിനിമകൾ പ്രൊഡ്യൂസ് ചെയ്യുകയും ചെയ‌്തു. ഒരിക്കൽ കമലിന്റെ ഒരു സിനിമയുടെ ഡബ്ബിംഗ് മദ്രാസിൽ നടന്നുകൊണ്ടിരിക്കുമ്പോൾ മോഹൻലാൽ ഡബ്ബ് ചെയ‌്തുകൊണ്ടിരിക്കുയാണ്. ലാലിന്റെ ഡേറ്റ് വാങ്ങാനാണ് സുകുവേട്ടൻ അവിടെ വന്നത്. അന്നൊക്കെ സുകുവേട്ടൻ വളരെ ഡൗണായി നിൽക്കുന്ന സമയമാണ്. എന്നെയൊന്ന് സഹായിക്കണമെന്ന് മോഹൻലാലിനോട് പറഞ്ഞ് സുകുവേട്ടൻ ഡേറ്റൊക്കെ വാങ്ങിയിട്ട് പോയി. അന്ന് ലഞ്ച് ബ്രേക്ക് സമയത്ത് മോഹൻലാൽ ഒരു തമാശ പറഞ്ഞു. സുകുവേട്ടനും ലാലുമായുള്ള ഒരു സംഭവം.

ബാലു കിരിയത്ത് സംവിധാനം ചെയ‌്ത തകിൽകൊട്ടാമ്പുറം എന്ന സിനിമ. ആ സിനിമയിൽ പ്രേം നസീറും സുകുവേട്ടനുമാണ് നായകന്മാർ. സുകുവേട്ടൻ അന്ന് കത്തി നിൽക്കുന്ന സമയമാണ്. അതിലെ വില്ലനാണ് മോഹൻലാൽ. ലാൽ അന്ന് ഉദയയുടെ ഏതോ സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. അന്നൊക്കെ ഫൈറ്റ് എന്ന് പറഞ്ഞാൽ ഒരു ദിവസത്തെ ഷൂട്ടിംഗാണ്.

സുകുവേട്ടന്റെ ഡേറ്റ് കിട്ടിയിട്ടുണ്ട്. പക്ഷേ മോഹൻലാൽ കൂടി എത്തണം. ലാൽ അന്ന് സിനിമയിൽ ഒന്നും ആയിട്ടില്ല. ലാലിന് വരാനും കഴിഞ്ഞില്ല. സുകുവേട്ടനോട് കാര്യം പറഞ്ഞപ്പോൾ, നടക്കില്ല ആശാനേ... നിങ്ങൾക്ക് പറ്റുമെങ്കിൽ എടുത്തോണം, അല്ലെങ്കിൽ വേറെ ആളെ വച്ച് ഷൂട്ട് ചെയ്യ്. അവസാനം ത്യാഗരാജൻ മാസ്‌റ്റർ മോഹൻലാലിന്റെ ഡ്യൂപ്പിനെ വച്ച് മുഴുവൻ ഷൂട്ട് ചെയ‌്തു. പിന്നീട് ലാൽ വന്നാണ് ചില ഭാഗങ്ങൾ എടുത്തത്.

ഇത് ലാൽ ചിരിച്ചുകൊണ്ട് എന്നോട് പറഞ്ഞു. ഇവനൊക്കെ വേണ്ടി വെയിറ്റ് ചെയ്യാൻ കഴിയോ എന്നാണ് അന്ന് സുകുവേട്ടൻ ചോദിച്ചതത്രേ. ഇന്നിപ്പോൾ അദ്ദേഹത്തിന് കുറേനേരം വന്ന് ഇരിക്കേണ്ടി വന്നു. അതാണ് സിനിമ''.

Advertisement
Advertisement